മരക്കൊമ്പിലിരിക്കുന്ന ഒരു പക്ഷിയെ നോക്കൂ. ശക്തമായ കാറ്റ് വീശുമ്പോഴും അത് ശാന്തവും നിർഭയവുമായിത്തന്നെ അവിടെയിരിക്കും. താനിരിക്കുന്ന കൊമ്പ് ഒടിയുകയില്ല എന്ന് വിശ്വസിക്കുന്നത് കൊണ്ടല്ല അതിന് ആ ആത്മവിശ്വാസം മറിച്ച് മരം ആടിയുലയുമ്പോഴും ആ പക്ഷിക്ക് അതിന്റെ ചിറകുകളിൽ വിശ്വാസമുണ്ട്. മരം കടപുഴകിയാലും ആ ചിറകുകൾ അടുത്ത സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോകുമെന്ന് അതിനറിയാം. എല്ലാ പ്രഭാതത്തിലും കാലാവസ്ഥ സുഖകരമായിരിക്കണമെന്നും നമ്മുടെ ചുറ്റും ഒന്നുമൊന്നും സംഭവിക്കരുതെന്നും ഒരപകടമോ ദുരന്തമോ ഉണ്ടാവില്ലെന്നും ലോകമാകെ എരിയുന്ന ഒരു യുദ്ധം വന്നേക്കില്ലെന്നും നമുക്ക് ഉറപ്പിക്കാൻ കഴിയുമോ? ഏറ്റവും ചുരുങ്ങിയത് നാം കണ്ടുമുട്ടുന്ന ഓരോ മനുഷ്യനും നമുക്ക് സന്തോഷമാകുന്ന രീതിയിൽ തന്നെ നമ്മോട് പെരുമാറും എന്ന് നമുക്ക് വിചാരിക്കാമോ?നമ്മുടെ പ്രശ്നങ്ങളും പ്രയാസങ്ങളും ഉദ്ദേശ്യങ്ങളും സ്വപ്നങ്ങളുമൊക്കെ നമ്മോട് ബന്ധപ്പെട്ടവർ വേഗത്തിൽ മനസ്സിലാക്കും എന്ന് എങ്ങനെ പ്രതീക്ഷിക്കാം? വളരെ അപൂർവമായി മാത്രമേ നാം ചിന്തിക്കുന്ന പോലെ കാര്യങ്ങൾ നടക്കു എന്നത് ജീവിതം നമ്മെ പഠിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു പാഠമാണ്. അതുകൊണ്ടാണ് നാം നേരിടുന്ന പ്രതിസന്ധികളെയും മറ്റുള്ളവർ നമുക്ക് നൽകുന്ന അംഗീകാരത്തെയും അവർക്ക് നമ്മെക്കുറിച്ചുള്ള ധാരണകളെയും പൂർണമായി ആശ്രയിക്കാതെ സന്തോഷവാനായിരിക്കാൻ പഠിക്കുമ്പോഴാണ് ആന്തരിക സമാധാനം ആരംഭിക്കുന്നത് എന്ന് ജീവിതമറിഞ്ഞവർ പറയാറുള്ളത്. എന്റെ സന്തോഷം പൂർണമായും ദുർബലമായ ഈ “കൊമ്പിലാണ്’ എന്ന് കരുതുന്നതിന് പകരം ബന്ധങ്ങളും സാഹചര്യങ്ങളും മാറുമെന്നും ചിലപ്പോൾ ഏറ്റവും ശക്തമായ പിന്തുണാ സംവിധാനങ്ങൾ പോലും ഇളകിമറിയുമെന്നും ഉൾക്കൊണ്ട് ആത്മവിശ്വാസം, വൈകാരിക സ്ഥിരത, ക്ഷമ, കാഴ്ചപ്പാട് എന്നിങ്ങനെയുള്ള ശക്തമായ സ്വന്തം “ചിറകുകളെ’ വികസിപ്പിക്കുന്നവരുടെ ജീവിത സന്തോഷം മാത്രമേ സന്തുലിതമായി തുടരുകയുള്ളു.