മുംബൈ | ടി20 ലോകകപ്പിലെ ഗ്ലാമർ പോരാട്ടത്തിൽ ഇന്ന് ഇന്ത്യയും ഇംഗ്ലണ്ടും സെമിഫൈനലിൽ ഏറ്റുമുട്ടുമ്പോൾ ക്രിക്കറ്റ് പ്രേമികളുടെ കണ്ണുകൾ വാംഖഡെയിലെ ആകാശത്തേക്കും പിച്ചിലേക്കുമാണ്. ടൂർണമെന്റിലുടനീളം മഴ വില്ലനായിരുന്നെങ്കിലും ഇന്നത്തെ രണ്ടാം സെമിയിൽ മഴ ഭീഷണിയില്ലെന്നത് ആരാധകർക്ക് ആശ്വാസം നൽകുന്നു. എന്നാൽ മഴയേക്കാൾ വലിയൊരു ഭീഷണി വാംഖഡെയിൽ ഇന്ത്യയെ കാത്തിരിക്കുന്നുണ്ട്; അത് മുംബൈയിലെ കനത്ത മഞ്ഞുവീഴ്ചയാണ് (Dew Factor). രാത്രി കളി പുരോഗമിക്കുമ്പോൾ പിച്ചിൽ മഞ്ഞുവീഴുന്നത് രണ്ടാമത് പന്തെറിയുന്ന ടീമിന് വലിയ തിരിച്ചടിയാകും. പന്ത് ഗ്രിപ്പ് ചെയ്യാൻ ബൗളർമാർക്കും ഫീൽഡർമാർക്കും പ്രയാസമുണ്ടാകുമെന്നതിനാൽ ടോസ് ലഭിക്കുന്ന ക്യാപ്റ്റൻ ആദ്യം ഫീൽഡിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത.വാംഖഡെയിലെ പിച്ച് ബാറ്റിംഗിന് പറുദീസയാണെങ്കിലും തുടക്കത്തിൽ പുല്ലിന്റെ സാന്നിധ്യമുള്ളതിനാൽ ജസ്പ്രീത് ബുംറയ്ക്കും ജോഫ്ര ആർച്ചർക്കും വേഗതയും സ്വിംഗും ലഭിക്കാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ ബോളിംഗ് കോച്ച് മോണി മോർക്കൽ വ്യക്തമാക്കി. ചെറിയ ബൗണ്ടറികളായതിനാൽ അഭിഷേക് ശർമ്മയെയും ഫിൽ സാൾട്ടിനെയും പോലുള്ള വെടിക്കെട്ട് ബാറ്റർമാർക്ക് വലിയ സ്കോറുകൾ നേടാൻ സാധിക്കും. ഇന്ന് മുംബൈയിൽ 29 മുതൽ 31 ഡിഗ്രി വരെ താപനില അനുഭവപ്പെടുമെങ്കിലും കടൽക്കാറ്റും ഹ്യുമിഡിറ്റിയും കളിക്കാർക്ക് വെല്ലുവിളിയാകും.ഇന്ത്യൻ നിരയിൽ സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്, ഹാർദിക് പട്ടേൽ എന്നിവരുടെ ബാറ്റിംഗ് പ്രകടനം നിർണ്ണായകമാകും. വരുൺ ചക്രവർത്തിയുടെ സ്പിൻ തന്ത്രങ്ങൾക്ക് മഞ്ഞുവീഴ്ച തടസ്സമാകുമോ എന്ന ആശങ്ക ടീം മാനേജ്‌മെന്റിനുണ്ട്.ഇന്ന് വിജയിക്കുന്നവർ മാർച്ച് എട്ടിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മഹാപോരാട്ടത്തിൽ കിരീടത്തിനായി പോരാടും. സ്വന്തം നാട്ടിൽ ലോകകിരീടം ഉയർത്താൻ സൂര്യകുമാറിനും സംഘത്തിനും ലഭിക്കുന്ന സുവർണ്ണാവസരമാണിത്. മറുഭാഗത്ത് ഹാരി ബ്രൂക്കിന്റെ ഇംഗ്ലണ്ട് നിലവിലെ ചാമ്പ്യന്മാരുടെ കരുത്തുമായിട്ടാണ് മുംബൈയിൽ ഇറങ്ങുന്നത്. SummaryIndia faces England in the crucial second semi-final of the T20 World Cup 2026 at Wankhede Stadium today. While the weather forecast predicts no rain, the heavy dew factor remains a significant concern for the team bowling second under the lights. Both teams are likely to field their strongest playing XIs, with the winner advancing to the grand finale in Ahmedabad on March 8.