കാബൂള്‍| അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലെ മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ചികിത്സിക്കുന്ന ആശുപത്രിക്ക് നേരെ പാകിസ്താന്‍ നടത്തിയ വ്യോമാക്രമണത്തില്‍ 400 പേര്‍ കൊല്ലപ്പെട്ടതായി താലിബാന്‍. ആക്രമണത്തില്‍ 250ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പ്രാദേശിക സമയം രാത്രി ഒമ്പത് മണിയോടെയാണ് ആക്രമണമുണ്ടായത്. അതേസമയം, ആശുപത്രി ആക്രമിച്ചിട്ടില്ലെന്നും കാബൂളിലെയും നംഗഹാര്‍ പ്രവിശ്യയിലെയും സൈനിക കേന്ദ്രങ്ങള്‍ മാത്രമാണ് ലക്ഷ്യമിട്ടതെന്നും പാകിസ്താന്‍ പ്രതികരിച്ചു.കാബൂളിലെ ഒമര്‍ അഡിക്ഷന്‍ ട്രീറ്റ്മെന്റ് ഹോസ്പിറ്റലിന് നേരെയാണ് വ്യോമാക്രമണമുണ്ടായത്. 2000 കിടക്കകളുള്ള ആശുപത്രിയുടെ കെട്ടിടങ്ങളില്‍ ഭൂരിഭാഗവും ആക്രമണത്തില്‍ തകര്‍ന്നതായി താലിബാന്‍ സര്‍ക്കാരിന്റെ ഡെപ്യൂട്ടി വക്താവ് ഹംദുല്ല ഫിത്രത് പറഞ്ഞു. ആക്രമണത്തെ തുടര്‍ന്ന് ആശുപത്രിയില്‍ വലിയ രീതിയില്‍ തീപ്പിടിത്തമുണ്ടായി. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും ഹംദുല്ല ഫിത്രത് അറിയിച്ചു.ഇരുരാജ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍ മൂന്നാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. നേരത്തെ അതിര്‍ത്തിയില്‍ ഇരു വിഭാഗവും വെടിവെപ്പ് നടത്തിയിരുന്നു. തുടര്‍ന്ന് അഫ്ഗാനിസ്ഥാനില്‍ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഈ ആക്രമണം നടന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.