തിരുവനന്തപുരം | സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് നേരെയുണ്ടായ ആക്രമണം സംഘപരിവാര്‍ നട്ടുവളര്‍ത്തിയ വിദ്വേഷത്തിന്റെ വിഷമാണെന്നും അക്രമശ്രമത്തെ ശക്തമായി അപലപിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍.ചീഫ് ജസ്റ്റീസിനു നേരെ അഭിഭാഷകന്‍ ഷൂ എറിഞ്ഞ നടപടി നിലതെറ്റിയ വ്യക്തിയുടെ വികാരപ്രകടനമായി കാണാന്‍ കഴിയില്ല. സംഘപരിവാറിന്റെ വിഷലിപ്തമായ വര്‍ഗ്ഗീയ പ്രചാരണമാണ് ഈ മാനസിക നിലയിലേക്ക് വ്യക്തികളെ കൊണ്ടെത്തിക്കുന്നത്. ഒറ്റപ്പെട്ട അക്രമ സംഭവമോ സമനില തെറ്റിയ വ്യക്തിയുടെ വിക്രിയയോ ആയി ഇതിനെ നിസ്സാരവല്‍ക്കരിക്കാനാവില്ലന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംഘപരിവാര്‍ മുന്നോട്ടുവെക്കുന്ന അക്രമോത്സുകമായ രാഷ്ട്രീയത്തെ തന്നെയാണ് പരിശോധിക്കേണ്ടതും തുറന്നുകാട്ടേണ്ടതുമെന്നും മുഖ്യമന്ത്രി പറഞ്ഞു.വെറുപ്പും അപര വിദ്വേഷവും ജനിപ്പിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ ഉല്‍പ്പന്നങ്ങളാണ് പരമോന്നത കോടതിക്കകത്ത് പോലും ഉണ്ടാകുന്ന ഇത്തരം കടന്നാക്രമണങ്ങള്‍. ആര്‍ എസ് എസും അതിന്റെ പരിവാരവും നൂറു വര്‍ഷംകൊണ്ടു സൃഷ്ടിച്ചുവെച്ച അസഹിഷ്ണുതയാണ് ഇതിന്റെ ഇന്ധനം. മഹാത്മാഗാന്ധിക്കു നേരെ നിറയൊഴിക്കാന്‍ മടിച്ചിട്ടില്ലാത്ത വര്‍ഗീയ ഭ്രാന്തിന് ഒട്ടും കുറവു വന്നിട്ടില്ല എന്ന് ഓര്‍മ്മിപ്പിക്കുന്ന സംഭവമാണ് സുപ്രീം കോടതിയില്‍ ഇന്നുണ്ടായതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.ഇന്ന് സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിക്ക് നേരെയാണ് അതിക്രമ ശ്രമം നടന്നത്. കേസുകള്‍ മെന്‍ഷന്‍ ചെയ്യുന്ന സമയത്താണ് ചീഫ് ജസ്റ്റിസിന് നേരെ അഭിഭാഷകന്‍ ഷൂ എറിയാന്‍ ശ്രമിച്ചത്, അപ്പോഴെക്കും സുരക്ഷാ ജീവനക്കാരന്‍ തടയുകയായിരുന്നു. സനാതന ധര്‍മത്തെ അപമാനിക്കുന്നത് ഇന്ത്യ സഹിക്കില്ലെന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ടാണ് ഈ അഭിഭാഷകന്‍ ചീഫ് ജസ്റ്റിസിന് നേരെ ഷൂ ഏറിയാന്‍ ശ്രമിച്ചത്. എന്നാല്‍ ഇതൊന്നും തന്നെ ബാധിക്കില്ലെന്ന് ബി ആര്‍ ഗവായ് പറഞ്ഞു.സുപ്രീം കോടതിയിലെ ഒന്നാം നമ്പര്‍ മുറിയില്‍ കേസ് മെന്‍ഷന്‍ ചെയ്യുന്നതിനിടെയാണ് ഷൂ എറിയാന്‍ ശ്രമിച്ചത്. അവധിക്കാലത്തിന് ശേഷം കോടതി നടപടികള്‍ ഇന്നാണ് പുനരാരംഭിച്ചത്. അതിക്രമശ്രമം നടത്തിയ അഭിഭാഷകനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പോലീസിന് കൈമാറി.