ഇന്നത്തെ എല്ലാ പ്രമുഖ പത്രങ്ങളുടെ ഫ്രണ്ട് പേജ് കണ്ട് യുഡിഎഫ് നേതാക്കൾ ഒന്നടങ്കം പരസ്യത്തിനെതിരെ ഇറങ്ങി പുറപ്പിട്ടിട്ടുണ്ടെന്ന് ഡോ. ടി എം തോമസ് ഐസക് . യു ഡി എഫ് ഭരണകാലത്ത് ഉണ്ടായിരുന്ന കാര്യങ്ങളെ ജനങ്ങളെ ഒന്നുകൂടെ ഓർമിപ്പിക്കുന്നതായിരുന്നു ഇന്നത്തെ പരസ്യം. കൃത്യമായി രണ്ട് മുന്നണികളുടെ ഭരണകാലങ്ങളെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. അതിന്റെ ശരിതെറ്റുകളെക്കുറിച്ചാകണം ചർച്ച.അല്ലാതെ സതീശനും രമേശ് ചെന്നിത്തലയും സണ്ണി ജോസഫും കൂടെ ഷാഫി പറമ്പിലും എല്ലാവരുംകൂടി ഇങ്ങനെ പടയ്ക്ക് ഇറങ്ങേണ്ട എന്താണ് ആ പരസ്യത്തിലുള്ളത് എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:എന്താണ് യുഡിഎഫിന്റെ പ്രശ്നം? ഒരു പരസ്യം കണ്ടിട്ട് ഇത്ര വിരളേണ്ട ആവശ്യമുണ്ടോ?സതീശനും രമേശ് ചെന്നിത്തലയും സണ്ണി ജോസഫും കൂടെ ഷാഫി പറമ്പിലും എല്ലാവരുംകൂടി ഇങ്ങനെ പടയ്ക്ക് ഇറങ്ങേണ്ട എന്താണ് ആ പരസ്യത്തിലുള്ളത്?ആദ്യത്തെ പ്രശ്നം, ആരാണ് പരസ്യത്തിന് പണം കൊടുക്കുകയെന്നതാണ്. സർക്കാർ പൊതുപണം എടുത്ത് ഇങ്ങനെയൊക്കെ ചെലവാക്കാൻ പാടുണ്ടോ, ഇല്ലയോ? എൽഡിഎഫ് സർക്കാർ ചെയ്യാൻ പാടില്ലെങ്കിൽ യുഡിഎഫ് സർക്കാരും ചെയ്യാൻ പാടില്ലല്ലോ. ഉമ്മൻ ചാണ്ടി സർക്കാർ പരസ്യത്തിനായി ചെലവഴിച്ച തുക എത്രയെന്ന് സതീശന് അറിയാമോ? 151 കോടി രൂപ! എന്താ അന്ന് ചെലവഴിച്ചത് പൊതു പണം ആയിരുന്നില്ലേ?ഇന്ന് ഇപ്പോൾ കാലം പിന്നെയും മാറി. മറ്റു സംസ്ഥാന സർക്കാരുകളെക്കൊണ്ട് കേരളത്തിൽ പരസ്യം ചെയ്യിക്കുന്ന സ്ഥിതിവരെ ഉണ്ടായിരിക്കുകയാണ്. എത്രയാണ് കേന്ദ്ര സർക്കാർ പരസ്യത്തിനായി ചെലവഴിച്ചുകൊണ്ടിരിക്കുന്ന പണം? ആ വെടിക്കെട്ടുകളുമായി താരതമ്യപ്പെടുത്തുമ്പോൾ കേരള സർക്കാരിന്റെ പരസ്യച്ചെലവ് വെറും ഓലപ്പടക്കം.