പറവൂര്‍| പറവൂര്‍ ചേന്ദമംഗലത്ത് വഴിത്തര്‍ക്കത്തെത്തുടര്‍ന്നുള്ള മുന്‍വൈരാഗ്യത്താല്‍ അയല്‍വാസിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിക്ക് ജീവപര്യന്തം തടവ്. പറവൂര്‍ രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതിയായ രാമകൃഷ്ണന് (60) ശിക്ഷിച്ചത്. ജീവപര്യന്തത്തിന് പുറമെ രണ്ട് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.2017 സെപ്റ്റംബര്‍ 24-നായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. അയല്‍വാസിയായ ഗില്‍സന്‍ (54) ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിനിടെ ഗില്‍സന്റെ സഹോദരന്‍ ജിന്റോയ്ക്കും (45) ഗുരുതരമായി പരുക്കേറ്റിരുന്നു. ജിന്റോയെ ആക്രമിച്ച കുറ്റത്തിന് രാമകൃഷ്ണന് മൂന്ന് വര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയും അധികമായി വിധിച്ചിട്ടുണ്ട്. ശിക്ഷകള്‍ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. പിഴത്തുകയില്‍ നിന്ന് ഒന്നര ലക്ഷം രൂപ കൊല്ലപ്പെട്ട ഗില്‍സന്റെ കുടുംബത്തിനും 50,000 രൂപ പരുക്കേറ്റ ജിന്റോയ്ക്കും നല്‍കണമെന്നും കോടതി ഉത്തരവിട്ടു. കേസില്‍ രണ്ടാം പ്രതിയായ വര്‍ഗീസിന് മൂന്ന് മാസം തടവും പിഴയുമാണ് ശിക്ഷ. അതേസമയം, മൂന്നാം പ്രതിയായിരുന്ന തമ്പിയെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു.