ആലപ്പുഴ | കോണ്‍ഗ്രസ് പിന്തുണ ഉറപ്പിക്കാന്‍ ജി സുധാകരന്‍ തന്റെ മുന്‍ നിലപാടു തിരുത്തി. മൂന്നാം തവണയും പിണറായി വിജയന്‍ അധികാരത്തില്‍ വരുന്നതില്‍ സന്തോഷം എന്നു നേരത്തെ പറഞ്ഞതാണ് ജി സുധാകരന്‍ തിരുത്തിയത്. മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്‌നം വിഫലമാകും എന്നാണ് ജി സുധാകരന്റെ ഇന്നത്തെ ഫേസ് ബുക്ക് കുറിപ്പ്.പാര്‍ട്ടിയില്‍ നിന്നു പുറത്തുപോയി സ്വതന്ത്രനായി മത്സരിക്കുമെന്നു പ്രഖ്യാപിക്കുമ്പോഴും പിണറായി വീണ്ടും മുഖ്യമന്ത്രിയാവുന്നതില്‍ സന്തോഷം എന്നു പറഞ്ഞിരുന്നു. ഈ പ്രസ്താവന തിരുത്താതെ ജി സുധാകരനെ പിന്തുണക്കരുത് എന്നായിരുന്നു കോണ്‍ഗ്രസ്സില്‍ വലിയൊരു വിഭാഗത്തിന്റെ നിലപാട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കോണ്‍ഗ്രസ് പിന്തുണക്ക് വ്യക്തത കൈവരാത്തതില്‍ ജി സുധാകരന് കടുത്ത അസംതൃപ്തിയുണ്ടായിരുന്നു. മുഖ്യമന്ത്രിക്ക് അനുകൂലമായ തന്റെ പ്രസ്താവന തിരുത്താത്തതാണ് കോണ്‍ഗ്രസ് പിന്തുണ വൈകാന്‍ കാരണമെന്നു തിരിച്ചറിഞ്ഞാണ് അദ്ദേഹം തന്റെ പ്രസ്താവന തിരുത്താന്‍ കാരണം.ജി സുധാകരന്റെ കുറിപ്പ്: ആറു പതിറ്റാണ്ടിലേറെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനൊപ്പം അണിയായും നേതൃത്വ ഭാഗമായും പ്രവര്‍ത്തിച്ച എനിക്ക് നിര്‍ഭയമായും സത്യസന്ധമായും രാഷ്ട്രീയ പ്രവര്‍ത്തനം തുടരാനാകാത്ത സാഹചര്യമാണ് വര്‍ഷങ്ങളായി അനുഭവപ്പെടുന്നത്. അഴിമതിക്കാര്‍ക്കും ക്രിമിനല്‍- മാഫിയാ രാഷ്ട്രീയം കൈയാളുന്നവര്‍ക്കുമെതിരെയുള്ള നിലപാടിന്റെ ഭാഗമായാണ് അമ്പലപ്പുഴ അസംബ്ലി മണ്ഡലത്തില്‍ ജനകീയ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തീരുമാനമെടുത്തത്. അമ്പലപ്പുഴയുടെയും ജില്ലയുടെയും കേരളത്തിന്റെയും വികസന മുന്നേറ്റമാണ് ഈ നിലപാടിന്റെ ലക്ഷ്യം. അവസരം കിട്ടിയപ്പോള്‍ എല്ലാം വികസനം എന്താണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. അതില്‍ വിജയിച്ചതായിട്ടാണ് നാട്ടുകാര്‍ പറയുന്നത്.എന്നെ നേരിടുന്ന എല്‍ ഡി എഫിന്റെ നേതൃത്വം നിരന്തരമായി സത്യവിരുദ്ധമായ പ്രചരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളെ ബന്ധപ്പെടുമ്പോള്‍ ഈ കുപ്രചാരണങ്ങള്‍ ഒന്നും അവരെ ബാധിച്ചിട്ടില്ല എന്ന പ്രതികരണമാണ് ഉണ്ടായിട്ടുള്ളത്. മണ്ഡലമൊട്ടാകെ രാഷ്ട്രീയ വ്യത്യാസമില്ലാതെ ജാതിമത