പാര്‍ട്ടി അംഗത്വം പുതുക്കല്‍; ജി സുധാകരനുമായി എം വി ഗോവിന്ദന്‍ ഫോണില്‍ സംസാരിച്ചു

Wait 5 sec.

ആലപ്പുഴ | പാര്‍ട്ടി അംഗത്വം പുതുക്കുന്നില്ലെന്നു പ്രഖ്യാപിച്ച മുതിര്‍ന്ന സി പി എം നേതാവ് ജി സുധാകരനുമായി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഫോണില്‍ സംസാരിച്ചു. തന്റെ സ്ഥാനാര്‍ഥിത്വത്തെ പറ്റി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടി അപമാനകരമായി തോന്നിയെന്ന ജി സുധാകരന്റെ പരാമര്‍ശത്തെക്കുറിച്ചു വിശദീകരിക്കാനാണ് എം വി ഗോവിന്ദന്‍ ജി സുധാകരനെ വിളിച്ചത്.മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം കേട്ടാണ് ചിരിച്ചതെന്നും വ്യക്തിപരമായി ആക്ഷേപിച്ചതല്ലെന്നും ധരിപ്പിച്ച എം വി ഗോവിന്ദന്‍ മെമ്പര്‍ഷിപ് പുതുക്കണമെന്നും ആവശ്യപ്പെട്ടു. പാര്‍ട്ടി ആലപ്പുഴ ജില്ലാ നേതൃത്വവുമായുള്ള അകല്‍ച്ച നിലനില്‍ക്കുന്നതിനാലും പാര്‍ട്ടി ജില്ലാ കമ്മിറ്റിക്കു കീഴിലെ ബ്രാഞ്ചില്‍ പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാലും മെമ്പര്‍ഷിപ്പ് പുതുക്കുന്നില്ലെന്ന നിലപാട് ജി സുധാകരന്‍ ആവര്‍ത്തിച്ചതായാണ് വിവരം.പാര്‍ട്ടി നേതൃത്വത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കടുത്ത വിമര്‍ശനം ഉന്നയിച്ച ജി സുധാകരനെ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസറും ഫോണില്‍ വിളിച്ചിരുന്നു. അംഗത്വ ഫോറം പൂരിപ്പിച്ച് നല്‍കില്ലെന്നാണ് സുധാകരന്‍ നാസറിനോട് പറഞ്ഞത്. ഇന്നലെ രാവിലെയാണ് ഇനി പാര്‍ട്ടി അംഗത്വം പുതുക്കില്ലെന്ന് ജി സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. 63 വര്‍ഷം നീണ്ട സി പി എം അംഗത്വം ഉപേക്ഷിക്കുകയാണെന്ന സൂചനയാണ് ഫേസ്ബുക്ക് പോസ്റ്റിലുണ്ടായിരുന്നത്.