വി എസ് അച്യുതാനന്ദന്റെ മുന്‍ പിഎ എ സുരേഷ് കോണ്‍ഗ്രസില്‍

Wait 5 sec.

പാലക്കാട്|വി എസ് അച്യുതാനന്ദന്റെ മുന്‍ പേഴ്സണല്‍ അസിസ്റ്റന്റ് എ സുരേഷ് കോണ്‍ഗ്രസില്‍. എ സുരേഷിന് പാലക്കാട് ഡിസിസി ഓഫീസില്‍ വെച്ച് പ്രസിഡന്റ് എ തങ്കപ്പന്‍ അംഗത്വം നല്‍കി. സുരേഷ് മലമ്പുഴ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കും. കൈപ്പത്തി ചിഹ്നത്തില്‍ അല്ലാതെ മത്സരിച്ചാല്‍ വോട്ടുകുറയുമെന്ന് നേരത്തെ പാര്‍ട്ടി വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരേഷിന് പാര്‍ട്ടി ചിഹ്നം നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. എ സുരേഷിലൂടെ മലമ്പുഴ മണ്ഡലത്തില്‍ വോട്ട് വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.കോണ്‍ഗ്രസില്‍ ചേരുന്നത് സ്വയമെടുത്ത തീരുമാനമാണെന്നും നേതൃത്വം ആവശ്യപ്പെട്ടിട്ടല്ലെന്നും സുരേഷ് പറഞ്ഞു. പാലക്കാട്ട് പുതുയുഗയാത്രയില്‍ പങ്കെടുത്ത സുരേഷിനെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചിരുന്നു. സിപിഎമ്മിനെ സ്നേഹിക്കുന്നവര്‍ ഈ ഭരണം വെറുക്കുന്നുവെന്നു എ സുരേഷ്  ആരോപിച്ചിരുന്നു. 2013 മേയ് 12, 13 തീയതികളില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗമാണ് സുരേഷിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത്. പാര്‍ട്ടി കമ്മിറ്റിയിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി, വിഎസിന്റെ ഇമേജ് വര്‍ധിപ്പിക്കാന്‍ വാര്‍ത്തകള്‍ നിര്‍മിച്ച് മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്തു തുടങ്ങിയവയായിരുന്നു സുരേഷിനെതിരെയുള്ള ആരോപണം.