പയ്യന്നൂരില്‍ വി കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു; സ്ഥലം ഉടമയെ സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തിയതായി പരാതി

Wait 5 sec.

കണ്ണൂര്‍| കണ്ണൂര്‍ പയ്യന്നൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മുന്‍ സിപിഎം നേതാവ് വി കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു. പയ്യന്നൂര്‍ കോത്തായി മുക്കിലായിരുന്നു ഓഫീസ് നിര്‍മാണം. സ്ഥലം ഉടമയെ സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് പൊളിച്ചതെന്നാണ് പരാതി. ഭവിഷത്ത് നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയതായി വിമതര്‍ പറഞ്ഞു. ഓഫീസിന് സ്ഥലം കൊടുക്കരുതെന്ന് ചിലര്‍ പറഞ്ഞതായി സ്ഥലം ഉടമയും വ്യക്തമാക്കി.ഭീഷണിയുണ്ടെന്നും ഓഫീസ് പൊളിച്ച് തരണമെന്നും ഉടമ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് നീക്കം ചെയ്തതെന്ന് വി കുഞ്ഞികൃഷ്ണന്‍ പ്രതികരിച്ചു. തങ്ങള്‍ കാരണം മറ്റൊരാള്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന് കരുതിയാണ് ഓഫീസ് പൊളിച്ച് നീക്കിയത്. എന്നാല്‍ ജനാധിപത്യത്തെ പൂര്‍ണമായും അട്ടിമറിക്കുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും വി കുഞ്ഞികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.