ഇറാനിയന്‍ കപ്പല്‍ ആക്രമിക്കപ്പെട്ടത് ഗൗരവതരം; കേന്ദ്രത്തിന്റെ പ്രതികരണം പ്രതിഷേധാര്‍ഹം: മുഖ്യമന്ത്രി

Wait 5 sec.

തിരുവനന്തപുരം | പശ്ചിമേഷ്യയില്‍ രൂപപ്പെട്ടിരിക്കുന്ന സംഘര്‍ഷസ്ഥിതി അതീവ ആശങ്കാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അമേരിക്ക-ഇസ്‌റാഈല്‍ അച്ചുതണ്ടിന്റെ തുടര്‍ച്ചയായ സൈനിക നടപടികളും അതിന് മറുപടിയായി ഉയരുന്ന ഇറാനിന്റെ പ്രത്യാക്രമണ ശ്രമങ്ങളും മേഖലയില്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാക്കുകയാണ്. ഇത് ലോകസമാധാനത്തിനും അന്താരാഷ്ട്ര സ്ഥിരതക്കും ഗുരുതരമായ ഭീഷണിയാണ്.ഇറാന്റെ പരമോന്നത നേതാവായ ആയത്തുല്ല അലി ഖാംനഈയെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയ സംഭവം അന്താരാഷ്ട്ര നിയമങ്ങളെയും ഐക്യരാഷ്ട്രസഭാ ചട്ടങ്ങളെയും വെല്ലുവിളിക്കുന്നതാണ്. രാജ്യങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഇത്തരം നടപടികളിലേക്ക് നീങ്ങുന്നത് അപകടകരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കും.ഫെബ്രുവരി 25-ന് നമ്മുടെ രാജ്യത്ത് നടന്ന സംയുക്ത നാവികാഭ്യാസത്തില്‍ പങ്കെടുത്ത ശേഷം മടങ്ങിക്കൊണ്ടിരുന്ന ഇറാനിയന്‍ യുദ്ധക്കപ്പല്‍ മാര്‍ച്ച് നാലിന് ആക്രമിക്കപ്പെടുകയും നിരവധി നാവികര്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവം അതീവ ഗൗരവതരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ അതിഥികളായി എത്തി സംയുക്ത സൈനികാഭ്യാസത്തില്‍ പങ്കെടുത്ത കപ്പല്‍ ആക്രമിക്കപ്പെട്ട സാഹചര്യത്തില്‍ പോലും ‘രാജ്യത്തിന്റെ അതിഥിയല്ല’ എന്ന നിലപാട് സ്വീകരിച്ച കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണം പ്രതിഷേധാര്‍ഹമാണ്. അത് അമേരിക്കന്‍ വിധേയത്വത്തിന്റെ പ്രകടനമല്ലാതെ മറ്റൊന്നുമല്ല.പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ ഗള്‍ഫ് മേഖലയിലാകെ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാനുള്ള സാധ്യതയുണ്ട്. അവിടെ ഉപജീവനം കണ്ടെത്തുന്ന ലക്ഷക്കണക്കിന് കേരളീയ പ്രവാസികളുടെ സുരക്ഷയും ക്ഷേമവും ഇതിലൂടെ ബാധിക്കപ്പെടാം. കേരളത്തിന്റെ സമ്പദ്വ്യവസ്ഥയുമായി അടുത്ത് ബന്ധപ്പെട്ടിരിക്കുന്ന പ്രവാസി സമൂഹത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര ശ്രദ്ധ ചെലുത്തണം. സാഹചര്യം കേരള സര്‍ക്കാര്‍ ഗൗരവത്തോടെ വീക്ഷിക്കുകയാണ്. പ്രവാസി മലയാളികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നോര്‍ക്കയുടെ നേതൃത്വത്തില്‍ ആവശ്യമായ ഏകോപനവും സഹായ സംവിധാനങ്ങളും സജ്ജമാക്കി വരുന്നു. ലോക കേരള സഭാംഗങ്ങള്‍, വിവിധ പ്രവാസി സംഘടനകള്‍, പ്രമുഖ വ്യക്തികള്‍, വളണ്ടിയര്‍മാര്‍ എന്നിവര്‍ അതാത് രാജ്യങ്ങളിലെ എംബസികളുമായി ബന്ധപ്പെട്ട് സഹായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ ലോക കേരള സഭ പ്രതിനിധികളുടെ നേതൃത്വത്തില്‍ ആരംഭിച്ച ഹെല്‍പ്പ് ഡെസ്‌കുകള്‍ക്ക് എല്ലാ പ്രവാസി മലയാളി സംഘടനകളും യോജിച്ച സഹകരണമാണ് നല്‍കുന്നത്.ആക്രമണ സംഭവങ്ങളില്‍ അത്ഭുതകരമായ നിഷ്‌ക്രിയത്വമാണ് ഐക്യരാഷ്ട്രസഭയില്‍ നിന്ന് കാണപ്പെടുന്നത്. സമാധാനം ഉറപ്പുവരുത്താന്‍ ഉത്തരവാദപ്പെട്ട ഐക്യരാഷ്ട്രസഭ തന്നെ അതിന്റെ അടിസ്ഥാന ലക്ഷ്യം മറക്കുന്ന തരത്തിലുള്ള സമീപനമാണ് സ്വീകരിക്കുന്നത്. സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതല്‍ സമാധാനത്തിനും ചേരിചേരാ നയത്തിനും പ്രാധാന്യം നല്‍കിയ പാരമ്പര്യമാണ് നമ്മുടെ രാജ്യത്തിനുള്ളത്. നിലവിലെ സംഘര്‍ഷം കൂടുതല്‍ വഷളാകാതെ തടയുന്നതിനും സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതിനുമായി നമ്മുടെ രാജ്യം സജീവമായ നയതന്ത്ര ഇടപെടലുകള്‍ നടത്തണമെന്നുമാണ് യുദ്ധവെറി ഇല്ലാത്ത എല്ലാവരും ആഗ്രഹിക്കുന്നത്. സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനായി അന്താരാഷ്ട്ര സമൂഹം അടിയന്തര ഇടപെടല്‍ നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.