തെല്‍ അവിവ് | ഇസ്‌റാഈലിലെ നിരവധി പ്രദേശങ്ങള്‍ ലക്ഷ്യംവെച്ച് ഇറാന്‍ ക്ലസ്റ്റര്‍ ബോംബുകള്‍ ഘടിപ്പിച്ച മിസൈല്‍ ആക്രമണം നടത്തി. ആക്രമണത്തില്‍ തെല്‍ അവിവില്‍ മാത്രം പതിനേഴ് പേര്‍ക്ക് പരിക്കേറ്റെന്നാണ് വിവരം. ഇസ്രായേലിന്റെ പ്രധാന ആണവ കേന്ദ്രങ്ങളുള്ള ഡിമോണ, അറാദ് എന്നിവിടങ്ങളിലായിരുന്നു പ്രധാന ആക്രമണം. 24 മണിക്കൂറിനിടെ ഇസ്‌റാഈലില്‍ 250-ലേറെ പേര്‍ക്ക് പരിക്കേറ്റെന്ന് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.ഇറാന്റെ ഏറ്റവും പുതിയ തിരിച്ചടിയില്‍ ഇസ്‌റാഈലില്‍ ആയിരത്തോളം വീടുകള്‍ തകര്‍ന്നുവീഴുകയും ചെയ്തിട്ടുണ്ട്. യുദ്ധത്തില്‍ തങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങളില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പതിനായിരത്തിലേറെ പേര്‍ ഭരണകൂടത്തിന് അപേക്ഷ നല്‍കി. ഇന്നലെ മുതല്‍ വീടുകളില്‍ നിന്ന് ഇരുന്നൂറോളം പേരെ ഒഴിപ്പിച്ചിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്ക് തുറന്നു കൊടുത്തില്ലെങ്കില്‍ ഇറാന്റെ ഊര്‍ജ്ജ നിലയങ്ങള്‍ തകര്‍ക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെ, കടുത്ത പ്രത്യാക്രമണ മുന്നറിയിപ്പുമായി ഇറാന്‍ നേരത്തെ രംഗത്തെത്തിയിരുന്നു.ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സൈനിക താവളങ്ങളെയും സഖ്യകക്ഷികളുടെ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിടുമെന്നായിരുന്നു ഇറാന്റെ ഭീഷണി. പിന്നാലെയാണ് ആക്രമണം കടുപ്പിച്ചത്. ഇറാനില്‍ നിന്ന് മാത്രം സംയമനം പ്രതീക്ഷിക്കേണ്ടെന്ന് വിദേശകാര്യ വക്താവ് ഇസ്മാഈല്‍ ബഖാഇ വ്യക്തമാക്കിയിട്ടുണ്ട്.