പരിഗണനകള്‍ മാറ്റിവെച്ച് നല്ലവരായ അമ്പലപ്പുഴക്കാര്‍ എനിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതായി കാണുന്നു. എനിക്കുവേണ്ടി അവര്‍ സംസാരിച്ചു കൊണ്ടിരിക്കുന്നു. നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനമാണ് അവര്‍ നടത്തുന്നത്. ഇക്കൂട്ടത്തില്‍ ഇന്നത്തെ യു ഡിഎഫില്‍ പെട്ട നൂറുകണക്കിന് പ്രവര്‍ത്തകര്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നതായി കാണുന്നു. വിജയിക്കും വരെയും അവര്‍ കൂടെ ഉണ്ടാകുമെന്ന് എന്നോട് വ്യക്തിപരമായി പോലും ഉറപ്പു തരുന്നു.ഇന്ത്യന്‍നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകര്‍ മണ്ഡലത്തില്‍ ശക്തമായും ആത്മാര്‍ത്ഥമായും എനിക്കുവേണ്ടി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നു. അവരോടെല്ലാം ഉള്ള എന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.ഇടതുപക്ഷത്തില്‍ പൊതുവേയും സിപിഎമ്മില്‍ പ്രത്യേകിച്ചും നിരവധി പാര്‍ട്ടി അംഗങ്ങളും പതിനായിരക്കണക്കിന് വോട്ടര്‍മാരും എന്നെ വിജയിപ്പിക്കും എന്ന് പ്രഖ്യാപിച്ചുകൊണ്ട് രംഗത്ത് നില്‍പ്പുണ്ട്. ഇത് ഭീഷണി രാഷ്ട്രീയത്തിനും കുപ്രചരണങ്ങള്‍ക്കും തേജോ വധങ്ങള്‍ക്കും എതിരായി സത്യ രാഷ്ട്രീയത്തിന്റെ സൂര്യപ്രഭ തെളിയിക്കാനുള്ള ചരിത്രപരമായ ഒരു പോരാട്ടമാണ്. ഇത് കേരള രാഷ്ട്രീയ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും.പിന്തുണയ്ക്കുന്ന എല്ലാ സുമനസ്സുകള്‍ക്കും നന്ദി. വിജയിക്കുന്നതുവരെ ഈ പിന്തുണ തുടരാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഇതിന്റെ നന്ദി എക്കാലവും ഉണ്ടാവും.നിര്‍ണായകമായ ഈ ചരിത്ര ഘട്ടത്തില്‍ അപമാനിക്കാനും അസഭ്യം പറയാനും കുപ്രചരണം നടത്താനും എല്‍ ഡി എഫ് നേതൃത്വം പരസ്യമായി രംഗത്ത് വന്നപ്പോള്‍ ആശ്വാസത്തിന് വചനങ്ങളുമായി പിന്തുണ പ്രവര്‍ത്തനങ്ങളുമായി രംഗത്ത് നില്‍ക്കുന്ന കോണ്‍ഗ്രസ് നയിക്കുന്ന യു ഡി എഫിന്റെ ബുദ്ധിപൂര്‍വ്വമായ നിലപാട് ചരിത്രത്തില്‍ ഒരു രജതരേഖയായി സ്ഥാനം പിടിക്കും.സിപിഎം നേതൃത്വം രാഷ്ട്രീയമായി പരാജയപെട്ടപ്പോള്‍ പ്രതിപക്ഷ നേതൃത്വങ്ങള്‍ പൊതുവേയും കോണ്‍ഗ്രസ് നേതൃത്വം പ്രത്യേകിച്ചും രാഷ്ട്രീയമായി വിജയിക്കുന്നതാണ് കാണുന്നത്. ഇതിന്റെ ഫലമായി മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്‌നം വിഫലമാകുകയാണ്.