പി.എം. ഉഷ പദ്ധതിയുടെ നിർമ്മാണോദ്ഘാടനവും നിർമ്മാണം പൂർത്തീകരിച്ച കിഫ്ബി പദ്ധതികളായ ആർ & ഡി കെട്ടിട സമുച്ചയം, ആംഫി തീയറ്റർ, ഓപ്പൺ ക്ലാസ് റൂം ഉൾപെടെയുള്ള പദ്ധതികളുടെ ഉദ്‌ഘാടനവും മന്ത്രി നിർവഹിച്ചുകേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ അന്താരാഷ്ട്ര ഹബ്ബാക്കി മാറ്റുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നിറവേറ്റാൻ രാഷ്ട്രീയത്തിനതീതമായി എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും നാടിനാവശ്യമായ സാങ്കേതിക വിദ്യകളും ഉൽപന്നങ്ങളും വികസിപ്പിക്കാൻ യുവ ഗവേഷകർ മുന്നിട്ടിറങ്ങണമെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. പി.എം. ഉഷ പദ്ധതിയുടെ ഭാഗമായ അക്കാഡമിക് കോംപ്ലക്സ‌്, ഗേൾസ് ബോയ്‌സ് ഹോസ്റ്റലുകൾ, റസിഡൻഷ്യൽ അപ്പാർട്ട്മെൻറ്സ്, ട്രാൻസ്ലേഷണൽ റിസർച്ച് ലബോറട്ടറി, അക്കാഡമിക് ഇൻക്യൂബേഷൻ സെന്റർ തുടങ്ങിയവയുടെ നിർമ്മാണോദ്ഘാടനവും സംസ്ഥാന സർക്കാർ കിഫ്‌ബി പദ്ധതിയുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച റിസർച്ച് & ഡെവലപ്മെന്റ് കെട്ടിട സമുച്ചയം, ആംഫി തിയേറ്റർ, ഓപ്പൺക്ലാസ്‌റൂം തുടങ്ങി പണി പൂർത്തീകരിച്ച പദ്ധതികളുടെ പ്രവർത്തനോദ്ഘാടനവും, കേരളീയ നവോത്ഥാനശില്‌പികളിൽ പ്രധാനിയായ അയ്യാ വൈകുണ്ഠസ്വാമിയുടെ പേരിൽ സർവ്വകലാശാലയിൽ ആരംഭിച്ച പഠനഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനവും, സർവകലാശാല തനത് ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ കാര്യവട്ടം ക്യാമ്പസിന്റെ പ്രവേശന കവാടം ‘ഡോ. സർവേപള്ളി രാധാകൃഷ്‌ണൻ ഗേറ്റ്’ പ്രഖ്യാപനവും യൂണിവേഴ്‌സിറ്റി ഓഫ് കേരള കാര്യവട്ടം ക്യാമ്പസിലെ ഇ.എം.എസ്. ഹാളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.നവകേരള സൃഷ്ടിയുടെ ഭാഗമായി കേരളത്തെ ഒരു നവവൈജ്ഞാനിക സമൂഹമാക്കി രൂപപ്പെടുത്തുക എന്ന സുപ്രധാനമായ ലക്ഷ്യത്തിലേക്ക് സർക്കാരും സമൂഹവും കൈകോർത്തു പിടിച്ച് നീങ്ങുകയാണ്. ഈ പ്രയാണത്തിന്റെ മുന്നിൽ നിന്ന് നയിക്കുന്നത് കേരള സർവ്വകലാശാലയാണ്. വളരെ മാതൃകാപരമായ ടീം വർക്കാണ് കേരള സർവ്വകലാശാല കാഴ്ചവെക്കുന്നത്. നാക് (NAAC) അക്രഡിറ്റേഷനിൽ എ ഡബിൾ പ്ലസും എൻ.ഐ.ആർ.എഫ് റാങ്കിംഗിൽ രാജ്യത്തെ പൊതുസർവ്വകലാശാലകളുടെ പട്ടികയിൽ ആദ്യ അഞ്ചാം സ്ഥാനത്ത് ഇടം പിടിക്കാൻ കഴിഞ്ഞതും ഇതിന്റെ അടയാളമാണ്. അന്തർദേശീയ ഗുണനിലവാര പരിശോധനയായ ക്യു.എസ്. റാങ്കിംഗിൽ ഉൾപ്പെടെ അന്തസ്സോടെ ഇടംപിടിക്കാൻ കഴിഞ്ഞ നേട്ടങ്ങൾ ആർജ്ജിച്ചത് സർവ്വകലാശാലയിലെ ഓരോ വ്യക്തിയും നൽകിയ അമൂല്യമായ സംഭാവനകളെ മുൻനിർത്തിയാണ്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ മികച്ചൊരു ടീം വർക്ക് കാഴ്ചവെക്കാൻ കഴിഞ്ഞിട്ടുണ്ട്. ഈ നേട്ടങ്ങളുടെയും മാറ്റങ്ങളുടെയും മുന്നേറ്റങ്ങളുടെയും നൈരന്തര്യ സ്വഭാവം ഉറപ്പുവരുത്താൻ ഓരോരുത്തർക്കും ചുമതലയുണ്ടെന്നു മന്ത്രി പറഞ്ഞു.