കൊച്ചി| എസ്എന്‍ഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ ഉത്തരവിനെതിരെ വെള്ളാപ്പള്ളി നടേശന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത് മാറ്റി. ഹരജി പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചയിലേക്കാണ് മാറ്റിയത്. ബോര്‍ഡിലേക്ക് താല്‍ക്കാലിക പ്രതിനിധികളായി ആരെയും നിര്‍ദ്ദേശിക്കാന്‍ സര്‍ക്കാരിനെ അനുവദിക്കരുതെന്ന് വെള്ളാപ്പള്ളിയുടെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു.മാര്‍ച്ച് 16നാണ് എസ്എന്‍ഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ ഉത്തരവിനെതിരെ വെള്ളാപ്പള്ളി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. അപ്പീല്‍ ഉടന്‍ പരിഗണിക്കണമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആവശ്യം. എന്നാല്‍ അടിയന്തിരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു. എസ്എന്‍ഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെയാണ് വെള്ളാപ്പള്ളി നടേശന്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ചത്. സിംഗിള്‍ ബഞ്ച് ഉത്തരവ് നിയമവിരുദ്ധവും അധികാര പരിധിക്ക് പുറത്തുള്ളതുമാണെന്ന് കാണിച്ചാണ് അപ്പീല്‍ നല്‍കിയത്.എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശനെയും വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് തുഷാര്‍ വെള്ളാപ്പള്ളിയെയും യോഗം പ്രസിഡന്റ് ഡോ എം എന്‍ സ്വാമിയെയും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നീക്കിയിരുന്നു. കമ്പനി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള എസ്എന്‍ഡിപി യോഗം തുടര്‍ച്ചയായി മൂന്ന് വര്‍ഷം റെജിസ്ട്രര്‍ ഓഫ് കമ്പനിക്ക് കണക്കുകള്‍ ഹാജരാക്കിയിട്ടില്ല. ഇങ്ങനെ നല്‍കിയില്ലെങ്കില്‍ അയോഗ്യതയ്ക്ക് കാരണമാകും. ഇത് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വെള്ളാപ്പള്ളിയെ സ്ഥാനത്തുനിന്ന് നീക്കാന്‍ ഉത്തരവിട്ടത്.ജസ്റ്റിസ് ടി ആര്‍ രവി അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്.അന്തരിച്ച പ്രൊഫസര്‍ എം കെ സാനുവാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. കമ്പനി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംഘടനയാണ് എസ്എന്‍ഡിപി യോഗം. 2006നു ശേഷം സംഘടന ഓഡിറ്റ് കണക്കുകള്‍ അധികൃതര്‍ക്ക് സമര്‍പ്പിച്ചിട്ടില്ലെന്നും അതിനാല്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് തുടരാന്‍ അര്‍ഹതയില്ലെന്നുമായിരുന്നു ഹരജി.