മലപ്പുറം | ഭര്‍തൃമാതാവ് മരുമകളെ വെട്ടിക്കൊലപ്പെടുത്തി. നിലമ്പൂര്‍ കൂറ്റമ്പാറയില്‍ ഇന്ന് രാവിലെ 6.30ഓടെയാണ് സംഭവം. മലപ്പുറം കൂറ്റമ്പാറ സ്വദേശി സുനില്‍ ബാബുവിന്റെ ഭാര്യ രജില (30)യാണ് മരിച്ചത്. ഭര്‍തൃമാതാവ് ശാന്ത (72) യെ പോലീസ് കസ്റ്റഡിയിലെടുത്തു.വിറക് വെട്ടാനുപയോഗിക്കുന്ന കത്തി ഉപയോഗിച്ചാണ് ശാന്തയുടെ ആക്രമണം. ചായ ചോദിച്ചിട്ട് കിട്ടാത്തതാണ് ശാന്തയെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. മക്കളുടെ മുന്നില്‍വെച്ചാണ് വെട്ടിയത്.രജിലയുടെ ശരീരത്തില്‍ പല തവണ വെട്ടേറ്റു. കഴുത്തിനേറ്റ ഗുരുതരമായ പരുക്കാണ് മരണകാരണം. രജിലയെ മക്കള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വീട്ടില്‍വെച്ച് തന്നെ മരണം സംഭവിച്ചു. മൃതദേഹം നിലവില്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍. രജിലക്ക് രണ്ട് പെണ്‍മക്കളുണ്ട്.