രണ്ടാമതൊരു ആക്ഷേപം ഞാൻ വായിച്ചത് മാധ്യമ ധാർമ്മികതയുടെ വക്കാലത്ത് ഏറ്റെടുത്തുകൊണ്ടുള്ള ചിലരിൽ നിന്നാണ്. വേറെ ആര് ചെയ്താലും ഹിന്ദു പത്രം ഇങ്ങനെ ചെയ്യാൻ പാടുണ്ടോ? വായനക്കാരെ ഇങ്ങനെ ബോധപൂർവ്വം തെറ്റിദ്ധരിപ്പിക്കാമോ? എങ്ങനെ? ആദ്യ പേജിൽ പത്ത് വർഷം മുമ്പുള്ള സ്ഥിതിയല്ലേ? വായനക്കാർ മുഴുവൻ അമ്പരക്കുക ആ വാർത്തകളിൽ കാണുന്ന ഒരു അവസ്ഥയിലേക്ക് കേരളം എത്തിയോ എന്നല്ലേ? ആരെങ്കിലും പരാതിപ്പെടണമെങ്കിൽ നിലവിലുള്ള സർക്കാരിനെ പിന്തുണയ്ക്കുന്ന ആരെങ്കിലുമല്ലേ പരാതിപ്പെടേണ്ടത്.യുഡിഎഫിന്റെ പ്രചാരണം മുഴുവൻ കഴിഞ്ഞ പത്ത് വർഷക്കാലത്തെ നേട്ടങ്ങളെക്കുറിച്ചുള്ള അസത്യപ്രചാരണമാണ്. മറച്ചുവയ്ക്കുന്നത് അവരുടെ ഇരുണ്ടകാലമാണ്. ഇവരണ്ടും ഒരുമിച്ച് ഏതൊരു കൊച്ചുകുട്ടിക്കും മനസിലാകുന്ന രീതിയിൽ താരതമ്യപ്പെടുത്തിയിരിക്കുകയാണ്. ആ താരതമ്യമാകട്ടെ ബോറഡിപ്പിക്കുന്ന പട്ടികകളുടെയും മറ്റും രൂപത്തിൽ അല്ല. പണ്ട് പത്രത്തിൽ മലയാളികൾ വായിച്ച കഥകളെയൊക്കെ ഓർമ്മിപ്പിക്കുന്ന രീതിയിലാണ്. അത് ഉണർത്തുന്ന കൗതുകം ഏതൊരു വായനക്കാരനെയും എന്താണ് ഈ പരസ്യമെന്ന് അന്വേഷിപ്പിക്കാൻ പ്രേരിപ്പിക്കും. വായനക്കാരന്റെ അന്വേഷണത്തിന്റെ ഫലമായിട്ടാണ് വാസ്തവം കണ്ടെത്തുക. അതുകൊണ്ട് അത് തറയ്ക്കും.മൂന്നാമത്തെ ആക്ഷേപം നിലവിലുള്ള സർക്കാരിന്റെ കാര്യം പറയാമെന്നല്ലാതെ പഴയ സർക്കാരിനെക്കുറിച്ച് മോശം പറയാൻ പിആർഡി പണം ചെലവഴിക്കരുതെന്നുള്ളതാണ്. പറയുന്നത് മോശമാണോ പ്രശംസയാണോ എന്നതല്ല, ശരിയാണോ തെറ്റാണോ എന്നതാണ് പ്രശ്നം. കൃത്യമായി രണ്ട് മുന്നണികളുടെ ഭരണകാലങ്ങളെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. അതിന്റെ ശരിതെറ്റുകളെക്കുറിച്ചാകണം ചർച്ച. യുഡിഎഫ് ഓടിയൊളിച്ചാലും ഞങ്ങൾ പിന്തുടർന്നുവന്ന് ഈ ചോദ്യങ്ങൾ ഉയർത്തിക്കൊണ്ടേയിരിക്കും.ചുമ്മതല്ല, യുഡിഎഫ് നേതാക്കൾ ഒന്നടങ്കം പരസ്യത്തിനെതിരെ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. “എന്നാൽ താൻ പോയി കേസ് കൊടുക്ക്”.The post ‘ഒരു പരസ്യം കണ്ടിട്ട് യു ഡി എഫ് ഇത്ര വിരളേണ്ട ആവശ്യമുണ്ടോ?’; ഫേസ്ബുക്ക് പോസ്റ്റുമായി തോമസ് ഐസക് appeared first on Kairali News | Kairali News Live.