തിരുവനന്തപുരം | പാലക്കാട്ടെ യു ഡി എഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിയെ കോമാളി നടന്‍ എന്നു പരാമര്‍ശിച്ചതില്‍ ഖേദം പ്രകടിപ്പിച്ചു മുന്‍ മന്ത്രി തോമസ് ഐസക്. രമേഷ് പിഷാരടിക്കെതിരെ ഉന്നയിച്ചത് രാഷ്ട്രീയ വിമര്‍ശനമാണ്. ഫലസ്തീന്‍ വിഷയത്തിലെ പിഷാരടിയുടെ അരാഷ്ട്രീയ നിലപാട് അടക്കമുള്ള കാര്യങ്ങളെക്കുറിച്ചാണ് അങ്ങനെയൊരു പരാമര്‍ശം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.പാലക്കാട് പോലെ ബി ജെ പിക്കെതിരെ രാഷ്ട്രീയ പോരാട്ടം നടത്തേണ്ട മണ്ഡലത്തില്‍ ദുര്‍ബലനായ സ്ഥാനാര്‍ഥിയെ നിര്‍ത്തി സി പി എമ്മിനെതിരെ ബി ജെ പി ഡീല്‍ ആരോപിച്ച സാഹചര്യത്തെക്കുറിച്ചായിരുന്നു തോമസ് ഐസക്കിന്റെ പ്രതികരണം.രമേഷ് പിഷാരടിയുടെ അഭിനയ മികവിനെ മോശം പറയാനായിരുന്നല്ല ഉദ്ദേശിച്ചത്. രാഷ്ട്രീയ വിമര്‍ശനമാണ് നടത്തിയത്. മധ്യേഷ്യയിലെ പ്രതിസന്ധിയെക്കുറിച്ചും പലസ്തീന്‍ വിഷയത്തെക്കുറിച്ചും ഞങ്ങള്‍ക്കും കോണ്‍ഗ്രസിനും നിലപാടുണ്ടെന്നും എന്നാല്‍, ആ നിലപാടുകള്‍ക്ക് വിരുദ്ധമായുള്ള പിഷാരടിയുടെ അരാഷ്ട്രീയ നിലപാടിനെയാണ് താന്‍ വിമര്‍ശിച്ചതെന്നും തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു. കോമാളി വേഷം കെട്ടുന്നവരെ സ്ഥാനാര്‍ത്ഥിയാക്കിയിട്ട് എന്ത് കാര്യമെന്ന ഐസക്കിന്റെ പരാമര്‍ശം വിവാദമായിരുന്നു.സംസ്‌കാരം സമരം ചെയ്താല്‍ കിട്ടുന്നതല്ലെന്ന് രമേഷ് പിഷാരടി തോമസ് ഐസക്കിനെതിരെ തിരിച്ചടിച്ചിരുന്നു. തോമസ് ഐസക്കിനോട് സ്‌നേഹം മാത്രമാണുള്ളതെന്നും സംസ്‌കാരം സമരം ചെയ്താല്‍ കിട്ടുന്നതല്ലെന്നും തനിക്ക് സംസ്‌കാരം കൂടിയുണ്ടെന്നും രമേഷ് പിഷാരടി വ്യക്തമാക്കി. കലാകാരന്മാര്‍ എന്നാണ് സി പിഎമ്മിന് വെറുക്കപ്പെട്ടവരായതെന്നും രമേഷ് പിഷാരടി ചോദിച്ചു. ഒപ്പം നില്‍ക്കാത്തവര്‍ വെറുക്കപ്പെടേണ്ടവര്‍ ആണെന്ന നിലപാട് ശരിയല്ലെന്നും രമേഷ് പറഞ്ഞു.