റിസ്‌ക് ഫണ്ട് പദ്ധതി: 1000 കോടി രൂപ നൽകിയതിന്റെ പ്രഖ്യാപനവും ധനസഹായ വിതരണവും നടന്നു

Wait 5 sec.

റിസ്‌ക് ഫണ്ട് പദ്ധതിയിൽ 1000 കോടി രൂപ നൽകിയതിന്റെ പ്രഖ്യാപനം, ധനസഹായ വിതരണം, നവീകരിച്ച വെബ് സൈറ്റ് ഉദ്ഘാടനം എന്നിവ തിരുവനന്തപുരം ജവഹർ സഹകരണ ഭവൻ ഓഡിറ്റോറിയത്തിൽ സഹകരണ വകുപ് മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. കേരള സഹകരണ റിസ്‌ക് ഫണ്ട് വിതരണത്തിൽ ചരിത്ര നേട്ടം കൈവരിച്ചതായി മന്ത്രി പറഞ്ഞു.കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ്  നടപ്പിലാക്കി വരുന്ന കേരള സഹകരണ റിസ്‌ക് ഫണ്ട് പദ്ധതി പ്രകാരം ഗുണഭോക്താക്കൾക്ക് തുടർച്ചയായി ധനസഹായം നൽകി വരുന്നു. പദ്ധതി ആരംഭിച്ചതു മുതൽ ഇതുവരെ ആകെ 1088 കോടി രൂപ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. നിലവിലെ ബോർഡ് ചുമതലയേറ്റതിനു ശേഷം മാത്രം 528 കോടി രൂപ റിസ്‌ക് ഫണ്ടിന്റെ ഭാഗമായി അനുവദിച്ചിരിക്കുന്നത് അഭിമാനകരമായ നേട്ടമാണ്. സഹകരണ സംഘങ്ങളെയും സഹകാരികളെയും ചേർത്ത് നിർത്താൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞു. ആതുരർക്കും, ആശ്രിതർക്കും ആശ്വാസവും സംഘങ്ങൾക്ക് പരിരക്ഷയും നൽകാൻ ഇക്കാലയളവിൽ സാധിച്ചു. നവീകരിച്ച വെബ്‌സൈറ്റിലൂടെ വേഗത്തിൽ അപേക്ഷകൾ സമർപ്പിക്കാനും തുടർനടപടികൾ സ്വീകരിക്കാനും കഴിയുമെന്ന് മന്ത്രി പറഞ്ഞു.കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് വൈസ് ചെയർമാൻ സി കെ ശശീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സഹകരണ സംഘം രജിസ്ട്രാർ ഡോ. ഡി സജിത് ബാബു അധ്യക്ഷത വഹിച്ചു. സഹകരണ ഓഡിറ്റ് ഡയറക്ടർ ഡോ റെജിൽ എം സി, സംസ്ഥാന സഹകരണ യൂണിയൻ ചെയർപേഴ്സൺ കോലിയക്കോട് എൻ കൃഷ്ണൻ നായർ, കേരള സഹകരണ ഡെപ്പോസിറ്റ് ഗ്യാരന്റി ഫണ്ട് ബോർഡ് വൈസ് ചെയർപേഴ്സൺ കെ പി സതീഷ് ചന്ദ്രൻ, ബോർഡംഗങ്ങൾ എന്നിവർ സംബന്ധിച്ചു. ബോർഡംഗം ജെ സി അനിൽ നന്ദി അറിയിച്ചു.