ഇന്ത്യയിൽ നടന്ന നാവികാഭ്യാസത്തിൽ പങ്കെടുത്തു മടങ്ങിയ ഇറാനിയൻ യുദ്ധക്കപ്പൽ ആക്രമിക്കപ്പെട്ട സംഭവത്തിൽ കേന്ദ്ര സർക്കാർ സ്വീകരിച്ച നിലപാട് പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ അതിഥിയായി എത്തിയ കപ്പൽ ആക്രമിക്കപ്പെട്ടിട്ടും അത് ‘രാജ്യത്തിന്റെ അതിഥിയല്ല’ എന്ന കേന്ദ്ര നിലപാട് അമേരിക്കൻ വിധേയത്വത്തിന്റെ പ്രകടനമാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥ ലോകസമാധാനത്തിന് ഗുരുതര ഭീഷണിയാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.ഫെബ്രുവരി 25-ന് ഇന്ത്യയിൽ നടന്ന സംയുക്ത നാവികാഭ്യാസത്തിന് ശേഷം മടങ്ങുകയായിരുന്ന ഇറാനിയൻ കപ്പൽ മാർച്ച് 4-നാണ് ആക്രമിക്കപ്പെട്ടത്. നിരവധി നാവികർ കൊല്ലപ്പെട്ട ഈ സംഭവം അതീവ ഗൗരവകരമാണ്. ഇന്ത്യൻ മഹാസമുദ്രത്തെ യുദ്ധക്കളമാക്കുന്ന ഇത്തരം നടപടികൾ രാജ്യാന്തര മര്യാദകളുടെ ലംഘനമാണെന്നും സമുദ്രമേഖലയിലെ സമാധാനത്തെ ബാധിക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിഷയത്തിൽ പ്രധാനമന്ത്രിയോ കേന്ദ്ര സർക്കാരോ വ്യക്തമായ പ്രതികരണം നടത്താത്തത് ശരിയായ സമീപനമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ALSO READ : പശ്ചിമേഷ്യൻ സംഘർഷം: മാധ്യമങ്ങൾ ജാഗ്രത പാലിക്കണം; പ്രവാസി കുടുംബങ്ങളിൽ ഭീതി പരത്തരുത് : മുഖ്യമന്ത്രിഅമേരിക്ക-ഇസ്രായേൽ അച്ചുതണ്ടിന്റെ സൈനിക നടപടികളും ഇറാന്റെ പ്രത്യാക്രമണങ്ങളും മേഖലയെ കൂടുതൽ കലുഷിതമാക്കുകയാണ്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ കുടുംബാംഗങ്ങൾ കൊല്ലപ്പെട്ട സംഭവം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. ഇത്തരം നീക്കങ്ങൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. പശ്ചിമേഷ്യയിലെ ഈ അസ്ഥിരത ലക്ഷക്കണക്കിന് മലയാളി പ്രവാസികളുടെ സുരക്ഷയെ ബാധിക്കുമെന്നതിനാൽ കേന്ദ്ര സർക്കാർ അടിയന്തര നയതന്ത്ര ഇടപെടൽ നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ നോർക്കയുടെ നേതൃത്വത്തിൽ സഹായ സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ലോക കേരള സഭാംഗങ്ങളും പ്രവാസി സംഘടനകളും എംബസികളുമായി ചേർന്ന് ഹെൽപ്പ് ഡെസ്കുകൾ വഴി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. ALSO READ : ആറ്റുകാൽ പൊങ്കാല: ശുചീകരണത്തിൽ നഗരസഭ പരാജയപ്പെട്ടെന്ന് ഡി.വൈ.എഫ്.ഐ; കൗൺസിലർ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്ലോക രാജ്യങ്ങൾ ഈ യുദ്ധവെറിക്കെതിരെ ശബ്ദമുയർത്തുമ്പോൾ ഐക്യരാഷ്ട്രസഭ പുലർത്തുന്ന നിഷ്ക്രിയത്വം അത്ഭുതപ്പെടുത്തുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചേരിചേരാ നയത്തിന്റെ പാരമ്പര്യമുള്ള ഇന്ത്യ, സമാധാനത്തിനായി സജീവമായി ഇടപെടണമെന്നും ഭീതിജനകമായ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. The post ഇറാനിയൻ കപ്പൽ ആക്രമണം: കേന്ദ്രത്തിന്റേത് അമേരിക്കൻ വിധേയത്വം; പ്രതികരണം പ്രതിഷേധാർഹമെന്ന് മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.