സംസ്ഥാന സർക്കാരിന്റെ പ്രയോറിറ്റി സെക്ടറാണ് ഉന്നത വിദ്യാഭ്യാസ മേഖല. ഒരു നവവൈജ്ഞാനിക സമൂഹ സൃഷ്ടിക്ക് മുന്നിൽ നിന്ന് നയിക്കേണ്ട മേഖല എന്ന നിലയിൽ ഗണ്യമായ പരിഗണന ഈ മേഖലയ്ക്ക് നൽകിക്കൊണ്ട്, അതിന് ആനുപാതികമായ ബജറ്ററി അലോക്കേഷൻസ് ഉറപ്പാക്കിയാണ് കഴിഞ്ഞ അഞ്ചു വർഷക്കാലവും സർക്കാർ പ്രവർത്തിച്ചത്. ആദ്യത്തെ നാലു വർഷം കൊണ്ട് തന്നെ 6000 കോടി രൂപയാണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിന്യസിച്ചത്. അതിൽ 2000 കോടി രൂപയിലേറെയും അടിസ്ഥാന സൗകര്യ വിപുലീകരണ രംഗത്താണ് വിന്യസിച്ചത്. കിഫ്ബി, റൂസ പദ്ധതികളിലൂടെയും പ്ലാൻ ഫണ്ട് വിഹിതത്തിലൂടെയും സ്മാർട്ട് ക്ലാസ്റൂമുകളോടു കൂടിയ അക്കാഡമിക് ബ്ലോക്കുകൾ, വിശാലമായ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കുകൾ, സ്റ്റേറ്റ് ഓഫ് ദ ആർട്ട് സൗകര്യങ്ങളുള്ള ലാബ് കോംപ്ലക്സുകൾ, ആധുനിക സൗകര്യങ്ങളോട് കൂടിയ ലൈബ്രറികൾ, വലിയ ഓഡിറ്റോറിയങ്ങൾ എന്നിവയെല്ലാം എല്ലാ സർവ്വകലാശാലകളിലും കലാലയങ്ങളിലും ഈ കാലയളവിൽ ഉയർന്നു വന്നു എന്നത് ഏറെ അഭിമാനകരമായ കാര്യമാണ്. കിഫ്ബിയിലൂടെ കേരള സർവ്വകലാശാലയ്ക്ക് 145 കോടിയും എം.ജി. സർവ്വകലാശാലയ്ക്ക് 172 കോടിയും കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് 139 കോടിയും അനുവദിച്ചു. കുസാറ്റിന് അത്യാധുനിക ലാബ് ഉപകരണങ്ങൾ വാങ്ങുന്നതിനുൾപ്പെടെ 268 കോടിയും കണ്ണൂർ സർവ്വകലാശാലയ്ക്ക് 94 കോടിയും നൽകി. കോളേജുകൾക്ക് മാത്രമായി 680 കോടി രൂപയാണ് കിഫ്ബിയിലൂടെ അനുവദിച്ചത്.അടിസ്ഥാന സൗകര്യ വിപുലീകരണത്തിനൊപ്പം അക്കാദമിക ഉള്ളടക്കത്തിലും കാലാനുസാരിയായ മാറ്റങ്ങൾ ഉണ്ടാകണം. തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള സ്കിൽ ഗ്യാപ്പ് നികത്താൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്കിൽ എൻഹാൻസ്‌മെന്റ് പ്ലാറ്റ്‌ഫോമുകൾ കൊണ്ടുവന്നു. ഇന്ന് എല്ലാ സ്ഥാപനങ്ങളിലും സെന്റർ ഫോർ സ്കിൽ ഡെവലപ്‌മെന്റ് ആൻഡ് കരിയർ പ്ലാനിംഗ് സെല്ലുകൾ പ്രവർത്തിക്കുന്നുണ്ട്. ഗവേഷണാത്മകമായ അഭിരുചിയെ പ്രാരംഭഘട്ടത്തിൽ തന്നെ പ്രോത്സാഹിപ്പിക്കുന്നതിനാണ് സർക്കാർ പ്രാധാന്യം നൽകുന്നത്. എക്സ്പീരിയൻഷ്യൽ ലേണിംഗിന് പ്രാധാന്യം നൽകുന്ന പുതിയ കരിക്കുലം ഫ്രെയിം വർക്കിന്റെ അടിസ്ഥാനത്തിൽ ഫോർ ഇയർ യു.ജി പ്രോഗ്രാം വിജയകരമായി ലോഞ്ച് ചെയ്യാൻ സാധിച്ചു.