ഡൽഹിയിൽ നിന്ന് വാൻകൂവറിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ എഐ185 (AI185) വിമാനം, നിശ്ചിത റൂട്ടിൽ പറക്കാൻ അനുമതിയില്ലാത്ത വിമാനം ഉപയോഗിച്ചതിനെത്തുടർന്ന് എട്ട് മണിക്കൂർ യാത്രയ്ക്ക് ശേഷം ഇന്ത്യയിലേക്ക് തിരികെ പറക്കേണ്ടി വന്നു . വ്യാഴാഴ്ച രാവിലെ 11.34-ഓടെ ഡൽഹിയിൽ നിന്ന് യാത്രക്കാരുമായി ടേക്ക് ഓഫ് ചെയ്ത വിമാനം ചൈനീസ് വ്യോമാതിർത്തിയിൽ എത്തിയപ്പോഴാണ് അധികൃതർക്ക് പിഴവ് ബോധ്യപ്പെട്ടത്. ഹിമാലയൻ മേഖലകൾ ഉൾപ്പെടുന്ന വാൻകൂവർ റൂട്ടിൽ ഉയർന്ന പ്രദേശങ്ങളിലൂടെ പറക്കാൻ ആവശ്യമായ പ്രത്യേക അടിയന്തര ഓക്സിജൻ സംവിധാനങ്ങളുള്ള ബോയിംഗ് 777-300 ഇ ആർ (Boeing 777-300 ER) വിമാനങ്ങൾക്കാണ് അനുമതിയുള്ളത്. എന്നാൽ എയർ ഇന്ത്യ ഈ സർവീസിനായി നിയോഗിച്ചത് ഇത്തരം സജ്ജീകരണങ്ങളില്ലാത്ത ബോയിംഗ് 777-200 എൽആർ (Boeing 777-200 LR) വിമാനമായിരുന്നു.ALSO READ : പശ്ചിമേഷ്യൻ സംഘർഷം:’ഒരു നിലപാട് എടുക്കുന്നതിന് വേണ്ടി മാത്രം എന്തെങ്കിലും പറഞ്ഞാൽ അതിനെ ഗൗരവമായി എടുക്കേണ്ടതില്ല’; ശശി തരൂരിനെ വിമർശിച്ച് കോണ്‍ഗ്രസ് നേതാവ്തെറ്റായ വിമാനമാണ് അയച്ചതെന്ന് തിരിച്ചറിഞ്ഞ ഉടൻ തന്നെ പൈലറ്റിനോട് വിമാനം തിരികെ കൊണ്ടുവരാൻ അധികൃതർ നിർദ്ദേശം നൽകുകയായിരുന്നു. ഇതോടെ ആകാശമധ്യേ വെച്ച് യു-ടേൺ എടുത്ത വിമാനം എട്ട് മണിക്കൂറോളം നീണ്ട പറക്കലിന് ശേഷം തിരികെ ഡൽഹിയിൽ തന്നെ ലാൻഡ് ചെയ്തു. ഈ വീഴ്ച മൂലം യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. യാത്രക്കാരെ നിലവിൽ ഹോട്ടലുകളിലേക്ക് മാറ്റിയതായും, വെള്ളിയാഴ്ച രാവിലെ ശരിയായ വിമാനം ഉപയോഗിച്ച് യാത്ര പുനരാരംഭിക്കുമെന്നും എയർലൈൻ വക്താവ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.The post 8 മണിക്കൂർ ആകാശത്ത്, ഒടുവിൽ യു-ടേൺ; എയർ ഇന്ത്യയ്ക്ക് സംഭവിച്ചത് വൻ വീഴ്ച appeared first on Kairali News | Kairali News Live.