ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട ശുചീകരണ പ്രവർത്തനങ്ങളിൽ തിരുവനന്തപുരം നഗരസഭ ഗുരുതരമായ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് ആറ്റുകാൽ വാർഡ് കൗൺസിലറുടെ ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പൊങ്കാലയ്ക്ക് മുൻപ് റോഡുകൾ നന്നാക്കുമെന്ന മേയറുടെ വാഗ്ദാനം പാഴ്വാക്കായി മാറിയെന്നും ജനങ്ങളെ വഞ്ചിക്കുന്ന സമീപനമാണ് നഗരസഭ സ്വീകരിച്ചതെന്നും ഡി.വൈ.എഫ്.ഐ കുറ്റപ്പെടുത്തി. ഡി.വൈ.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ഉണ്ണികൃഷ്ണൻ നഗരസഭയുടെയും മേയറുടെയും നടപടികളെ രൂക്ഷമായി വിമർശിച്ചു.പൊങ്കാല കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും നഗരത്തിന്റെ പല ഭാഗങ്ങളിലും മാലിന്യങ്ങൾ കുന്നുകൂടിക്കിടക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയായെന്ന മേയറുടെ അവകാശവാദം വെറും വീരവാദം മാത്രമാണെന്നും വസ്തുതയുമായി ഇതിന് ബന്ധമില്ലെന്നും ഉണ്ണികൃഷ്ണൻ ചൂണ്ടിക്കാട്ടി. നഗരസഭ ശേഖരിച്ച മാലിന്യങ്ങൾ എവിടേക്കാണ് മാറ്റിയതെന്ന് പരിശോധിക്കണമെന്നും, ചവറുകൾക്കിടയിൽ ഇരുന്ന് പൊങ്കാല ഇടേണ്ട ദുരവസ്ഥയാണ് ഭക്തരായ അമ്മമാർക്ക് ഉണ്ടായതെന്നും നേതാക്കൾ പറഞ്ഞു. ഓൺലൈൻ മാധ്യമങ്ങളെ കൂട്ടുപിടിച്ച് നഗരസഭയുടെ വീഴ്ചകൾ മറച്ചുവെക്കാനാണ് മേയർ ശ്രമിക്കുന്നതെന്നും ഉണ്ണികൃഷ്ണൻ ആരോപിച്ചു.ALSO READ : ‘ഒരു പരസ്യം കണ്ടിട്ട് യു ഡി എഫ് ഇത്ര വിരളേണ്ട ആവശ്യമുണ്ടോ?’; ഫേസ്ബുക്ക് പോസ്റ്റുമായി തോമസ് ഐസക്ശുചീകരണ പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കിയില്ലെങ്കിൽ ഡി.വൈ.എഫ്.ഐയുടെ ‘യൂത്ത് ബ്രിഗേഡ്’ നേരിട്ട് രംഗത്തിറങ്ങുമെന്ന് ചാല ബ്ലോക്ക് സെക്രട്ടറി ആദർശ് ഖാൻ മുന്നറിയിപ്പ് നൽകി. ഡി.വൈ.എഫ്.ഐക്ക് ശുചീകരണത്തിനായി തെരുവിലിറങ്ങേണ്ടി വന്നാൽ, ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ പരാജയപ്പെട്ട മേയർ വി.വി. രാജേഷ് സ്ഥാനമൊഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.The post ആറ്റുകാൽ പൊങ്കാല: ശുചീകരണത്തിൽ നഗരസഭ പരാജയപ്പെട്ടെന്ന് ഡി.വൈ.എഫ്.ഐ; കൗൺസിലർ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് appeared first on Kairali News | Kairali News Live.