പശ്ചിമേഷ്യയിൽ ഇറാനും ഇസ്രായേലും തമ്മിൽ നിലനിൽക്കുന്ന രൂക്ഷമായ സംഘർഷാവസ്ഥയെത്തുടർന്ന് ഗൾഫ് രാജ്യങ്ങളിലെ പത്താം ക്ലാസ് സി.ബി.എസ്.ഇ പരീക്ഷകൾ റദ്ദാക്കി. മാർച്ച് 07 മുതൽ 11 വരെ നടക്കാനിരുന്ന പരീക്ഷകളാണ് ബോർഡ് റദ്ദാക്കിയത്. യു.എ.ഇ, ബഹ്‌റൈൻ, ഇറാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ എന്നീ ഏഴ് രാജ്യങ്ങളിലെ സ്‌കൂളുകൾക്ക് ഈ തീരുമാനം ബാധകമാണെന്ന് സി.ബി.എസ്.ഇ പരീക്ഷാ കൺട്രോളർ സന്യം ഭരദ്വാജ് പുറത്തിറക്കിയ പ്രത്യേക സർക്കുലറിൽ അറിയിച്ചു.സംഘർഷം കാരണം നേരത്തെ മാർച്ച് 2, 5, 6 തീയതികളിൽ മാറ്റിവച്ചിരുന്ന പത്താം ക്ലാസ് പരീക്ഷകളും ഇപ്പോൾ പൂർണ്ണമായും റദ്ദാക്കിയവയിൽ ഉൾപ്പെടും. ഇതോടെ പത്താം ക്ലാസ് പരീക്ഷാർത്ഥികൾക്ക് ഇനി പരീക്ഷയുണ്ടാകില്ല. ഇവരുടെ ഫലപ്രഖ്യാപനം ഏത് രീതിയിലായിരിക്കുമെന്നത് സംബന്ധിച്ച വിശദാംശങ്ങൾ ബോർഡ് പിന്നീട് പ്രത്യേകം അറിയിക്കും. കോവിഡ് കാലത്ത് നടപ്പിലാക്കിയത് പോലുള്ള പ്രത്യേക മൂല്യനിർണ്ണയ രീതി ഇതിനായി പരിഗണിച്ചേക്കുമെന്നാണ് സൂചന.ALSO READ : ഇറാൻ-അമേരിക്ക സംഘർഷം ശക്തമാകുന്നു; നാവിക യുദ്ധത്തിലും കരയുദ്ധത്തിലും ഇറാന് കനത്ത തിരിച്ചടിഅതേസമയം, പന്ത്രണ്ടാം ക്ലാസ് (ഹയർ സെക്കൻഡറി) പരീക്ഷകൾ നിലവിൽ റദ്ദാക്കിയിട്ടില്ലെങ്കിലും മാർച്ച് 07-ന് നടക്കാനിരുന്ന പരീക്ഷ മാറ്റിവെച്ചു. പന്ത്രണ്ടാം ക്ലാസിലെ ശേഷിക്കുന്ന പരീക്ഷകളുടെ കാര്യത്തിൽ മാർച്ച് 07-ന് വീണ്ടും സാഹചര്യം വിലയിരുത്തിയ ശേഷം ബോർഡ് അന്തിമ തീരുമാനമെടുക്കും. മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് പ്രഖ്യാപിക്കും. മേഖലയിലെ അസ്ഥിരമായ സാഹചര്യം പരിഗണിച്ച് വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്നും ഔദ്യോഗിക അറിയിപ്പുകൾക്കായി സ്‌കൂളുകളുമായി നിരന്തരം ബന്ധപ്പെടണമെന്നും ബോർഡ് നിർദ്ദേശിച്ചു.The post പശ്ചിമേഷ്യൻ സംഘർഷം: ഗൾഫ് രാജ്യങ്ങളിൽ പത്താം ക്ലാസ് സി.ബി.എസ്.ഇ പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു appeared first on Kairali News | Kairali News Live.