റിയാദ്: സൗദി അറേബ്യയുടെ പരമാധികാരത്തിന് മേലുള്ള ഇറാന്റെ കടന്നുകയറ്റത്തെയും ആക്രമണങ്ങളെയും ശക്തമായി അപലപിച്ച് സൗദി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി.സൗദി അറേബ്യക്കും മറ്റ് ജിസിസി രാജ്യങ്ങൾക്കും നേരെ ഇറാൻ നടത്തുന്ന നയതന്ത്ര ലംഘനങ്ങളിൽ പ്രതിഷേധിച്ച് റിയാദിലെ ഇറാൻ എംബസിയിലെ മിലിട്ടറി അറ്റാഷെ ഉൾപ്പെടെയുള്ള അഞ്ച് ഉദ്യോഗസ്ഥരെ സൗദി അറേബ്യ പുറത്താക്കി.റിയാദിലെ ഇറാൻ എംബസിയിലെ മിലിട്ടറി അറ്റാഷെ, അസിസ്റ്റന്റ് മിലിട്ടറി അറ്റാഷെ, മിഷനിലെ മറ്റ് മൂന്ന് അംഗങ്ങൾ എന്നിവരെയാണ് ‘അഭികാമ്യമല്ലാത്ത വ്യക്തികളായി’ (Persona non grata) പ്രഖ്യാപിച്ചത്.ഇവർ 24 മണിക്കൂറിനുള്ളിൽ സൗദി അറേബ്യ വിട്ടുപോകണമെന്ന് മന്ത്രാലയം കർശന നിർദ്ദേശം നൽകി. ഇറാന്റെ തുടർച്ചയായ ആക്രമണങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഭാവിയിൽ ദോഷകരമായി ബാധിക്കുമെന്നും സൗദി മുന്നറിയിപ്പ് നൽകി.സൗദിയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റം അന്താരാഷ്ട്ര നിയമങ്ങളുടെയും അയൽപക്ക മര്യാദകളുടെയും ലംഘനമാണ്. ബീജിംഗ് കരാറിനും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയത്തിനും (2817/2023) വിരുദ്ധമായാണ് ഇറാന്റെ നീക്കങ്ങൾ.സിവിൽ കേന്ദ്രങ്ങൾ, സാമ്പത്തിക താല്പര്യങ്ങൾ, നയതന്ത്ര കാര്യാലയങ്ങൾ എന്നിവ ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണങ്ങൾ ഇസ്‌ലാമിക സാഹോദര്യത്തിന് നിരക്കാത്തതാണ്.ഇറാൻ ആവർത്തിച്ചു പറയുന്ന സമാധാന പ്രസ്താവനകൾ വെറും വാക്കുകൾ മാത്രമാണെന്നും പ്രവൃത്തിയിൽ അത് പ്രതിഫലിക്കുന്നില്ലെന്നും സൗദി വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാനും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സൗദി അറേബ്യ വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിലെ ആർട്ടിക്കിൾ 51 പ്രകാരം സ്വയം പ്രതിരോധിക്കാനുള്ള അവകാശം സൗദിക്ക് ഉണ്ടെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.The post ഇറാന്റെ കടന്നുകയറ്റത്തിനെതിരെ സൗദി; നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി, 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ നിർദ്ദേശം appeared first on Arabian Malayali.