ഇറാന് നേരെ യു എസും ഇസ്‌റാഈലും നടത്തുന്ന ആക്രമണവും തുടര്‍ന്നുള്ള പ്രത്യാക്രമണങ്ങളും ലോകത്തിന്റെയാകെ ദുരന്തമായി തുടരുകയാണ്. കടുത്ത ഇന്ധന ക്ഷാമവും വിലക്കയറ്റവും മിക്ക രാജ്യങ്ങളും അനുഭവിക്കുന്നു. നേരിട്ട് ആക്രമണം നേരിടുന്ന രാജ്യങ്ങള്‍ മാത്രമല്ല കെടുതി അനുഭവിക്കുന്നത്. ആക്രമണം ഇങ്ങനെ തുടര്‍ന്നാല്‍ ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്കാകും സഞ്ചരിക്കുക. ഈ ദുരിതങ്ങളുടെയെല്ലാം അടിസ്ഥാന കാരണം സയണിസ്റ്റ് രാഷ്ട്രത്തിന്റെ അധിനിവേശ വ്യാമോഹമാണ്. മേഖലയില്‍ ഇസ്‌റാഈല്‍ നടത്തുന്ന അതിക്രമങ്ങളെ എതിര്‍ത്ത് നില്‍ക്കുന്നുവെന്നതും സുസ്ഥിര ഭരണസംവിധാനത്തിന് കീഴില്‍ എല്ലാ കുതന്ത്രങ്ങളെയും അതിജീവിക്കുന്നുവെന്നതുമാണ് ഇറാനെ ഇസ്‌റാഈലിന്റെ ഒന്നാം നമ്പര്‍ ശത്രുവാക്കിത്തീര്‍ക്കുന്നത്. ഇസ്‌റാഈല്‍ രാഷ്ട്രത്തിന്റെ രൂപവത്കരണം തന്നെ അതിക്രമത്തിലൂടെയാണെന്ന നിലപാടില്‍ ഇറാന്‍ ഉറച്ച് നില്‍ക്കുകയും ചെയ്യുന്നു. ഗസ്സയില്‍ 72,000ത്തിലധികം പേരെ കൊന്നുതള്ളിയാണ് ഇറാനെതിരെ ഇസ്‌റാഈല്‍ തിരിഞ്ഞിരിക്കുന്നത്.സ്വയം ആണവ ശക്തിയായ ഇസ്‌റാഈല്‍ ഇറാന്റെ ആണവ പരിപാടിയെച്ചൊല്ലി ഭയം വിതക്കുന്നു. ഫലസ്തീന്‍ അധിനിവേശം സമ്പൂര്‍ണമായി നടപ്പാക്കുന്നതിനെതിരെ പരിമിത പ്രതിരോധമെങ്കിലും നടത്തുന്നത് ഇറാനും ആ രാജ്യത്തെ പിന്തുണക്കുന്ന ഗ്രൂപ്പുകളുമാണ്.ലോകത്തിന്റെ കണ്ണുകള്‍ മുഴുവന്‍ ഇറാന്‍ ആക്രമണ, പ്രത്യാക്രമണങ്ങളിലേക്ക് നീങ്ങവേ ഗസ്സയിലെ മനുഷ്യര്‍ വാര്‍ത്തയില്‍ നിന്ന് നിഷ്‌ക്രമിച്ചിരിക്കുകയാണ്. പേരിന് തുടരുന്ന വെടിനിര്‍ത്തലിനിടെയും പശ്ചിമേഷ്യയാകെ ആക്രമണ ഭീതിയില്‍ നില്‍ക്കുമ്പോഴും ഗസ്സയിലും വെസ്റ്റ് ബാങ്കിലും ക്രൂരമായ ആക്രമണവും മനുഷ്യത്വവിരുദ്ധമായ ഉപരോധവും തുടരുകയാണ് ഇസ്‌റാഈല്‍. ഈ മാസം ഒന്നിനാണ് ഇസ്‌റാഈല്‍ ഗസ്സയുടെ ഈജിപ്തുമായുള്ള റഫ ക്രോസ്സിംഗ് അടച്ചത്. ഇറാനുമായുള്ള ഏറ്റുമുട്ടല്‍ കാരണം മേഖലയില്‍ നടപ്പാക്കിയ “അനിവാര്യമായ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമാണിതെ’ന്നാണ് ഇസ്‌റാഈല്‍ സേന അവകാശപ്പെടുന്നത്. മാനുഷിക സഹായം എത്തിക്കുന്നതിനും ഗസ്സയില്‍ നിന്ന് ഗുരുതരാവസ്ഥയിലുള്ള രോഗികളെ ചികിത്സക്കായി പുറത്തേക്ക് കൊണ്ടുപോകുന്നതിനും റഫ ക്രോസ്സിംഗ് നിര്‍ണായകമാണ്.സംഘര്‍ഷവും റഫ ക്രോസ്സിംഗ് അടച്ചുപൂട്ടലും ഗസ്സയില്‍ വലിയ ഭക്ഷ്യക്ഷാമമാണ് സൃഷ്ടിച്ചത്. ദിനംപ്രതി ആക്രമണം തുടരുന്ന ഇടമാണ് ഇന്നും ഗസ്സ. ശനിയാഴ്ച തെക്കന്‍ ഗസ്സയിലെ ഖാന്‍ യൂനുസില്‍ പിതാവും മകളും ഇസ്‌റാഈലിന്റെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അതേ ദിവസം ഖാന്‍ യൂനുസില്‍ തന്നെ നടന്ന മറ്റൊരു ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഒരു പെണ്‍കുട്ടിക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പാചക വാതകത്തിലും ഇന്ധനത്തിലും ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ക്ഷാമം ഗസ്സയില്‍ പുതിയ സാഹചര്യത്തില്‍ രൂക്ഷമായിരിക്കുന്നു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു ശേഷം പോലും വരുന്ന വാതക വിതരണം ജനങ്ങളുടെ യഥാര്‍ഥ ആവശ്യങ്ങളേക്കാള്‍ വളരെ കുറവാണെന്ന് യു എന്‍ ഏജന്‍സി വ്യക്തമാക്കുന്നു.ജീവന്‍രക്ഷാ മരുന്നുകള്‍ക്കും ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കുമുള്ള മരുന്നുകള്‍ക്കും കടുത്ത ക്ഷാമമാണ് ഗസ്സയില്‍ അനുഭവപ്പെടുന്നതെന്നാണ് ആംനസ്റ്റി ഇന്റര്‍നാഷനല്‍ പുറത്തുവിട്ട റിപോര്‍ട്ട്. ഗസ്സയില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ പാലിക്കപ്പെടുന്നുണ്ടോ? ട്രംപിന്റെ ഗസ്സാ പ്ലാനിന്റെ ഭാഗമായി വന്ന വെടിനിര്‍ത്തല്‍ നിര്‍ദേശത്തിലെ പുനര്‍നിര്‍മാണമടക്കമുള്ളവ നടപ്പാക്കുന്നത് എന്ന് ആരംഭിക്കും? ഇറാന്‍ കേന്ദ്രീകരിച്ചുള്ള ആക്രമണം അവസാനിച്ചാല്‍ ഗസ്സ പിടിച്ചടക്കാനാകുമോ ട്രംപ് വരിക?അധിനിവിഷ്ട കിഴക്കന്‍ ജറൂസലമിലെ അല്‍അഖ്സ പള്ളിയില്‍ ചരിത്രത്തിലൊരിക്കലുമില്ലാത്ത നിയന്ത്രണങ്ങളാണ് ഈ റമസാനില്‍ തുടരുന്നത്. വെള്ളിയാഴ്ച പ്രാര്‍ഥനകള്‍ റദ്ദാക്കി. ഇറാന്‍ “പ്രതികാര ആക്രമണം’ ആരംഭിച്ച സാഹചര്യത്തിലാണ് തീരുമാനമെന്നാണ് ഇസ്‌റാഈല്‍ സിവില്‍ അഡ്മിനിസ്‌ട്രേഷന്‍ അവകാശപ്പെടുന്നത്. വെസ്റ്റ് ബാങ്കില്‍ അതിവേഗം ജൂത കൈയേറ്റം നടക്കുകയാണ്. പ്രദേശത്തിന്റെ നല്ലൊരു ഭാഗം സ്റ്റേറ്റ് ലാന്‍ഡായി പ്രഖ്യാപിക്കുന്ന ബില്ലിന് ഇസ്‌റാഈല്‍ നെസ്സറ്റ് അംഗീകാരം നല്‍കിയതിന് പിറകേയാണ് അധിനിവേശം ശക്തമാക്കിയത്.കഴിഞ്ഞ ദിവസം നബ്‌ലസിലെ അസ്‌കര്‍ അഭയാര്‍ഥി ക്യാമ്പിന് നേരെ ക്രൂരമായ ആക്രമണം നടന്നു. ഗ്രാമങ്ങളിലേക്ക് സൈന്യത്തിന്റെ അകമ്പടിയോടെ ജൂത കൈയേറ്റക്കാര്‍ ഇരച്ചെത്തുകയും കുടിയൊഴിപ്പിക്കുകയുമാണ്. സഞ്ചാര നിയന്ത്രണം അടിച്ചേല്‍പ്പിക്കുന്നതും തുടരുന്നു. കഴിഞ്ഞ പത്ത് ദിവസമായി, വെസ്റ്റ് ബാങ്ക് ഗവര്‍ണറേറ്റുകള്‍ക്കിടയിലുള്ള സഞ്ചാരം നിരോധിക്കുന്ന ഉത്തരവുകള്‍ അടങ്ങിയ ലഘുലേഖകള്‍ ഇസ്‌റാഈല്‍ അധികൃതര്‍ ഗ്രാമീണ സമൂഹങ്ങളില്‍ വിതറുകയാണ്.വെസ്റ്റ് ബാങ്കിലും കൊലപാതകങ്ങള്‍ നിരന്തരം അരങ്ങേറുന്നു. ശനിയാഴ്ച, ഹെബ്രോണിന് തെക്കുള്ള മസാഫര്‍ യാട്ടയില്‍ നടന്ന ആക്രമണത്തില്‍ ഫലസ്തീന്‍ യുവാവിനെ ജൂത തീവ്രവാദികള്‍ കൊലപ്പെടുത്തിയതായി ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സിയായ വഫ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം വെസ്റ്റ് ബാങ്കിലുടനീളം ഇസ്‌റാഈല്‍ കൈയേറ്റക്കാര്‍ നടത്തിയ ആക്രമണങ്ങളില്‍ കുറഞ്ഞത് മൂന്ന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.ഫലസ്തീനിലും ലബനാനിലും സിറിയയിലുമെല്ലാം നടക്കുന്ന ആക്രമണങ്ങള്‍ വിശാല ഇസ്‌റാഈലെന്ന അധിനിവേശ പദ്ധതിയുടെ ഭാഗമാണ്. ഇറാനെ ശിഥിലമാക്കുന്നതിന്റെ ലക്ഷ്യവും മറ്റൊന്നല്ല. പ്രത്യാക്രമണ ലക്ഷ്യമായി ഇറാന്‍ അറബ് രാജ്യങ്ങളെ തിരഞ്ഞെടുക്കുമ്പോള്‍ ഊറിച്ചിരിക്കുന്നത് ഇസ്‌റാഈലാണ്. സംഘര്‍ഷഭരിതമായ പശ്ചിമേഷ്യയാണ് അവരുടെ ലക്ഷ്യം. അതുകൊണ്ട് ഫലസ്തീന്‍ അധിനിവേശത്തെയും മറ്റ് സയണിസ്റ്റ് പദ്ധതികളെയും വേര്‍തിരിച്ച് കാണാനാകില്ല. ഇറാന്‍ ആക്രമണത്തിനിടയിലും ഫലസ്തീനില്‍ കുരുതിയും പട്ടിണിക്കിടലും കുടിയിറക്കലും നിർത്താതെ ഇസ്‌റാഈല്‍ അതിന്റെ ക്രൗര്യം തുടരുന്നത് ഇതിന് തെളിവാണ്.