തിരുവനന്തപുരം | സംസ്ഥാന പോലീസ് സേനയിലേക്ക് 330 പേര്‍ കൂടി. തിരുവനന്തപുരം പേരൂര്‍ക്കടയില്‍ എസ് എ പി പരേഡ് ഗ്രൗണ്ടില്‍ നടന്ന സംയുക്ത പാസിംഗ് ഔട്ട് പരേഡില്‍ എസ് എ പി, കെ എ പി ഒന്ന്, മൂന്ന്, വുമണ്‍സ് ബറ്റാലിയന്‍ എന്നിവയില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയ 330 റിക്രൂട്ട് പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ സേനയുടെ ഭാഗമായി.സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍ പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു. സ്‌പെഷ്യല്‍ ആംഡ് പോലീസ് ബറ്റാലിയനില്‍ പരിശീലനം പൂര്‍ത്തിയാക്കിയ എസ് എ പിയിലെ 98 ഉം കെ എ പി മൂന്നാം ബറ്റാലിയനിലെ 67 റിക്രൂട്ട് സേനാംഗങ്ങളും പാലക്കാട് ഡി എച്ച് ക്യുവില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ കെ എ പി ഒന്നാം ബറ്റാലിയനിലെ 61 പേരും കേരള പോലീസ് അക്കാദമിയില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ വനിതാ ബറ്റാലിയനിലെ 104 പേരും ഉള്‍പ്പെടെ 330 റിക്രൂട്ട് സേനാംഗങ്ങളാണ് പരേഡില്‍ പങ്കെടുത്തത്.ചടങ്ങില്‍ പരിശീലന കാലയളവില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്ക് സംസ്ഥാന പോലീസ് മേധാവി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. എ ഡി ജി പിമാരായ എസ് ശ്രീജിത്ത് (പോലീസ് ആസ്ഥാനം), ദിനേന്ദ്ര കശ്യപ് (ബറ്റാലിയന്‍), എച്ച് വെങ്കടേഷ് (ലോ ആന്‍ഡ് ഓര്‍ഡര്‍) മറ്റ് ഉന്നത പോലീസുദ്യോഗസ്ഥര്‍, പുതിയ സേന അംഗങ്ങളുടെ ബന്ധുക്കള്‍ ചടങ്ങില്‍ സംബന്ധിച്ചു.