ഏതൊരു ട്രാൻസിഷണൽ സ്റ്റേജിലും വെല്ലുവിളികൾ ഉണ്ടാകാമെങ്കിലും, വളരെ മനോഹരമായി ഒരു പാരഡൈം ഷിഫ്റ്റ് കൊണ്ടുവരാൻ സാധിച്ചു. ഇത് എല്ലാ സർവ്വകലാശാലകളുടെയും ഏകോപിത പ്ലാറ്റ്‌ഫോം വഴി സാധ്യമായതാണ്. യൂണിഫോം അക്കാദമിക് കലണ്ടർ തയ്യാറാക്കി പരീക്ഷകൾ റെക്കോർഡ് വേഗതയിൽ നടത്താനും ഫലം പ്രസിദ്ധീകരിക്കാനും സാധിച്ചു. ഇതിൽ കേരള സർവ്വകലാശാലയുടെ പങ്കും മാതൃകാപരമായ പ്രവർത്തനങ്ങളും അഭിനന്ദനാർഹമാണെന്ന് മന്ത്രി പറഞ്ഞു.നമ്മുടെ എൻറോൾമെന്റ് റേഷ്യോ നന്നായി വളർന്നു. അധ്യാപക-വിദ്യാർത്ഥി അനുപാതത്തിലും കോളേജ്-വിദ്യാർത്ഥി അനുപാതത്തിലും നമ്മൾ ദേശീയ ശരാശരിയേക്കാൾ മുന്നിലാണ്. പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസ പങ്കാളിത്തവും മികച്ച നിലയിലാണ്. സാമൂഹ്യനീതി സങ്കൽപ്പങ്ങൾ സാക്ഷാത്കരിച്ച് ലഭ്യതയും പ്രാപ്തയും ഉറപ്പാക്കി കഴിഞ്ഞ നമ്മൾ ഇനി ക്വാളിറ്റിക്കും എക്സലൻസിനുമാണ് പ്രാധാന്യം നൽകേണ്ടത്.ഗവേഷണ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ട് ഏഴ് ‘സെന്റേഴ്സ് ഓഫ് എക്സലൻസ്’ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് ‘സെന്റർ ഓഫ് എക്സലൻസ് ഫോർ റിസർച്ച് സപ്പോർട്ട് നെറ്റ്‌വർക്ക്’. ഗവേഷകർക്ക് ദേശീയ-അന്തർദേശീയ ഗ്രാന്റുകളെയും ഫെല്ലോഷിപ്പുകളെയും കുറിച്ച് വിവരങ്ങൾ നൽകുക, പേറ്റന്റുകൾക്കും ഇന്റർനാഷണൽ ജേണലുകളിൽ പബ്ലിഷ് ചെയ്യുന്നതിനും മാർഗ്ഗനിർദ്ദേശങ്ങൾ നൽകുക, കോമൺ ഫസിലിറ്റികൾ ഷെയർ ചെയ്യുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം. ഇതിന്റെ ഉപകേന്ദ്രങ്ങൾ തിരുവനന്തപുരം ഗവൺമെന്റ് വിമൻസ് കോളേജിലും കണ്ണൂർ സർവ്വകലാശാലയുടെ പയ്യന്നൂർ ക്യാമ്പസിലും മധ്യകേരളത്തിൽ കേരളവർമ്മ കോളേജിലും ആരംഭിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ തന്നെ മികച്ച ലാബ് കോംപ്ലക്സുകൾ ഇന്ന് നമുക്കുണ്ട്. കേരള സർവ്വകലാശാലയിലെ സെൻട്രലൈസ്ഡ് ലാബ് ഫസിലിറ്റി (CLIF) ഒരു ആധുനിക ഗവേഷണ കേന്ദ്രമായി മാറിയിരിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.ചടങ്ങിൽ, ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ സർവ്വകലാശാല ജിയോളജി മ്യൂസിയം ഉദ്ഘാടനം ചെയ്തു. വികസനത്തിനൊപ്പം മനുഷ്യന്റെ ഹിംസയും യുദ്ധങ്ങളും അവസാനിക്കണമെന്നും അതിന് ഉന്നത വിദ്യാഭ്യാസ മേഖല സഹായകരമാകണമെന്നതും മന്ത്രി പറഞ്ഞു. കേരള സർവ്വകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, കേരള സർവ്വകലാശാല സിൻഡിക്കേറ്റ് ഫിനാൻസ് കമ്മിറ്റി കൺവീനർ അഡ്വ. ജി. മുരളീധരൻ, രജിസ്ട്രാർ ഇൻ ചാർജ് രശ്മി ആർ., സർവ്വകലാശാല സിൻഡിക്കേറ്റ് മെമ്പർമാർ, മറ്റു ജനപ്രതിനിധികൾ , ഉദ്യോഗസ്ഥർ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.