ഇറാനെതിരായ അമേരിക്ക-ഇസ്രയേൽ സംയുക്ത ആക്രമണത്തെത്തുടർന്നുണ്ടായ ആഗോള സാഹചര്യങ്ങൾ എൽഡിഎഫ് യോഗം ചർച്ച ചെയ്തതായി കൺവീനർ ടി.പി. രാമകൃഷ്ണൻ അറിയിച്ചു. അമേരിക്ക ലോക പൊലീസ് ചമയുകയാണെന്നും നിരപരാധികളായ കുഞ്ഞുങ്ങളെപ്പോലും കൊലപ്പെടുത്തുന്ന ക്രൂരതയാണ് അവിടെ നടക്കുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. അമേരിക്കയുടെ ഈ ഏകപക്ഷീയമായ നടപടിക്കെതിരെ ലോകരാജ്യങ്ങൾ ഒന്നിച്ചു നിൽക്കേണ്ട സാഹചര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.യുദ്ധം രൂക്ഷമായതോടെ മലയാളികളടക്കം നിരവധി ഇന്ത്യക്കാർ വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുകയാണെന്ന വസ്തുത അദ്ദേഹം ഗൗരവത്തോടെ അവതരിപ്പിച്ചു. ഇവരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പ്രവാസികളുടെ സുരക്ഷയ്ക്കായി കേരള സർക്കാർ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി ലോക കേരളസഭ അംഗങ്ങളുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടെന്നും ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി.അമേരിക്കയുടെ കടന്നാക്രമണങ്ങളിൽ പ്രതിഷേധിച്ചും സമാധാനത്തിന് ആഹ്വാനം ചെയ്തും കേരളത്തിൽ മൂന്ന് വലിയ ബഹുജന റാലികൾ സംഘടിപ്പിക്കാൻ എൽഡിഎഫ് തീരുമാനിച്ചു. മാർച്ച് 6-ന് കോഴിക്കോടും, 7-ന് കൊച്ചിയിലും, 8-ന് തിരുവനന്തപുരത്തും വച്ചാണ് റാലികൾ നടക്കുക. കേരളത്തിലുടനീളമുള്ള ജനങ്ങളെ യുദ്ധവിരുദ്ധ നിലപാടിൽ അണിനിരത്തിക്കൊണ്ട് വലിയൊരു ജനകീയ മുന്നേറ്റമാണ് എൽഡിഎഫ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.The post അമേരിക്ക ലോകപൊലീസ് ചമയുന്നു; യുദ്ധവിരുദ്ധ റാലികൾ നടത്താൻ എൽഡിഎഫ് appeared first on ഇവാർത്ത | Evartha.