അതിരാവിലെ ബസ് നിയന്ത്രണം വിട്ട് മതില്‍ തകര്‍ത്ത് വീട്ടിലേക്ക് ഇടിച്ചുകയറി

Wait 5 sec.

കോഴിക്കോട് | സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മതില്‍ തകര്‍ത്ത് വീട്ടിലേക്ക് ഇടിച്ചുകയറി. ഇന്ന് രാവിലെ കോഴിക്കോട് അഴിഞ്ഞിലത്താണ് സംഭവം. ബസ് മതില്‍ തകര്‍ത്ത് വീട്ടിലേക്ക് ഇടിച്ചുകയറുന്നതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.ഉറങ്ങികിടക്കുകയായിരുന്ന വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ബസ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. കരാടിയില്‍ നിന്ന് സര്‍വീസ് ആരംഭിക്കുന്നതിനായി പുറപ്പെട്ട സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. അഴിഞ്ഞിലത്ത് ഇറക്കവും വളവും കഴിഞ്ഞ് വന്ന ബസ് അമിത വേഗതയില്‍ നിയന്ത്രണം വിട്ട് വീടിന്റെ മതില്‍ ഇടിച്ചു തകര്‍ത്ത് വരുന്ന ദൃശ്യം പുറത്തുവന്നു. മതിലില്‍ ഇടിച്ച് ബസിന്റെ വേഗത കുറഞ്ഞതിനാല്‍ വീടിന്റെ ചുമരില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു.വീടിന്റെ ഗ്ലാസുകളും എസിയടക്കമുള്ള ഉപകരണങ്ങളും തകര്‍ന്നു. വലിയ ശബ്ദം കേട്ടും പുക ഉയര്‍ന്നതും കണ്ടാണ് വീട്ടിലുണ്ടായിരുന്ന മകളും അമ്മയും എഴുന്നേറ്റത്. വീട്ടുകാര്‍ വരുന്നതിന് മുന്‍പെ തന്നെ ബസിലെ ഡ്രൈവര്‍ ഇറങ്ങിപോയിരുന്നു. യാത്രക്കാരെ എടുക്കാനായി പോയ ബസായിരുന്നതിനാല്‍ അപകട സമയത്ത് യാത്രക്കാരുണ്ടായിരുന്നില്ല. ഡ്രൈവര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. വീടിന്റെ ബെഡ് റൂമിനോട് ചേര്‍ന്നാണ് ബസ് ഇടിച്ചുനിന്നത്. ബസ് ഡ്രൈവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയതായാണ് വിവരം. മതില്‍ ഇല്ലായിരുന്നെങ്കില്‍ വീട് അടക്കം തകരുമായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി.