ഇറാനില്‍ ലക്ഷ്യങ്ങള്‍ നേടിക്കഴിഞ്ഞുവെന്നാണ് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നത്. അതുകൊണ്ട് ആക്രമണം അവസാനിപ്പിക്കുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം സൂചന നല്‍കിയിരുന്നു. എന്നാല്‍ ട്രംപിന്റെ പ്രഖ്യാപനങ്ങള്‍ നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാകും അദ്ദേഹം പറയുന്നതൊന്നും പ്രവര്‍ത്തിക്കുന്നത് മറ്റൊന്നുമാണെന്ന്. ആക്രമണ പ്രത്യാക്രമണങ്ങള്‍ കൂടുതല്‍ രൂക്ഷമാകാനുള്ള നീക്കങ്ങളില്‍ നിന്ന് ഒട്ടും പിന്‍വാങ്ങാതെയാണ് ട്രംപ് വിജയത്തെ കുറിച്ചും സമാധാന സാധ്യതയെ കുറിച്ചും സംസാരിച്ചത്. ഈ പ്രസ്താവനക്ക് പിറകേ വന്ന ഭീഷണിപ്പെടുത്തലുകള്‍ കണ്ടാല്‍ ആക്രമണം നിര്‍ത്തുകയല്ല വ്യാപിപ്പിക്കുകയാണ് യു എസ് പ്രസിഡന്റിന്റെ യഥാര്‍ഥ ലക്ഷ്യമെന്ന് വ്യക്തമാകും. 48 മണിക്കൂറിനകം ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ഇറാന്റെ ഊര്‍ജനിലയങ്ങള്‍ ആക്രമിക്കുമെന്നാണ് ട്രംപിന്റെ പുതിയ ഭീഷണി.ട്രംപ് ഭരണകൂടത്തിലെ നിരവധി ഉന്നതര്‍ അദ്ദേഹത്തിന്റെ ആക്രമണത്വരയെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. ട്രംപ് മുന്നോട്ടുവെച്ച പ്രധാന ലക്ഷ്യമായ ഇറാനിലെ ഭരണം അട്ടിമറിക്കുകയെന്നതിനെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സേത്ത് തുടക്കത്തിലേ തള്ളിപ്പറഞ്ഞതാണ്. കൃത്യമായ ലക്ഷ്യം നിര്‍ണയിക്കാത്ത ഈ ആക്രമണം എത്രനാള്‍ നീളുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നായിരുന്നു ഹെഗ്‌സേത്തിന്റെ വെളിപ്പെടുത്തല്‍. ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് മേധാവി ജനറല്‍ ഡാന്‍ കെയിന്‍ പറയുന്നത്, ഇറാനില്‍ മുന്നോട്ടുവെച്ച ഒരു ലക്ഷ്യവും എളുപ്പം നേടാനാകില്ല; ലക്ഷ്യം പുനര്‍നിർവചിക്കണമെന്നാണ്. ഇറാനെ ആക്രമിക്കുന്നത് അമേരിക്കന്‍ താത്പര്യത്തിലല്ലെന്നും ഇസ്‌റാഈലിന് വേണ്ടിയുള്ള ഈ യുദ്ധത്തില്‍ യു എസ് ആളും അര്‍ഥവുമിറക്കുന്നത് വിഡ്ഢിത്തമാണെന്നും ചൂണ്ടിക്കാട്ടി നാഷനല്‍ കൗണ്ടര്‍ ടെററിസം സെന്റര്‍ മേധാവി ജോ കെന്റ്സ്ഥാനം രാജിവെച്ചു. ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതം നിയന്ത്രണത്തിലാക്കാന്‍ സൈന്യത്തെ അയക്കണമെന്ന ട്രംപിന്റെ ആവശ്യം നാറ്റോ രാജ്യങ്ങളും യൂറോപ്യന്‍ രാജ്യങ്ങളും തള്ളിക്കളഞ്ഞു. അങ്ങേയറ്റം ക്ഷുഭിതനായാണ് ട്രംപ് ഇതിനോട് പ്രതികരിച്ചത്. ഭീരുക്കളുടെ സംഘമാണ് നാറ്റോയെന്നും ഈ നിലപാടിന്റെ തിക്തഫലം അവര്‍ അനുഭവിക്കുമെന്നും ട്രംപ് തുറന്നടിച്ചു. യൂറോപ്യന്‍ രാജ്യങ്ങള്‍ താന്‍ നല്‍കിയ സേവനങ്ങള്‍ മാനിക്കുന്നില്ലെന്നും ട്രംപ് പരാതിപ്പെട്ടു. ചുരുക്കത്തില്‍ താന്‍ എത്തിനില്‍ക്കുന്ന വിഷമാവസ്ഥയില്‍ നിന്നും ഒറ്റപ്പെടലില്‍ നിന്നും പുറത്ത് കടക്കാനാകാത്ത സ്ഥിതിയിലാണ് ട്രംപുള്ളത്.ഇറാനിലുണ്ടാക്കിയ നേതൃഹത്യയും ഇസ്‌റാഈല്‍- യു എസ് സൈനിക നീക്കം സൃഷ്ടിച്ച കെടുതികളും മുന്‍നിര്‍ത്തി സൈനിക നീക്കത്തില്‍ നിന്ന് പിന്‍വാങ്ങാനാകുമോ? എന്ത് ലക്ഷ്യം നേടിയെന്ന് പറയും? എന്ത് സമാധാന പദ്ധതികളാണ് മുമ്പിലുള്ളത്? ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ലാത്ത ട്രംപ് ഇസ്‌റാഈലിന് വേണ്ടിയുള്ള യുദ്ധം തുടര്‍ന്നുകൊണ്ടുപോകുന്നതാണ് പശ്ചിമേഷ്യന്‍ പ്രതിസന്ധിയുടെ ഈ നാലാം വാരത്തിലും കാണുന്നത്. ഏത് സംഘര്‍ഷത്തിലും കൂടിയാലോചനയുടെ സാധ്യത തെളിഞ്ഞുവരാറുണ്ട്. പക്ഷേ, വലിയ നഷ്ടങ്ങളും ക്രൂരതകളും അനുഭവിച്ച ഇറാന്‍ തന്നെ ഇതിന് മുന്‍കൈയെടുക്കണമെന്ന ശാഠ്യം എത്രമാത്രം പ്രതിലോമകരമാണ്.അറബ് അയല്‍ രാജ്യങ്ങളെ ആക്രമിക്കേണ്ടി വരുന്നതിന്റെ സാഹചര്യം ഇറാന്‍ പലവട്ടം വ്യക്തമാക്കിയിട്ടുണ്ട്. ചില ആക്രമണങ്ങള്‍ തങ്ങളല്ല നടത്തിയതെന്നും ഇക്കാര്യത്തില്‍ സംയുക്ത അന്വേഷണം നടക്കണമെന്നും തെഹ്‌റാന്‍ വ്യക്തമാക്കിയിട്ടുമുണ്ട്. ഹോര്‍മുസിന്റെ കാര്യത്തില്‍ ശത്രുരാജ്യങ്ങളെ മാത്രമേ തടയുന്നുള്ളൂവെന്ന വിശദീകരണവും ഇറാന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ നടന്ന ആക്രമണങ്ങളില്‍ സംയുക്ത അന്വേഷണത്തിന് തയ്യാറായി എന്നത് ഒരര്‍ഥത്തില്‍ ചര്‍ച്ചകള്‍ക്കുള്ള വാതില്‍ തുറക്കലാണ്. ഈ സാഹചര്യത്തില്‍ യു എസിന്റെ ഭാഗത്ത് നിന്നുള്ള മുന്‍കൈയാണ് ആക്രമണവിരാമത്തിന് അനിവാര്യമായിട്ടുള്ളത്. അത്തരമൊരു നീക്കത്തിന് ഇറാന്‍ അനുകൂലമായി പ്രതികരിക്കണം.