പുഴയില്‍ കുളിക്കുന്നതിനിടെ ചുഴിയില്‍പ്പെട്ടു; വിദ്യാര്‍ഥി മുങ്ങിമരിച്ചു

Wait 5 sec.

എടവണ്ണ | ചാലിയാര്‍ പുഴയില്‍ കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടെ ചുഴിയിലകപ്പെട്ട വിദ്യാര്‍ഥി മുങ്ങിമരിച്ചു. മലപ്പുറം എടവണ്ണ കുണ്ടുതോട് കൊട്ടമ്പാറയിലെ തേലക്കാട് ജഅ്ഫര്‍ എന്ന ബാപ്പുട്ടിയുടെ മകന്‍ മുഹമ്മദ് ശമല്‍ (13) ആണ് മരിച്ചത്.ഇന്ന് വൈകിട്ട് ആറോടെ ചാലിയാര്‍ പുഴയില്‍ കുണ്ടുതോട് വട്ടപ്പാറ കടവില്‍ കുളിക്കുന്നതിനിടെയാണ് ശമല്‍ ചുഴിയില്‍ അകപ്പെട്ടത്. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ കുട്ടിയെ കണ്ടെത്തുകയും ഉടനെ എടവണ്ണയിലെ സ്വകാര്യാശുപത്രിയില്‍ എത്തിക്കുകയും ചെയ്‌തെങ്കിലും രക്ഷിക്കാനായില്ല. കുണ്ടുതോട് എ എം. എ യു പി സ്‌കൂള്‍ ഏഴാം തരം വിദ്യാര്‍ഥിയാണ് ശാമില്‍.മാതാവ്: ഫെബിന (ചെരണി). സഹോദരങ്ങള്‍: മിന്‍ഹ, എമിന്‍. മയ്യിത്ത് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം നാളെ കുണ്ടുതോട് സുന്നി ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.