അബൂദബി| അബൂദബിയിലെ അമേരിക്കൻ എംബസിയും ദുബൈയിലെ കോൺസുലേറ്റ് ജനറലും അടച്ചതായി യു എ ഇയിലെ അമേരിക്കൻ മിഷൻ അറിയിച്ചു. സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി നയതന്ത്ര കാര്യാലയങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചത്. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ കേന്ദ്രങ്ങൾ വഴി യാതൊരുവിധ സേവനങ്ങളും ലഭ്യമാകില്ലെന്ന് അധികൃതർ വ്യക്തമാക്കി. വിസാ സേവനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ മുൻകൂട്ടി നിശ്ചയിച്ച കൂടിക്കാഴ്ചകളും റദ്ദാക്കി. മേഖലയിലെ സുരക്ഷാ സാഹചര്യം വിലയിരുത്തിയ ശേഷം മാത്രമേ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ.പൗരന്മാർ ഉടൻ മടങ്ങണംസംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ യു എ ഇയിലുള്ള തങ്ങളുടെ പൗരന്മാർക്ക് രാജ്യം വിടാനുള്ള നിർദേശവുമായി അമേരിക്കൻ ഗവൺമെന്റ‌്. സുരക്ഷിതമായി മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുമെന്ന് യു എസ് അധികൃതർ അറിയിച്ചു. യു എ ഇക്ക് പുറമെ സഊദി അറേബ്യ, കുവൈത്ത്, ഖത്വർ, ഒമാൻ, ബഹ്‌റൈൻ തുടങ്ങി മേഖലയിലെ മറ്റ് രാജ്യങ്ങളിലുള്ളവരോടും എത്രയും വേഗം മടങ്ങാൻ നിർദേശിച്ചിട്ടുണ്ട്.രാജ്യം വിടാൻ രണ്ട് മാർഗങ്ങളാണ് അമേരിക്കൻ പൗരന്മാർക്ക് മുന്നിൽ അധികൃതർ നിർദേശിച്ചിരിക്കുന്നത്. യു എ ഇയിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്ന് നിലവിൽ സർവീസ് നടത്തുന്ന പരിമിതമായ വിമാനങ്ങൾ പ്രയോജനപ്പെടുത്തുക എന്നതാണ് ആദ്യ മാർഗം. ഇതിനായി ഗവൺമെന്റ് സഹായം ലഭ്യമാക്കും. ഒമാൻ, സഊദി അറേബ്യ എന്നിവയുമായുള്ള കര അതിർത്തികൾ വഴി മടങ്ങുക എന്നതാണ് രണ്ടാമത്തെ മാർഗം.നിലവിലെ സാഹചര്യത്തിൽ മടങ്ങാൻ സാധിക്കാത്തവരോ അല്ലെങ്കിൽ രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നവരോ വീടുകളിലോ ഹോട്ടലുകളിലോ സുരക്ഷിതമായി തുടരണമെന്ന് അധികൃതർ നിർദേശിച്ചു. ജനലുകളിൽ നിന്ന് അകലം പാലിക്കണമെന്നും ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയ അത്യാവശ്യ കാര്യങ്ങൾക്കായി മാത്രം പുറത്തിറങ്ങണമെന്നും ജാഗ്രതാ നിർദേശത്തിൽ പറയുന്നു.ജീവനക്കാർ സുരക്ഷിതർദുബൈയിലെ അമേരിക്കൻ കോൺസുലേറ്റിന് സമീപമുള്ള പാർക്കിംഗ് ഏരിയയിൽ ചൊവ്വാഴ്ചയുണ്ടായ ഡ്രോൺ ആക്രമണത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നും എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്നും അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർകോ റൂബിയോ അറിയിച്ചു. കോൺസുലേറ്റിനോട് ചേർന്നുള്ള ഭാഗത്താണ് ഡ്രോൺ പതിച്ചതെന്നും ജീവനക്കാരുടെ വിവരം കൃത്യമായി ശേഖരിച്ചതായും അദ്ദേഹം വ്യക്തമാക്കി. സംഭവത്തെത്തുടർന്ന് കോൺസുലേറ്റിലും പരിസരത്തും സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയിട്ടുണ്ട്. പ്രദേശത്ത് നിലവിൽ ജാഗ്രത തുടരുകയാണ് എന്നും അദ്ദേഹം പറഞ്ഞു.