അൽ അസ്ഹറിന്റെ പ്രധാന കവാടമായ “ബാബുൽ മുസയ്യിനീൻ’ കടന്ന് പള്ളിയുടെ വിശാലമായ മുറ്റത്തേക്ക് പ്രവേശിക്കുമ്പോൾ നമ്മെ വരവേൽക്കുന്നത് ലോകത്തിന്റെ ഒരു കൊച്ചു പതിപ്പാണ്. വിവിധ രാജ്യക്കാർ, വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നവർ, വൈവിധ്യമാർന്ന വേഷവിധാനങ്ങളുള്ളവർ തുടങ്ങി വലിയൊരു മഹാസംഗമത്തെ നൂറ്റാണ്ടുകളായി അൽ അസ്ഹർ നെഞ്ചോട് ചേർത്തുപിടിക്കുന്നത് “റുവാഖുകൾ’ എന്ന അതിശയകരമായൊരു സംവിധാനത്തിലൂടെയാണ്. അസ്ഹറിന്റെ ചരിത്രവും, അതിൽ പുതുതായി എഴുതിച്ചേർക്കപ്പെട്ട മലയാളി വിദ്യാർഥികളുടെ വൈജ്ഞാനിക മുന്നേറ്റങ്ങളും ഈ റുവാഖുകളുടെ ചരിത്രത്തിലൂടെ വായിച്ചെടുക്കാം.ഭാഷാപരമായി “റുവാഖ്’ എന്നാൽ വരാന്ത അല്ലെങ്കിൽ ഇടനാഴി എന്നാണ് അർഥമാക്കുന്നത്. ചരിത്രപരമായി നോക്കുമ്പോൾ, അൽ അസ്ഹർ പള്ളിയുടെ വിശാലമായ തൂണുകൾക്കിടയിലുള്ള ഇടനാഴികളാണ് റുവാഖുകൾ എന്ന് അറിയപ്പെട്ടിരുന്നത്. പഴയകാലത്ത് വിമാനങ്ങളോ ആധുനിക യാത്രാസൗകര്യങ്ങളോ ഇല്ലാതിരുന്ന കാലത്ത്, മാസങ്ങൾ നീണ്ട യാത്രക്കൊടുവിൽ വിജ്ഞാനം തേടി ഈജിപ്തിലെത്തുന്ന വിദേശ വിദ്യാർഥികൾക്ക് അസ്ഹർ പള്ളി തന്നെയായിരുന്നു ഒരേയൊരു അഭയകേന്ദ്രം. അവർക്ക് താമസിക്കാനും പഠിക്കാനും സാധനങ്ങൾ സൂക്ഷിക്കാനുമായി പള്ളിക്കകത്ത് ഓരോ രാജ്യക്കാർക്കും അസ്ഹർ ഭരണകൂടം പ്രത്യേകം ഇടനാഴികൾ അഥവാ റുവാഖുകൾ മാറ്റിവെച്ചു. ഓരോ റുവാഖിനും വലിയ വഖ്ഫ് സ്വത്തുക്കൾ ഉണ്ടായിരുന്നു. അതിൽ നിന്നുള്ള വരുമാനം ഉപയോഗിച്ച് അവിടെയുള്ള വിദ്യാർഥികൾക്ക് സൗജന്യ ഭക്ഷണവും വസ്ത്രവും മാസബത്തയും നൽകിയിരുന്നു. ഉത്തരാഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് “റുവാഖുൽ മഗാരിബ’, സിറിയക്കാർക്കും ഫലസ്തീനികൾക്കുമായി “റുവാഖുശ്വാം’, തുർക്കികൾക്ക് “റുവാഖുൽ അത്റാക്’, കൂടാതെ ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികൾക്ക് “റുവാഖുൽ ഹുനൂദ്’ എന്നിങ്ങനെ അൽ അസ്ഹറിൽ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള വിദ്യാർഥികൾക്ക് പ്രത്യേകം ഇടനാഴികൾ അന്ന് തുറന്നുവെക്കപ്പെട്ടിരുന്നു.