ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ (ജെ ഇ ഇ), നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്), കോമൺ യൂനിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ് (സി യു ഇ ടി) തുടങ്ങിയ ദേശീയതല മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി സൗജന്യ പഠന പ്ലാറ്റ്ഫോം “സാത്തി’ ആപ്പ് പുറത്തിറക്കി. കാൺപൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ ഐ ടി) യുമായി സഹകരിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് ആപ്പ് പുറത്തിറക്കിയത്.ഐ ഐ ടികളിലെയും മറ്റ് പ്രശസ്ത സ്ഥാപനങ്ങളിലെയും വിദഗ്ധർ തയ്യാറാക്കിയ വീഡിയോകളും പഠനക്കുറിപ്പുകളും സാത്തിയിൽ ലഭ്യമാണ്. മോക്ക് ടെസ്റ്റുകൾ, വിലയിരുത്തലുകൾ, വിശദമായ പഠന സാമഗ്രികൾ, മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകൾ എന്നിവയും ആപ്പിൽ ഉൾപ്പെടുന്നു. വിവിധ ഭാഷകളിൽ ഇത് ലഭ്യമാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളുടെ പഠനം മെച്ചപ്പെടുത്താനാണ് പുതിയ പദ്ധതി ആവിഷ്കരിച്ചത്. വിദ്യാർഥികൾക്ക് എപ്പോൾ വേണമെങ്കിലും പ്ലാറ്റ്ഫോം ഉപയോഗിക്കാം.ജെ ഇ ഇ, നീറ്റ്, സി യു ഇ ടി പരീക്ഷകൾക്ക് പുറമേ, കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (ക്ലാറ്റ്), സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ് എസ് സി) , റെയിൽവേ റിക്രൂട്ട്മെന്റ്ബോർഡ് (ആർ ആർ ബി) , ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബേങ്കിംഗ് പേഴ്സനൽ സെലക്‌ഷൻ (ഐ ബി പി എസ്), ഐ സി എ ആർ തുടങ്ങിയ പരീക്ഷകൾക്കും ആപ്പ് സഹായകരമാകും. വിദ്യാർഥികൾക്ക് ചോദ്യങ്ങൾ ചോദിക്കാനും സംശയങ്ങൾ പരിഹരിക്കാനും പ്ലാറ്റ്ഫോമിൽ സൗകര്യമുണ്ട്. മാറിക്കൊണ്ടിരിക്കുന്ന പരീക്ഷാ പാറ്റേണുകൾക്ക് അനുസൃതമായി ഉള്ളടക്കം എല്ലാ ദിവസം അപ്ഡേറ്റ് ചെയ്യും.