ന്യൂഡല്‍ഹി | നിയമസഭാ തിരഞ്ഞെടുപ്പ് സീറ്റുമായി ബന്ധപ്പെട്ട് നേതൃത്വവുമായി ഉടക്കി നില്‍ക്കുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ സുധാകരന്‍ നാളെ മാധ്യമങ്ങളെ കാണും. ഡല്‍ഹിയില്‍ വെച്ച് നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കും. സീറ്റ് ലഭിക്കില്ലെന്ന് ഏറെക്കുറെ വ്യക്തമായ സാഹചര്യത്തില്‍ സുധാകരന്‍ നടത്തുന്ന വാര്‍ത്താ സമ്മേളനത്തിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്. അതേ സമയം കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടിക ഇന്ന് പുറത്തിറങ്ങി. എന്നാല്‍ സുധാകന്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട കണ്ണൂരില്‍ സ്ഥാനാര്‍ഥിയെ ആദ്യഘട്ട പട്ടികയില്‍ പ്രഖ്യാപിച്ചിട്ടില്ല.ഉച്ചയ്ക്ക് മുന്‍പ് മാധ്യമങ്ങളെ കണ്ട് ഇക്കാര്യത്തിലുള്ള തന്റെ നിലപാട് വ്യക്തമാക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. കണ്ണൂര്‍ സീറ്റ് വേണമെന്ന നിലപാടിലാണ് കെ സുധാകരന്‍. അതേ സമയം എംപിമാര്‍ മത്സരിക്കേണ്ടതില്ല എന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിലപാട്. സുധാകരന്റെ കാര്യത്തില്‍ വിട്ടുവീഴ്ച നടത്തിയാല്‍ മറ്റ് എംപിമാരും സമാനമായ ആവശ്യം ഉന്നയിച്ച് രംഗത്തു വരുമെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തുന്നത്. എംപിമാരായ കെ രാഘവുനും അടൂര്‍ പ്രകാശും ശാഫി പറമ്പിലും മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും ഹൈക്കമാന്‍ഡ് നിലപാട് വിലങ്ങുതടിയാവുകയായിരുന്നു.സുധാകരനുമായി ഇന്ന് അനുനയ ചര്‍ച്ച നടത്താനാണ് ഹൈക്കമാന്‍ഡ് തീരുമാനിച്ചിരുന്നത്. എന്നാല്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചെന്ന വാര്‍ത്തകള്‍ സുധാകരന്‍ നേരത്തെ നിഷേധിച്ചിരുന്നു. ഇന്ന് പ്രഖ്യാപിച്ച പട്ടികയില്‍ തര്‍ക്കം നിലനില്‍ക്കുന്ന കണ്ണൂര്‍, പെരുമ്പാവൂര്‍ സീറ്റുകളിലും തൃപ്പൂണിത്തുറയിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല.