തിരുവനന്തപുരം| സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചികയെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍, തിരുവനന്തപുരം, ജില്ലകള്‍ ഒഴികെ മറ്റെല്ലായിടത്തും മഞ്ഞ മുന്നറിയിപ്പാണ്. തുടര്‍ച്ചയായി അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമായേക്കാം. അതിനാല്‍ പൊതുജനങ്ങള്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.പകല്‍ 10 മണി മുതല്‍ മൂന്ന് മണി വരെയാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാല്‍ ആ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. പുറംജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കടലിലും ഉള്‍നാടന്‍ മത്സ്യബന്ധനത്തിലും ഏര്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍, ജലഗതാഗതത്തിലേര്‍പ്പെടുന്നവര്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ചര്‍മരോഗങ്ങളുള്ളവര്‍, നേത്രരോഗങ്ങളുള്ളവര്‍, കാന്‍സര്‍ രോഗികള്‍, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങള്‍ പ്രത്യേകം ജാഗ്രത പാലിക്കണം. പകല്‍ സമയത്ത് പുറത്തേക്കിറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കാന്‍ ശ്രമിക്കുക. ശരീരം മുഴുവന്‍ മറയുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതാണ് ഉത്തമം.