തൃക്കുന്നപ്പുഴ| പോലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതികളായ 11 പേരെയും കോടതി വെറുതെ വിട്ടു. ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് ജഡ്ജി എം സുഹൈബ് പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടത്. 2016 ജനുവരി 23 നാണ് ഗവ യു പി സ്‌കൂളിന് സമീപം കേസിനാസ്പദമായ സംഭവം നടന്നത്. നമ്പര്‍ പ്ലേറ്റില്ലാത്ത മോട്ടോര്‍ സൈക്കിള്‍ കൈവശം വെച്ചതിന് കറുകത്തറ പടിറ്റതില്‍ അന്‍സാറിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ബലമായി മോചിപ്പിക്കാന്‍ ശ്രമിച്ചത് തടഞ്ഞ സിവില്‍ പോലീസ് ഓഫീസര്‍ സുധീഷിനെ മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. സംഭവത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ വിഷ്ണു, സനല്‍ കുമാര്‍, ഹോം ഗാര്‍ഡ് ജയകുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ പ്രതീഷ് കുമാര്‍ എന്നിവര്‍ക്ക് പരുക്കേല്‍ക്കുകയും പോലീസ് ജീപ്പിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു.കേസില്‍ പ്രതികളായ പാനൂര്‍ സ്വദേശികളായ കറുകത്തറ പടീറ്റതില്‍ അന്‍സര്‍, പൂത്തറ ഷാജി, കിഴക്കത്തുശ്ശേരില്‍ പടീറ്റതില്‍ സനൂപ്, പൂത്തറ കിഴക്കതില്‍ ബഷീര്‍, ചക്കനാട്ടുതുണ്ടില്‍ ഷംഷാദ്, പറത്തറയില്‍ അബ്ദുല്‍ഖാദര്‍, കണ്ണമ്പള്ളില്‍ മുഹമ്മദ് അസ്ലം, പുത്തന്‍ കണ്ടത്തില്‍ അബ്ദുല്‍ വാഹിദ്, പറത്തറയില്‍ സുനുമോന്‍, കരീനാട്ട് നവാസ്, പാലപ്പള്ളി കരയില്‍ ഷെരീഫ് എന്നിവരെയാണ് കോടതി വിട്ടയച്ചത്. പ്രതികള്‍ക്കായി അഭിഭാഷകരായ എം. ഇബ്രാഹിംകുട്ടി, ജെ.യു. അര്‍ജുന്‍, ടി.എസ്. താഹ എന്നിവര്‍ കോടതിയില്‍ ഹാജരായി.