പട്ടികവർഗ വിഭാഗക്കാർക്ക് ചികിത്സാ ധനസഹായവും ആശ്വാസ ധനസഹായവും സമയബന്ധിതമായി ലഭ്യമാക്കാൻ ഓൺലൈൻ പോർട്ടർ ടിഗ്രാന്റ്സ് സജ്ജമായി. പോർട്ടലിന്റെ പ്രകാശനം സെക്രട്ടേറിയറ്റ് ദർബാർഹാളിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം അമ്പൂരി കിടാരക്കുഴി വാർഡിലെ അരുൺകാണിക്ക് ചികിത്സാ ധനസഹായം അനുവദിച്ചുകൊണ്ട് പട്ടികജാതി, പട്ടികവർഗ പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി ഒ ആർ കേളു നിർവഹിച്ചു. കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപറേഷന്റെ ഗുണഭോക്തൃ രജിസ്ട്രേഷന്റേയും ഫീൽഡ് സർവ്വേ പദ്ധതിയുടേയും പ്രഖ്യാപനവും മൊബൈൽ ആപ്ലിക്കേഷന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു.ചികിത്സാ ധനസഹായത്തിനുള്ള അപേക്ഷകൾ ഫയലുകൾക്കിടയിൽ കുരുങ്ങിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കി ആധുനിക കാലത്തിനനുസരിച്ച് സഹായങ്ങൾ അർഹരിലേക്ക് അതിവേഗം എത്തിക്കുകയാണ് ഈ ഡിജിറ്റൽ സംവിധാനത്തിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. മൺപാത്ര നിർമ്മാണ തൊഴിലാളികളെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന് അവർക്ക് കോർപ്പറേഷൻ വഴി ധനസഹായം നൽകി സംരംഭങ്ങളെ ആധുനികവൽക്കരിക്കും. ഈ മേഖലയിലുള്ളവരുടെ ജീവിത നിലവാരമുയർത്തി മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടതുണ്ട്. കുടുംബത്തിലെ വരുമാനദായകൻ മരിച്ചാൽ 2 ലക്ഷം രൂപ ആശ്വാസ ധനസഹായം സഹായം നൽകുന്ന പദ്ധതി കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. ജനങ്ങൾ ആഗ്രഹിക്കുന്ന തരത്തിലുള്ള വികസന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പിലാക്കി വരുന്നത്. വകുപ്പിന്റെ ബജറ്റ് വിഹിതം ഓരോ വർഷവും വർദ്ധിപ്പിച്ചുകൊണ്ടാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ലഭ്യമാകുന്ന തുകയുടെ 85 ശതമാനത്തിലധികം കാര്യക്ഷമമായി ചിലവഴിക്കാൻ സാധിക്കുന്നത് വകുപ്പിന്റെ വലിയ നേട്ടമാണ്. ഗുണഭോക്താക്കളുടെ ജീവിതനിലവാരം ഉയർത്തുന്ന ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾക്കാണ് സർക്കാർ ഊന്നൽ നൽകുന്നതെന്നും മന്ത്രി പറഞ്ഞു.വകുപ്പ് സെക്രട്ടറി എ കൗശിഗൻ അധ്യക്ഷനായ ചടങ്ങിൽ കേരള പിന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ കെ പ്രസാദ്, കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപറേഷൻ ചെയർമാൻ സുഭാഷ് ബോസ്, മാനേജിംഗ് ഡയറക്ടർ വി പി സുബ്രഹ്‌മണ്യൻ, ജോയിന്റ് ഡയറക്ടർ ശ്രീരേഖ കെ എസ് തുടങ്ങിയവർ സംബന്ധിച്ചു.