എത്ര വൈകാരികമായാണ് ആ വിശുദ്ധ കാലങ്ങളെ നമ്മൾ യാത്രയയച്ചത്. കരുണാർദ്രമായ, പാപങ്ങൾ കഴുകിയ, സ്വർഗീയതയുടെ ഇളം തെന്നൽ തഴുകിയ, നന്മയുടെ വെളിച്ചക്കോലുകൾ ജീവിതത്തിന്റെ ഇടവഴികളിലെല്ലാം നാട്ടിയ നല്ല നാളുകളെ…. വിട… ഇനിയുമേറെ റമസാനുകളിൽ സജീവമാകാൻ അല്ലാഹു നമ്മെ സഹായിക്കട്ടെ. ആറ് മാസങ്ങൾക്ക് മുന്നേ റമസാനിനെ സ്വാഗതം ചെയ്യുന്ന മഹത്തുക്കൾ ശേഷമുള്ള ആറ് മാസങ്ങൾ റമസാൻ സ്വീകരിക്കപ്പെടാനുള്ള പ്രാർഥനകളിലായിരുന്നു. റമസാൻ അവരെ കാലം മുഴുക്കെ സജീവമാക്കി നിർത്തുകയും ശുദ്ധീകരിക്കുകയും ചെയ്യുന്നുവെന്നർഥം. ഒരു മാസത്തിന്റെ പരിധിയിൽ പരിമിതമാവേണ്ടതല്ല റമസാൻ. സാങ്കേതികമായി റമസാൻ തീർന്നാലും, അത് ഓരോരുത്തരിലും സംവിധാനിച്ച “നോമ്പുകാരൻ’ എന്ന ശ്രദ്ധാപൂർവമായൊരു വ്യക്തിത്വത്തെ നിർവീര്യമാക്കാതെ നോക്കാൻ ബദ്ധശ്രബദ്ധരാവണം.വിശന്നാലും നേരമിരുട്ടിയാലും ഞ്ഞെരുക്കങ്ങളുണ്ടായാലും രോഗങ്ങൾ ഗ്രസിച്ചാലും പൈശാചികതയെ പ്രതിരോധിച്ച് നന്മകളിൽ നിരതരാവാൻ മനുഷ്യാ നിനക്ക് സാധ്യമാണെന്നാണ് റമസാൻ നമ്മെ പഠിപ്പിച്ചത്. അല്ലാഹു എല്ലാ നന്മകളും നമ്മിൽ നിന്ന് സ്വീകരിക്കട്ടെ. ഈ ആലോചനകളോടൊപ്പം യഥാർഥ ആരാധകരുടെ സവിശേഷതകൾ പറയുന്ന സൂറ: മാഊനിനെ കൂടി കേൾക്കണം. നിസ്കരിക്കുന്നവരെ കുറിച്ചാണ് പറയുന്നതെങ്കിലും ഈ സമവാക്യം എല്ലാ ആരാധനകളോടും ചേരുന്നതത്രെ. അശ്രദ്ധരായും പ്രകടനപരതയോടെയും സഹജീവികളോടുള്ള ബാധ്യത നിർവഹിക്കാതെയുമുള്ള ആരാധനകൾ മനുഷ്യർക്ക് നാശം വരുത്തുന്നുവെന്നാണ് സൂറത്തിന്റെ പാഠം. നിങ്ങൾ നോമ്പുനോറ്റത് ശ്രദ്ധാപൂർവമാണെങ്കിൽ അഥവാ നോമ്പിനെ അസാധുവാക്കുന്ന സർവതിൽ നിന്നും വിട്ട് നിന്ന് വ്രതമനുഷ്ഠിച്ചിട്ടുണ്ടെങ്കിൽ, അല്ലാഹുവിൽ നിന്നുള്ള തൃപ്തിയും പ്രതിഫലവും മാത്രം കാംക്ഷിച്ചാണെങ്കിൽ, ആരാധനക്കൊപ്പം സഹജീവികളോടുള്ള വ്യത്യസ്മായ ബാധ്യതകൾ നിറവേറ്റിയിട്ടുണ്ടെങ്കിൽ നിങ്ങൾ വിജയിച്ച നോമ്പുകാരനാണ്. നിങ്ങൾക്കുള്ളതാണ് ഈദുൽ ഫിത്വർ. റമസാൻ കാലത്തെ ശരിയായി ഉപയോഗപ്പെടുത്തിയവരുടെ ആഘോഷമാണല്ലോ ചെറിയ പെരുന്നാൾ.നോമ്പെടുത്തില്ലെങ്കിൽ കൂടെയുള്ളവരെന്ത് കരുതും ഇഫ്ത്വാർ നടത്തിയില്ലെങ്കിൽ നാട്ടുകാരെന്ത് കരുതും എന്നൊക്കെ ആലോചിച്ചുള്ള കർമങ്ങളും നോമ്പിന്റെ നിബന്ധനങ്ങൾ പാലിക്കാതെയും അരുതായ്മകളിൽ നിന്ന് വിട്ട് നിൽക്കാതെയുമുള്ള വ്രതാനുഷ്ഠാനവും സഹജീവികളോടുള്ള ബാധ്യതകൾ നിർവഹിക്കാതെയുള്ള നോമ്പും കേവലം പട്ടിണി കിടക്കൽ മാത്രമാണ്. കാപട്യമുള്ള ഇത്തരം കർമങ്ങൾക്ക് പ്രതിഫലങ്ങൾക്ക് പകരം വലിയ ശിക്ഷയാണ് ലഭിക്കുക.