യാചനയുടെ മാസമല്ല

Wait 5 sec.

റമസാന് “ശഹ്റുൽ ജൂദ്’ ദാനധർമങ്ങളുടെ മാസം എന്നൊരു പേരുണ്ട്. ധർമങ്ങളുടെ മാസമെന്നതിന് യാചനയുടെ മാസം എന്നർഥം നൽകിയ ചിലരുണ്ട്. അത് മതം നിർദേശിക്കുന്ന നിലപാടുകൾക്കെതിരാണ്. വ്യക്തിപരമായ കാര്യത്തിന് സഹായമഭ്യർഥിച്ച് ഊരു തെണ്ടുന്ന ആരോഗ്യവാന്മാർ അല്ലാഹു നൽകിയ അധ്വാനശേഷിയെ അവഹേളിക്കുകയാണ് ചെയ്യുന്നത്. ഇസ്‌ലാം കടുത്ത ഭാഷയിലാണ് യാചകരെ അഭിസംബോധന ചെയ്യുന്നത്.നബി(സ) പറയുന്നു “തന്റെ സമ്പത്ത് വർധിപ്പിക്കാൻ വേണ്ടി ജനങ്ങളോട് യാചിക്കുന്നവൻ തീക്കനലുകളാണ് ചോദിക്കുന്നത്. അതിനാൽ കുറച്ച് ചോദിക്കുന്നതും കൂടുതൽ ചോദിക്കുന്നതും അവന്റെ ഇഷ്ടം.’ (മുസ്‌ലിം). മറ്റൊരു ഹദീസിൽ കാണാം. “യാതൊരു ആവശ്യവുമില്ലാതെ ജനങ്ങളോട് ചോദിച്ചു കൊണ്ടിരിക്കുന്നവൻ അന്ത്യനാളിൽ വരുന്നത് മുഖത്ത് മാംസമില്ലാത്ത അവസ്ഥയിലായിരിക്കും.’ (ബുഖാരി, മുസ്‌ലിം).അബൂബക്കർ സിദ്ദീഖ് (റ) ഒരിക്കൽ ഒട്ടകപ്പുറത്ത് സഞ്ചരിക്കുമ്പോൾ കൈയിലുണ്ടായിരുന്ന വടി താഴെ വീണു. സാധാരണഗതിയിൽ താഴെ നിൽക്കുന്ന ഒരാളോട് അതൊന്ന് എടുത്തു തരാൻ പറയാവുന്നതേയുള്ളൂ. എന്നാൽ ആരോടും സഹായം ചോദിക്കാതെ ഒട്ടകപ്പുറത്ത് നിന്ന് താഴെയിറങ്ങി അദ്ദേഹം തന്നെ ആ വടി എടുത്തു. ഇതുകണ്ടവർ ചോദിച്ചു: “പറഞ്ഞിരുന്നെങ്കിൽ ഞങ്ങൾ അത് എടുത്തു തരുമായിരുന്നല്ലോ?’ അപ്പോൾ അദ്ദേഹം പറഞ്ഞു: “ഒരാളോടും ഒന്നും ചോദിക്കില്ല എന്ന് നബി(സ)യോട് ഞാൻ കരാർ ചെയ്തിട്ടുണ്ട്.’സ്വഹീഹ് മുസ്‌ലിമിൽ ഉദ്ധരിച്ച ഒരു ഹദീസിൽ ഔഫ് ബിൻ മാലിക് അൽ അശ്ജഈ(റ) ഉൾപ്പെടെ ഏഴോ എട്ടോ പേർ നബി(സ)യോട് നാല് കാര്യങ്ങൾ കരാർ ചെയ്തതായി പറയുന്നുണ്ട്. “ജനങ്ങളോട് നിങ്ങൾ യാതൊന്നും ചോദിക്കരുത്’ എന്നതായിരുന്നു അതിൽ നാലാമത്തെ കാര്യം. ഈ കരാർ എടുത്തവർ പിന്നീട് തങ്ങളുടെ ജീവിതത്തിൽ ഇത് അക്ഷരം പ്രതി പാലിച്ചു. അവർ കുതിരപ്പുറത്ത് യാത്ര ചെയ്യുമ്പോൾ കൈയിലുള്ള ചാട്ടവാർ താഴെ വീണാൽ പോലും താഴെ നിൽക്കുന്നവരോട് അത് എടുത്തു തരാൻ പറയുമായിരുന്നില്ല. പകരം, കുതിരപ്പുറത്ത് നിന്ന് ഇറങ്ങി സ്വയം അത് എടുക്കുമായിരുന്നു. സാധാരണ ഗതിയിൽ ഒരാളോട് ഒരു സാധനം എടുത്തു തരാൻ പറയുന്നത് “യാചന’യായി ആരും കാണാറില്ല. എന്നാൽ, പ്രവാചകരുമായി കരാർ ചെ യ്ത ആ സ്വഹാബികൾ അങ്ങനെയാണ് ജീവിതത്തെ ക്രമപ്പെടുത്തിയത്. യാചനയോടുള്ള ഇസ്‌ലാമിന്റെ നിലപാട് ഈ സംഭവങ്ങൾ അടയാളപ്പെടുത്തുന്നു.ചുരുക്കത്തിൽ ശക്തമായ ശാരീരിക അവശതയോ, കടുത്ത ദാരിദ്ര്യമോ, വലിയ കടബാധ്യതയോ ഇല്ലാത്ത ഒരാൾക്ക് യാചന ഒരു വിധേനയും അനുവദനീയമല്ല. മറിച്ച്, സ്വന്തം കൈ കൊണ്ട് അധ്വാനിച്ച് ജീവിക്കുന്നതിലാണ് ഒരു വിശ്വാസിയുടെ അന്തസ്സും പുണ്യവുമിരിക്കുന്നത്. അതിനാൽ അധ്വാനത്തിന്റെ വഴി കണ്ടെത്തുക.എന്ന് കരുതി ഒരാൾ കൈ നീട്ടിയാൽ അവരെ അധിക്ഷേപിക്കുന്നതും ആട്ടിയകറ്റുന്നതും ഭൂഷണമല്ല. അവരോട് മാന്യമായി വർത്തിക്കണം. സഹായം ചോദിച്ചയാളെ വെറും കൈയോടെ മടക്കാൻ മനസ്സ് അനുവദിക്കാത്തതിനാൽ സ്വ യം അടിമ ജീവിതം ഏറ്റുവാങ്ങിയ ലുഖ്മാനുൽ ഹകീം(റ) ആണ് നമുക്കീ വിഷയത്തിലെ പാഠം.അതോടൊപ്പം അവശതയോ ദാരിദ്ര്യമോ കടബാധ്യതയോ കാരണം പ്രയാസപ്പെടുന്നവർ യാചകരായി മാറുന്ന സാഹചര്യവും സൂക്ഷിക്കണം. അവരെ സഹായിക്കാൻ സ്വദഖയും സകാത്തും കാര്യക്ഷമമായി വിനിയോഗിക്കപ്പെടണം. അതിന് ആശയപ്രചാരണവും മികച്ച ഇടപെടലുകളും വേണം. സ്വദഖകൾ അവകാശികളിലേക്ക് എത്തിച്ചു കൊടുക്കണം. അർഹർ സഹായങ്ങൾ തേടി നടക്കുന്ന അവസ്ഥയും ഉണ്ടാക്കരുത്. വീട്ടിൽ വരിനിറുത്തി റീലെടുക്കുന്ന “സഹായ വിതരണങ്ങൾ’ ഏറ്റവും വില കുറഞ്ഞ ഏർപ്പാടാണെന്ന് മനസ്സിലാക്കുകയും വേണം