പശ്ചിമേഷ്യൻ മേഖലയിൽ സംഘർഷസാഹചര്യത്തെ തുടർന്ന് ആരംഭിച്ച നോർക്ക ഹെൽപ്പ് ഡെസ്‌കിൽ മാർച്ച് 05 ന് വൈകിട്ട് 05 മണിവരെ 830 പേരാണ് ബന്ധപ്പെട്ടത്. ഇന്ത്യയിൽ നിന്നും 538 പേരും യു.എ.ഇ 148, ഖത്തർ 59, ബഹ്‌റൈൻ 52, കുവൈത്ത് 16, ഒമാൻ 5, സൗദി അറേബ്യ 10 യുകെ 2 പേരുമാണ് ബന്ധപ്പെട്ടത്. ഇതോടൊപ്പം പ്രവാസികേരളീയർക്ക് സഹായം ഉറപ്പാക്കുന്നതിനായി ഗൾഫ് രാജ്യങ്ങളിൽ രൂപീകരിച്ച ആറ് നോർക്ക സഹായ കൂട്ടായ്മകൾ വഴിയും ഇടപെട്ടു വരുന്നു. നോർക്ക വകുപ്പ്, നോർക്ക റൂട്ട്‌സ്, അതത് രാജ്യങ്ങളിലെ ലോക കേരള സഭാംഗങ്ങൾ, എംബസി വോളണ്ടിയർമാർ, നോർക്ക അംഗീകൃത പ്രവാസി സംഘടനാ പ്രതിനിധികൾ, സാമൂഹികപ്രവർത്തകർ, പ്രമുഖവ്യക്തികൾ എന്നിവരുൾപ്പെടുന്നതാണ് നോർക്ക സഹായ കൂട്ടായ്മകൾ. മേഖലയിലെ നിലവിലെ സാഹചര്യം, ഹെൽപ് ഡെസ്‌ക്കുകളിൽ ലഭിച്ച വിവരങ്ങൾ, അടിയന്തിരമായി സഹായ ലഭ്യമാക്കേണ്ടവ എന്നിവ നോർക്ക സെന്ററിൽ ചേർന്ന അവലോകനയോഗങ്ങൾ വിലയിരുത്തി.പ്രവാസി കേരളീയർ അതത് രാജ്യങ്ങളിലെ ഭരണകൂടങ്ങളും ഇന്ത്യൻ മിഷനുകളും ബന്ധപ്പെട്ട അധികാരികളും നൽകുന്ന ഔദ്യോഗിക അറിയിപ്പുകൾ മാത്രം പിന്തുടരണം. പ്രവാസികേരളീയർക്കും ബന്ധുക്കൾക്കും അടിയന്തിര സഹായം ആവശ്യമുളളവർക്കും ബന്ധപ്പെടുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക റൂട്ട്‌സ് ഹെൽപ്ഡെസ്‌ക് +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ), 18004253939 (ടോൾ ഫ്രീ നമ്പർ, ഇന്ത്യയിൽ നിന്നും) ന്യൂഡൽഹി കേരള ഹൗസ് കൺട്രോൾ റൂം (011-23747079, 011-23742320, +91-9310443880) എന്നിവയ്ക്കു പുറമേ നോർക്ക സെന്ററിൽ എല്ലാ ദിവസവും രാത്രി 10 മണി വരെ പ്രവർത്തിക്കുന്ന കൺട്രോൾ റൂമും സജ്ജമാക്കിയിട്ടുണ്ട്. കേന്ദ്ര വിദേശകാര്യ മന്ത്രാലയം കൺട്രോൾ റൂം 9 AM to 9 PM 1800118797 (Toll Free), +91 11 2301 2113, +91 11 2301 4104, +91 11 2301 7905. അടിയന്തിര സഹായത്തിനായി അതാത് രാജ്യത്തെ ഇന്ത്യൻ മിഷനുകളിലും ബന്ധപ്പെടാം.