ആധുനിക കാലത്ത് വിദ്യാർഥികളുടെ എണ്ണം വർധിച്ചപ്പോൾ പള്ളിക്കകത്തെ താമസം അസാധ്യമാവുകയും പകരം “മദീനത്തുൽ ബുഊസ്’ എന്ന ഹോസ്റ്റൽ സമുച്ചയങ്ങളിലേക്ക് വിദേശ വിദ്യാർഥികൾ മാറുകയും ചെയ്തു. ഇതോടെ റുവാഖുകളിലെ താമസസൗകര്യം അവസാനിച്ചെങ്കിലും ആ വൈജ്ഞാനിക പാരമ്പര്യത്തെ അൽ അസ്ഹർ ഇന്നും കൈവിട്ടിട്ടില്ല. ഇന്ന് ഉസ്താദുമാർക്ക് ചുറ്റുമിരുന്നുള്ള വിജ്ഞാന സദസ്സുകൾ (ഹൽഖകൾ) നടക്കുന്നതും വിശുദ്ധ ഖുർആൻ, കർമശാസ്ത്രം, അറബി ഭാഷ തുടങ്ങിയവയെല്ലാം ഈ റുവാഖുകളിൽ വെച്ചാണ് വിദ്യാർഥികൾക്ക് പകർന്നു നൽകുന്നത്. ഇതിനുപുറമെ, സ്വന്തം നാടിന്റെ പേരുള്ള പഴയ റുവാഖുകളുടെ ചരിത്രസ്മരണകൾ ഉൾക്കൊണ്ട് ഇന്ന് ഓരോ രാജ്യക്കാരും ക്യാമ്പസുകളിൽ അവരുടേതായ വിദ്യാർഥി സംഘടനകൾക്കും അക്കാദമിക കൂട്ടായ്മകൾക്കും രൂപം നൽകിയിട്ടുണ്ട്.സമീപകാലത്തായി ഈജിപ്തിലെ അൽ അസ്ഹർ യൂനിവേഴ്‌സിറ്റിലേക്ക് കേരളത്തിൽ നിന്നുള്ള വിദ്യാർഥികളുടെ ഒഴുക്ക് വലിയ തോതിൽ വർധിച്ചിട്ടുണ്ട്. കേരളത്തിലെ ദർസുകളിൽ നിന്നും ഇസ്്ലാമിക കലാലയങ്ങളിൽ നിന്നും ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി ഉപരിപഠനത്തിനും ഗവേഷണങ്ങൾക്കുമായി കെയ്റോയിലെത്തുന്നവർക്ക് സ്വന്തം നാട്ടിലെ പരിചിതമായ സംവിധാനങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായ അസ്ഹറിന്റെ വിശാലമായ അക്കാദമിക ലോകത്ത് കൃത്യമായ ഒരു മാർഗനിർദേശവും തണലും ആവശ്യമായിവന്നു. അവിടെയാണ് കേരളത്തിലെ മലബാറുകാരുടെ സ്വന്തം കൂട്ടായ്മയായ “ഹയ്അതു ത്വലബതുൽ മലൈബാരിയ്യീൻ’ ചരിത്രപരമായ ഒരു ഉത്തരവാദിത്വം ഏറ്റെടുക്കുന്നത്. അൽ അസ്ഹറിൽ എത്തുന്ന മലയാളി വിദ്യാർഥികളുടെ നാനോന്മുഖ മികവിനാവശ്യമായ വൈജ്ഞാനിക വേദികൾ, ആത്മീയ സംഗമങ്ങൾ, എജ്യുക്കേഷനൽ ഗൈഡൻസ്, സുന്നി ആദർശ പരിസരം തുടങ്ങിയവ ഒരുക്കുക എന്ന ലക്ഷ്യത്തോടെ 2018 ലാണ് ഈ കൂട്ടായ്മ സ്ഥാപിതമായത്. നാട്ടിൽ നിന്ന് വരുന്ന പുതിയ വിദ്യാർഥികൾക്ക് അഡ്മിഷൻ നടപടികളിൽ സഹായിക്കുക, വിദേശത്ത് പഠിക്കുമ്പോഴും സ്വന്തം നാടിന്റെ പാരമ്പര്യ ഇസ്്ലാമിന്റെ തനിമ നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കാൻ ആത്മീയ സദസ്സുകൾ സംഘടിപ്പിക്കുക എന്നിവയാണ് ഇതിന്റെ അടിസ്ഥാന ലക്ഷ്യങ്ങൾ.പഴയകാലത്ത് വിദേശികൾക്ക് അസ്ഹറിലുണ്ടായിരുന്ന “റുവാഖ്’ എന്ന അക്കാദമിക സംവിധാനത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഈ കൂട്ടായ്മക്ക് കീഴിൽ രൂപവത്കരിക്കപ്പെട്ട ബൗദ്ധികവും വൈജ്ഞാനികവുമായ പദ്ധതിയാണ് “റുവാഖുൽ മലൈബാരിയ്യീൻ’. അൽ അസ്ഹറിലെത്തുന്ന ബിരുദാനന്തര – ഗവേഷണ വിദ്യാർഥികളുടെ വിദ്യാഭ്യാസ ഉന്നമനമാണ് ഈ റുവാഖ് വിഭാവനം ചെയ്യുന്ന പ്രധാന ലക്ഷ്യം. അസ്ഹറിലെ പ്രബന്ധ രചനകളിലും ഗവേഷണ രീതിശാസ്ത്രത്തിലും അന്താരാഷ്ട്ര നിലവാരം പുലർത്താൻ വിദ്യാർഥികൾക്ക് അക്കാദമിക ശിൽപ്പശാലകൾ നൽകാൻ റുവാഖുൽ മലൈബാരിയ്യീൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ഇതിനെല്ലാം പുറമെ കേരളീയ ഉലമാഇന്റെ വൈജ്ഞാനിക സംഭാവനകളെ അന്തർദേശീയ തലത്തിൽ പ്രചരിപ്പിക്കുക എന്നതും ഇതിന്റെ ദൗത്യമാണ്. കേരളത്തിലെ മഖ്ദൂമി പണ്ഡിതന്മാർ മുതൽ ഇങ്ങോട്ടുള്ള പാരമ്പര്യ ഉലമാക്കൾ ഇസ്്ലാമിക വിജ്ഞാന ശാഖകൾക്ക് നൽകിയ സംഭാവനകൾ അറബ് ലോകത്ത് അക്കാദമിക ചർച്ചകൾക്ക് വിധേയമാക്കാനും കേരളീയ പണ്ഡിതരുടെ രചനകൾ അറബ് ലോകത്തിന് പരിചയപ്പെടുത്താനും അവ അറബിയിലേക്ക് വിവർത്തനം ചെയ്യാനും റുവാഖുൽ മലൈബാരിയ്യീൻ വിദ്യാർഥികളെ നന്നായി പ്രോത്സാഹിപ്പിക്കുന്നുണ്ട്.നൂറ്റാണ്ടുകൾക്ക് മുമ്പ് പള്ളിക്കകത്തെ കൽത്തൂണുകൾക്കിടയിൽ ലോകവിദ്യാർഥികൾ തീർത്ത റുവാഖുകളുടെ ആധുനിക അക്കാദമിക പതിപ്പായി, കേരളത്തിന്റെ തനിമയും പാരമ്പര്യവും ഉയർത്തിപ്പിടിക്കുന്ന ഈ വൈജ്ഞാനിക ഇടനാഴി അസ്ഹറിലെ ഓരോ മലയാളി വിദ്യാർഥിക്കും വലിയൊരു അഭിമാനമാണ്. വെറുമൊരു കൂട്ടായ്മ എന്നതിലുപരി, കേരളവും ഈജിപ്തും തമ്മിലുള്ള വലിയൊരു അക്കാദമിക പാലമായി ഇത് മാറിക്കഴിഞ്ഞു. നൈൽ നദിയുടെ ഓളങ്ങളും ചാലിയാറിന്റെയും ഭാരതപ്പുഴയുടെയും സംസ്‌കാരവും പരസ്പരം കഥകൾ പറയുന്ന അറിവിന്റെ വലിയൊരു സ്‌നേഹത്താവളമായി ഈ “മലയാളി റുവാഖ്’ വിജ്ഞാന ഭൂമികയിൽ തലയുയർത്തി നിൽക്കുന്നു.