തങ്ങളെ യുദ്ധത്തിലേക്ക് വലിച്ചിഴക്കാനുള്ള സയണിസ്റ്റ് കുതന്ത്രത്തെ ഇതുവരെ അതിജീവിച്ചു നിന്ന ഗള്‍ഫ് രാജ്യങ്ങള്‍ സിവിലിയന്‍മാരെയും സൈനികേതര കേന്ദ്രങ്ങളെയും ലക്ഷ്യമിടുന്നതിനെ അപലപിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. ആക്രമണ വ്യാപനം ഇസ്‌റാഈലിന്റെ അധിനിവേശ ലക്ഷ്യങ്ങള്‍ക്കാണ് ഗുണം ചെയ്യുകയെന്നും അവര്‍ മനസ്സിലാക്കുന്നു. അതുകൊണ്ട് ചര്‍ച്ചകളിലേക്കുള്ള വഴിവെട്ടാന്‍ നേരത്തേ ഇടനില വഹിച്ച ഒമാനടക്കമുള്ള അറബ് രാജ്യങ്ങള്‍ക്ക് സാധിക്കും.ഈ ആക്രമണ, പ്രത്യാക്രമണത്തിന് ജയ, പരാജയം കൃത്യമായി വ്യവച്ഛേദിക്കാവുന്ന അന്ത്യം ഉണ്ടാകുമെന്ന് തോന്നുന്നില്ല. സാധ്യമായ പരിഹാരം വെടിനിര്‍ത്തലാണ്. ചരിത്രപരമായി, എല്ലാ കക്ഷികള്‍ക്കും അനിവാര്യമായ ഘട്ടത്തിലാണ് വെടിനിര്‍ത്തല്‍ സാധ്യമാകുക. വെടിനിര്‍ത്തല്‍ നിലനില്‍ക്കണമെങ്കില്‍, ഓരോരുത്തര്‍ക്കും ഒരു പരിധിവരെ വിജയം അവകാശപ്പെടാന്‍ കഴിയണം. അതിനര്‍ഥം എല്ലാ കക്ഷികള്‍ക്കും സ്വന്തം നാട്ടില്‍ മുഖം രക്ഷിക്കാനും സംഘര്‍ഷത്തില്‍ നിന്ന് നിശബ്ദമായി പിന്മാറാനും അനുവദിക്കുന്ന സാഹചര്യം രൂപപ്പെടുത്തുകയെന്നതാണ്. ആക്രമണ വ്യാപനം നടക്കുന്നില്ലെന്ന് ഇരുപക്ഷവും ഉറപ്പുവരുത്തുകയാണ് ഇതിന് ആദ്യം വേണ്ടത്. ഇറാന്റെ ഭാഗത്ത് നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ആക്രമണം കുറച്ചുകൊണ്ടുവരണം. അറബ് രാജ്യങ്ങളാകട്ടെ തങ്ങളുടെ മണ്ണിലെ സൈനിക താവളങ്ങള്‍ ഇറാനെ ആക്രമിക്കുന്നതിന് ഉപയോഗിക്കുന്നതില്‍ നിന്ന് യു എസ് പിന്‍വാങ്ങണമെന്ന് നിര്‍ബന്ധിക്കണം.ഈ പ്രക്രിയ വിജയത്തിലെത്തിയാല്‍ ഇസ്‌റാഈല്‍ മാത്രം ആക്രമണ വ്യാപനത്തിന് കൊതിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തും. ഇറാനിലെ പാര്‍സ് ദ്വീപിലെ വാതകപ്പാടം ഇസ്‌റാഈല്‍ ആക്രമിച്ചത് തങ്ങളുടെ അറിവോടെയല്ലെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കിയിരുന്നു. യുദ്ധം തന്റെ നിയന്ത്രണത്തിലല്ലെന്ന് ട്രംപ് സമ്മതിക്കുന്നതിന് തുല്യമാണിത്. റഷ്യ, ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങള്‍ അവയുടെ പങ്ക് നിര്‍വഹിക്കുക കൂടി ചെയ്താല്‍ ആക്രമണവിരാമം സാധ്യമായേക്കാം. യുദ്ധത്തില്‍ ആരും ജയിക്കുന്നില്ല. എല്ലാവരും തോല്‍ക്കുകയാണ് ചെയ്യുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ലോകം ഇതിന് തെളിവാണ്.