വിസ കാലാവധി കഴിഞ്ഞവർക്കുള്ള പിഴഒഴിവാക്കി യു എ ഇ

Wait 5 sec.

അബൂദബി|പശ്ചിമേഷ്യയിലെ പ്രത്യേക സാഹചര്യങ്ങളെത്തുടർന്ന് വ്യോമപാത അടച്ചതും വിമാന സർവീസുകൾ മുടങ്ങിയതും കാരണം രാജ്യം വിടാൻ സാധിക്കാത്തവർക്ക് വിസ കാലാവധി കഴിഞ്ഞാലുള്ള പിഴ ഒഴിവാക്കാൻ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ സി പി) തീരുമാനിച്ചു. സന്ദർശക വിസ, ടൂറിസ്റ്റ് വിസ എന്നിവയിലുള്ളവർക്കും എക്‌സിറ്റ് പെർമിറ്റ് ലഭിച്ചവർക്കും താമസ വിസ റദ്ദാക്കി മടങ്ങാൻ കാത്തിരിക്കുന്നവർക്കും ഈ ആനുകൂല്യം ലഭിക്കും.ഈ വർഷം ഫെബ്രുവരി 28 മുതലോ അതിന് ശേഷമോ കാലാവധി കഴിഞ്ഞ് പിഴ ഈടാക്കേണ്ടി വന്ന സാഹചര്യങ്ങളിലാണ് ഇളവ് അനുവദിക്കുക. യാത്രികരുടെ നിയന്ത്രണത്തിലല്ലാത്ത കാരണങ്ങളാൽ മടക്കം വൈകിയ സാഹചര്യത്തിൽ അവർക്ക് സാമ്പത്തിക ബാധ്യത ഉണ്ടാകാതിരിക്കാനാണ് അതോറിറ്റിയുടെ നടപടി. അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലും യാത്രക്കാരോട് മാനുഷികമായ സമീപനം സ്വീകരിക്കുന്നതിലുമുള്ള യു എ ഇയുടെ പ്രതിബദ്ധതയാണ് ഈ തീരുമാനത്തിലൂടെ വ്യക്തമാകുന്നത്.രാജ്യത്തെ വിമാനത്താവളങ്ങളിലും കസ്റ്റമർ ഹാപ്പിനസ് സെന്ററുകളിലും പ്രത്യേക സംഘങ്ങൾ ഇവർക്കായി പ്രവർത്തന സജ്ജമാണ്. ആവശ്യമായ സഹായങ്ങൾ നൽകാൻ ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിച്ച് അതോറിറ്റി പ്രവർത്തിക്കുന്നുണ്ട്.