രാജ്യ തലസ്ഥാനത്ത് സമാധാനപരമായ ഈദ് ആഘോഷം ഉറപ്പാക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് ഹാരിസ് ബീരാന്‍ എം പി കത്തയച്ചു

Wait 5 sec.

ന്യൂഡല്‍ഹി |  വരുന്ന ഈദ് ദിനത്തില്‍ ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളിലായി മുസ്ലിങ്ങള്‍ക്കുനേരെ ആക്രമണത്തിനുള്ള ആഹ്വാനം പ്രചരിക്കുന്നത് ആശങ്കാജനകമാണെന്നും വിശുദ്ധ റമസാന്‍ മാസത്തിന് സമാപ്തി കുറിച്ചുകൊണ്ടുള്ള ഈദ്-ഉല്‍-ഫിത്വര്‍ ആഘോഷങ്ങള്‍ രാജ്യത്ത് സമാധാനപരമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ആഭ്യന്തര മന്ത്രിയുടെ ഭാഗത്തു നിന്നും അടിയന്തര ഇടപെടലുകള്‍ ഉണ്ടാവണമെന്നും ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എം പി അഡ്വ.ഹാരിസ് ബീരാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തയച്ചു.മാര്‍ച്ച് 20, 21 തീയതികളിലായി ആഘോഷിക്കപ്പെടുന്ന ഈദ്, സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും സന്ദേശമാണ് വിളംബരം ചെയ്യുന്നതെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി. അമിത് ഷാക്കും കുടുംബത്തിനും ഈദ് ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് അദ്ദേഹം കത്ത് ആരംഭിച്ചത്.ഡല്‍ഹിയിലെ ഉത്തം നഗര്‍, ഹസ്ത്സാല്‍ മേഖലകളിലെ ജെ.ജെ കോളനിയില്‍ മാര്‍ച്ച് എട്ടിന് ഹോളി ദിനത്തില്‍ ഉണ്ടായ സംഘര്‍ഷങ്ങളെക്കുറിച്ചും തുടര്‍ന്നുണ്ടായ പോലീസ് നടപടികളെക്കുറിച്ചും എം.പി കത്തില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. ഈ സംഭവങ്ങള്‍ക്ക് ശേഷം പ്രദേശത്ത് നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ പരിഗണിച്ച്, വരാനിരിക്കുന്ന പെരുന്നാള്‍ ദിനത്തില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ ഒരു വിഭാഗം ജനങ്ങള്‍ക്കിടയില്‍ വലിയ ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഡല്‍ഹി ഭരണകൂടം നിലവില്‍ സാഹചര്യം വിലയിരുത്തിയിട്ടുണ്ടാകുമെങ്കിലും, ജനങ്ങളുടെ ഭയാശങ്കകള്‍ അകറ്റുന്നതിനായി ബന്ധപ്പെട്ട നിയമപാലകര്‍ക്ക് കൃത്യമായ നിര്‍ദ്ദേശം നല്‍കണമെന്ന് അദ്ദേഹം ആഭ്യന്തര മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.രാജ്യത്തുടനീളം, പ്രത്യേകിച്ച് ഡല്‍ഹിയില്‍ ഈദ് ആഘോഷങ്ങള്‍ സമാധാനപരമായും ഐക്യത്തോടെയും നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ കേന്ദ്ര മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് സജീവമായ ഇടപെടല്‍ വേണമെന്നാണ് എം.പി ആവശ്യപ്പെട്ടിരിക്കുന്നത്. ഡല്‍ഹിയിലെ ക്രമസമാധാന നില കാത്തുസൂക്ഷിക്കുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും മുന്‍ഗണന നല്‍കണമെന്ന് കത്തില്‍ അദ്ദേഹം ഊന്നിപ്പറഞ്ഞു