നിർഭാഗ്യകരമെന്നു പറയട്ടെ ഇഫ്ത്വാർ എന്ന വലിയ പ്രതിഫലങ്ങളുടെ അവസരങ്ങളെ വഷളാക്കി നിർവഹിച്ച ചിലത് ശ്രദ്ധയിൽ പെട്ടിരുന്നു. ഇസ്്ലാമിക വിരുദ്ധമായ സംഘാടനങ്ങളാണ് അവയിൽ പലതും. പൊതുവിടങ്ങൾ മലിനമാക്കിയും അന്യ സ്ത്രീ പുരുഷന്മാർ ഒന്നിച്ചു സംഘടിച്ചും ആത്മീയ ഭാവങ്ങൾക്ക് പകരം ട്രെൻഡുകളെ സ്ഥാപിച്ചും നോമ്പുതുറയെന്ന വലിയ ആരാധനയെ തിന്നും കുടിച്ചും പിരിയുന്ന ഒരു ചടങ്ങായി ചിത്രീകരിക്കപ്പെട്ടു. അരവയർ നിറക്കാൻ കഷ്ടപ്പെടുന്നവരുടെ ഹൃദയം മുറിപ്പെടുത്തുന്ന റീലുകളായും സ്റ്റാറ്റസുകളായും ഒരു ആരാധനയെ മാറ്റിയതിലെ വിരോധാഭാസം ഭീതിദമാണ്. ഓരോന്നിന്റെയും ആത്മീയതയെ പരിഗണിക്കാതിരിക്കുമ്പോഴാണ് ആരാധനകൾ വഷളാക്കപ്പെടുന്നത്.നോക്കൂ.. ആരാധനകൾ നമ്മെ വ്യക്തിപരമായി വിമലീകരിക്കുന്നുവെന്ന് കരുതി അത് നമ്മെ നമ്മിലേക്ക് തന്നെ ചുരുക്കുന്നില്ല. പകൽ മുഴുവൻ നോമ്പും രാത്രി നിസ്കാരവുമായി കഴിഞ്ഞോട്ടെ എന്ന് ചോദിച്ച സഹചരോട് തിരുനബി (സ) പറഞ്ഞത് കേൾക്കണം: “നിങ്ങളുടെ റബ്ബിനോട് നിങ്ങൾക്ക് ബാധ്യതയുണ്ട്, ശരീരത്തോടും, കുടുംബത്തോടും, അങ്ങനെ ബാധ്യതയുള്ള ഓരോന്നിനോടുമുള്ള ബാധ്യതകൾ നിറവേറ്റണം’. പൂച്ചയെ പട്ടിണിക്കിട്ട കാരണത്താൽ നരകാവകാശിയായ ഭക്തയായ സ്ത്രീയെ നമ്മൾ കേട്ടതാണ്. വ്യക്തിപരമായ ആരാധനകൾക്കൊപ്പം, നിർവഹിക്കേണ്ട ബാധ്യതകളെ അവഗണിച്ചുവെന്നതാണ് ആ സ്ത്രീയുടെ പരാജയ കാരണം. സ്വദഖകളും സകാത്തും നിർവഹിക്കുമ്പോഴും നമ്മുടെ പെരുമാറ്റവും സ്വഭാവവും ഓരോരുത്തരെയും പരിഗണിച്ചും ബഹുമാനിച്ചുമായിരിക്കണം.നിങ്ങളുടെ വീട്ടുമുറ്റത്ത് വിശന്നൊട്ടി ചൊറി പിടിച്ച് വന്ന ആ നായയെ നിങ്ങൾ ആട്ടിയോടിച്ചത് ശരിയായില്ലെന്ന് സ്നേഹപൂർവം ഓർമപ്പെടുത്തട്ടെ. പറവകൾക്ക് കുടിനീർ കൊടുക്കാൻ നിങ്ങൾ സ്ഥാപിച്ച തണ്ണീർക്കുടം നിങ്ങളുടെ മീസാനിൽ കനം വെച്ച് തൂങ്ങുന്ന കർമമാണ്, അഭിനന്ദനങ്ങൾ… തന്റെ ഭരണ പ്രദേശത്ത് അന്നം കിട്ടാതെ ഒരു നായയുടെ ജീവൻ പൊലിയരുതെന്ന് ശാഠ്യം പിടിച്ച ഉമർ (റ) വും സഹജീവികളെ വേണ്ടുവോളം പരിചരിച്ച ശൈഖ് രിഫാഈ(റ)യുമൊക്കെയാണല്ലോ നമ്മുടെ മാതൃകകൾ. സ്നേഹിതരേ… റമസാൻ നമ്മിൽ നിർമിച്ച നല്ല വ്യക്തിത്വത്തെ അണയാതെ സൂക്ഷിക്കാൻ നമുക്ക് ശ്രദ്ധിക്കാം.