മഅ്ദിന്‍ 30-ാം വാര്‍ഷികം: ഇന്ത്യ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് പ്രഖ്യാപിച്ചു

Wait 5 sec.

മലപ്പുറം | മൂന്ന് പതിറ്റാണ്ടിന്റെ വൈജ്ഞാനിക പാരമ്പര്യം ആഘോഷിക്കുന്ന മഅ്ദിന്‍ അക്കാദമി, 30-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘ഇന്ത്യ ഹോളി ഖുര്‍ആന്‍ അവാര്‍ഡ്’ പ്രഖ്യാപിച്ചു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി എന്നിവര്‍ ചേര്‍ന്ന് പ്രഖ്യാപന കര്‍മം നിര്‍വഹിച്ചു.ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഖുര്‍ആന്‍ പഠന കേന്ദ്രങ്ങളും പ്രതിഭകളും അണിനിരക്കുന്ന, ഖുര്‍ആന്‍ വിജ്ഞാന മത്സരം ഉള്‍പ്പെടെ ഖുര്‍ആന്‍ പഠന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ട് അഞ്ച് കോടി രൂപയുടെ പദ്ധതിയാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.ഖുര്‍ആന്‍ മനപ്പാഠ (ഹിഫ്സ്) വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തിന് 11,11,111 രൂപയും വിശിഷ്ടമായ ‘ഗാര്‍ഡിയന്‍ ഓഫ് ദി ഖുര്‍ആന്‍’ കിരീടവും എക്സലന്‍സ് കപ്പും ലഭിക്കും. രണ്ടാം സ്ഥാനത്തിന് മൂന്നുലക്ഷം രൂപയും മൂന്നാം സ്ഥാനത്തിന് രണ്ടുലക്ഷം രൂപയുമാണ് സമ്മാനം. ഖിറാഅത്ത് വിഭാഗത്തിലെ ഒന്നാം സ്ഥാനത്തിന് മൂന്നുലക്ഷം രൂപയും നാഷണല്‍ ഖിറാഅത്ത് എക്സലന്‍സ് ട്രോഫിയും രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് ഒരുലക്ഷം രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 50,000 രൂപയും സമ്മാനമുണ്ട്. എല്ലാ വിഭാഗത്തിലുമായി 16 ലക്ഷത്തോളം രൂപയാണ് സമ്മാനമായി നല്‍കുന്നത്. മറ്റു വിവിധ പ്രോത്സാഹന സമ്മാനങ്ങളുമുണ്ടാകും.ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രമുഖ ഖുര്‍ആന്‍ പഠന സ്ഥാപനങ്ങളുമായും പണ്ഡിതന്മാരുമായും സഹകരിച്ചാണ് ഇന്ത്യ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് നടപ്പിലാക്കുന്നത്. രാജ്യത്തെ ഖുര്‍ആന്‍ പാരായണ-പഠന രീതികള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്നതാണ് പ്രധാന ലക്ഷ്യം. വ്യാപകമായി തെറ്റിദ്ധരിപ്പിക്കപ്പെടുന്ന വിശുദ്ധ ഖുര്‍ആന്‍ ദര്‍ശനങ്ങളുടെ പൊരുള്‍ യഥാര്‍ഥ സ്രോതസ്സുകള്‍ അടിസ്ഥാനമാക്കി പഠിക്കാനുള്ള അവസരം ഒരുക്കും.www.indiaquranaward.com എന്ന വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 2026 മെയ് ഒന്ന് മുതല്‍ ആഗസ്റ്റ് 30 വരെയാണ് അപേക്ഷിക്കാനുള്ള സമയം. വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന പ്രാഥമിക ഘട്ട മത്സരങ്ങള്‍ക്ക് ശേഷം തിരഞ്ഞെടുക്കപ്പെടുന്നവര്‍ പങ്കെടുക്കുന്ന ഗ്രാന്‍ഡ് ഫൈനല്‍ 2027-ലെ വിശുദ്ധ റമസാന്‍ മാസത്തിലായിരിക്കും നടക്കുക.