പാലക്കാട് | പാലക്കാട്ടെ സി പി എം വിമത കണ്‍വെന്‍ഷന്‍ പി കെ ശശി ഉദ്ഘാടനം ചെയ്തു. പാലക്കാട് നടക്കുന്നത് വിമത കണ്‍വെന്‍ഷന്‍ അല്ലെന്നും വിപ്ലവകാരികളുടെ കണ്‍വെന്‍ഷന്‍ ആണെന്നും അദ്ദേഹം പറഞ്ഞു.സി പി എം പാലക്കാട് ജില്ലാ നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി പി കെ ശശി ഉന്നയിച്ചത്. വിമതരുടെ കണ്‍വെന്‍ഷന്‍ എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം നടന്നു. നിര്‍ബന്ധിതമായ ചില സാഹചര്യങ്ങള്‍ കൊണ്ടാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്. ഞങ്ങള്‍ ആഗ്രഹിച്ചതല്ല ഇതെന്നും നിര്‍ബന്ധിതമായതാണെന്നും പി കെ ശശി പറഞ്ഞു. സി പി എമ്മിലെ അസംതൃപ്തരുടെ കൂട്ടായ്മയാണ് ഇതെന്നും ആത്മാഭിമാനമുള്ള വിപ്ലവകാരികളുടെ കണ്‍വെന്‍ഷനാണെന്നും അദ്ദേഹം വിശദമാക്കി.ഭരണത്തിന്റെ സ്വാധീനം ഉപയോഗപ്പെടുത്തി സി പി എം തോന്നിവാസം നടത്തുകയാണെന്ന് പി കെ ശശി പറഞ്ഞു. ക്രൂരമായി ആക്രമിക്കപ്പെട്ടവരും പീഡിപ്പിക്കപ്പെട്ടവരും പാര്‍ട്ടിക്കകത്തുണ്ട്. പലരെയും നേതാക്കള്‍ ഭീഷണിപ്പെടുത്തിവെച്ചിരിക്കുകയാണ്. തന്നെ പറ്റി മാധ്യമങ്ങള്‍ക്ക് നല്ല അഭിപ്രായമില്ല. ഇത്തരമൊരു പരിപാടി ഞങ്ങളാരും ആഗ്രഹിച്ചതായിരുന്നില്ല. മറിച്ച് ഞങ്ങളെല്ലാം നിര്‍ബന്ധിതരായതാണ്. സി പി എം ഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച് തോന്നിവാസം നടത്തിക്കൊണ്ടിരിക്കുകയാണ്. കള്ള് കുടിച്ച് ഇരിക്കുമ്പോഴാണ് ലോക്കല്‍ സെക്രട്ടറിയെ തീരുമാനിക്കുന്നത്. സ്പിരിറ്റ് കേസിലെ പ്രതികളെ അടക്കം പാര്‍ട്ടിയിലെടുക്കുകയാണ്. പാര്‍ട്ടിക്ക് വേണ്ടി ശരിയായി പ്രവര്‍ത്തിച്ചിട്ടും നടപടി നേരിടേണ്ടിവന്നവര്‍, തരംതാഴ്ത്തപ്പെട്ടവര്‍, ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ടവര്‍ എന്നിവരാണ് ഈ പരിപാടിയില്‍ പങ്കെടുത്തിരിക്കുന്നതെന്നും ശശി പറഞ്ഞു.ചന്ദ്രനഗര്‍ ശ്രീ പാര്‍വതി കല്യാണമണ്ഡപത്തില്‍ നടന്ന കണ്‍വെന്‍ഷനിലേക്ക് പി കെ ശശിയെ റെഡ് വൊളണ്ടിയര്‍ മാര്‍ അടക്കമാണ് സ്വീകരിച്ചത്. പാര്‍ട്ടി നല്‍കിയ കെ ടി ഡി സി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച ശേഷമാണ് പി കെ ശശി വിമത കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യാന്‍ എത്തിയത്. കണ്‍വെന്‍ഷനെത്തുന്നവരെ സ്വീകരിക്കാന്‍ വി എസ് അച്യുതാനന്ദന്‍, ഇ എം എസ് നമ്പൂതിരിപാട്, കോടിയേരി ബാലകൃഷ്ണന്‍, എ കെജി തുടങ്ങിയ നേതാക്കളുടെ ചിത്രങ്ങള്‍ ഉപയോഗിച്ചുള്ള പോസ്റ്ററുകള്‍ തയ്യാറാക്കിയിരുന്നു. ആയിരത്തോളം സി പി എം അസംതൃപ്തര്‍ കണ്‍വെന്‍ഷനില്‍ എത്തുമെന്നാണ് വിമത നേതാക്കള്‍ അവകാശപ്പെട്ടത്.കെ ടി ഡി സി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് പി കെ ശശിയുമായി സി പി എം വിമതര്‍ ചര്‍ച്ച നടത്തിയത്. പിന്നാലെ കണ്‍വെന്‍ഷനിലേക്ക് ക്ഷണിക്കുകയും ചെയ്തു. പിന്നാലെ പി കെ ശശി പങ്കെടുക്കുമെന്നും ഉദ്ഘാടകനായേക്കും എന്നുള്ള വിവരങ്ങളും പുറത്തുവന്നു.പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചതിനെ തുടര്‍ന്നാണ് പി കെ ശശി സി പി എമ്മുമായി അകന്ന് നില്‍ക്കുന്നത്. എന്നാലും പാര്‍ട്ടി നല്‍കിയ കെ ടി ഡി സി ചെയര്‍മാന്‍ സ്ഥാനം പി കെ ശശി സ്വീകരിച്ചിരുന്നു. ഈ പദവിയില്‍ ഇരുന്നുകൊണ്ടു പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചതിനാല്‍ പി കെ ശശിയെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് പാലക്കാട് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് പി കെ ശശി രാജിവെച്ചത്.ഇതിനിടെ യു ഡി എഫ് നേതാക്കളെയും ശശി കണ്ടിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാന്‍ സഹായം തേടിയായിരുന്നു ശശി കോണ്‍ഗ്രസ് – മുസ്ലീം ലീഗ് നേതാക്കളെ സമീപിച്ചത്. സി പി എം വിമതരുടെ കൂട്ടായ്മയുടെ സ്ഥാനാര്‍ഥിയായി യു ഡി എഫ് പിന്തുണയോടെ പി കെ ശശി ഒറ്റപ്പാലത്തു മത്സരിച്ചേക്കുമെന്നാണ് സൂചന.