വനത്തിലൂടെ യാത്ര ചെയ്യുന്ന രണ്ടു പേരിൽ ഒരാൾ ചൂട്, ദൂരം, ദുഷ്‌കരമായ പാത എന്നിവയെപ്പറ്റി അസ്വസ്ഥതയോടെ പരാതിപ്പെട്ടുകൊണ്ടിരുന്നു. രണ്ടാമത്തെയാൾ ഉയരമുള്ള മരങ്ങളിലൂടെ കടന്നുപോകുന്ന സൂര്യപ്രകാശം, പക്ഷികളുടെ പാട്ട്, പൂവിൽ നിന്ന് പൂവിലേക്ക് നീങ്ങുന്ന ചിത്രശലഭങ്ങൾ, പ്രകൃതിയുടെ ശാന്തമായ താളം, സുഗന്ധം എന്നിങ്ങനെ ചുറ്റുമുള്ള സൗന്ദര്യം നിരീക്ഷിച്ചുകൊണ്ട് നിശബ്ദമായി നടന്നു. സാഹചര്യങ്ങൾക്കപ്പുറം യാത്ര പൂർണമായി ആസ്വദിക്കുന്ന രണ്ടാമത്തെയാളുടെ മാനസികാവസ്ഥ എത്ര ശക്തമാണ് എന്ന് നോക്കൂ. മനുഷ്യ മനസ്സിന് ഒരു വിചിത്രമായ ശീലമുണ്ട്, പത്ത് അനുഗ്രഹങ്ങളും ഒരു അസൗകര്യവും ലഭിക്കുകയാണെങ്കിൽ, നാം ദിവസം മുഴുവൻ ആ ഒരൊറ്റ അസൗകര്യത്തെക്കുറിച്ച് ചിന്തിച്ച് ചെലവഴിക്കും. നീണ്ട ക്യൂവിൽ നിൽക്കേണ്ടി വരുന്ന നിങ്ങൾക്ക് ഒന്നുകിൽ പാഴാക്കുന്ന സമയത്തെയും മോശം മാനേജ്മെന്റിനെയും കുറിച്ച് നിരന്തരം പരാതിപ്പെടാം അല്ലെങ്കിൽ നിശബ്ദമായി ആളുകളെ നിരീക്ഷിച്ച്, ഒരുപക്ഷേ എന്തെങ്കിലും വായിച്ച്, തിരക്കേറിയ ജീവിതത്തിൽ ലഭിച്ച അപ്രതീക്ഷിതമായ ഒരു ഇടവേള എന്ന തരത്തിൽ അത് ആസ്വദിക്കാം.ആദ്യത്തേത് വൈകാരികമായ കഷ്ടപ്പെടലും രണ്ടാമത്തെത് മധുരതരമായ സ്വാസ്ഥ്യവുമാണ്. നിരന്തരമായ താരതമ്യം, യാഥാർഥ്യബോധമില്ലാത്ത പ്രതീക്ഷകൾ, അനന്തമായ പരാതികൾ തുടങ്ങിയ അനാവശ്യ മാനസിക ഭാരങ്ങൾ നമ്മിൽ അടിച്ചേൽപ്പിക്കുന്നു. നിങ്ങൾ ഇത്രകാലവും സന്തോഷത്തോടെ കഴിഞ്ഞിരുന്ന വീട്, തൊട്ടടുത്ത് പുതിയ സൗകര്യങ്ങളോടെ മറ്റൊരു വീട് വന്ന് കഴിയുമ്പോൾ പെട്ടെന്ന് ചെറുതായത് പോലെ തോന്നും. അതുവരെ തോന്നാത്ത എത്ര വലിയ അസൗകര്യങ്ങളാണ് നമുക്ക് പിന്നീട് അനുഭവപ്പെടുക. എന്നാൽ നമ്മുടെ കാഴ്ചപ്പാട് ലളിതമാക്കുകയും നിലവിൽ ഉള്ളവയിൽ കൃതജ്ഞത വളർത്തിയെടുക്കുകയും ചെയ്യുമ്പോൾ, നമ്മുടെ കാഴ്ചകൾക്ക് ഭാരം കുറയും.സന്തോഷവും സ്വന്തത്തിലുള്ള വിശ്വാസവും പരസ്പര പൂരിതമാണ്. നാം നമ്മുടെ ആന്തരിക ശക്തിയെ വിശ്വസിക്കുമ്പോൾ, ബാഹ്യമായ സാധൂകരണങ്ങളെ മുഴുവൻ അവഗണിക്കും. ഇങ്ങനെയായാൽ ആരുടെയും വിമർശനങ്ങൾ നമ്മെ അസ്വസ്ഥരാക്കുകയോ, അതിരു കവിഞ്ഞ പ്രശംസയിൽ അടഞ്ഞു പോവുകയോ ഇല്ല. സമാധാനം തന്റെ ഉള്ളിൽ നിന്നാണ് വരുന്നതെന്ന് നമുക്ക് അനുഭവിച്ചറിയാനാകും. ജീവിതം ഒരിക്കലും പൂർണമായും സുഗമമായ ഒരു പാത നൽകില്ലെന്നും എപ്പോഴും പരുക്കൻ പാതകളും അപ്രതീക്ഷിത വഴിത്തിരിവുകളും അസുഖകരമായ നിമിഷങ്ങളും ഉണ്ടാകാമെന്നും എന്നാൽ എങ്ങനെ മുന്നോട്ട് പോകണമെന്നത് തനിക്ക് തന്നെ തിരഞ്ഞെടുക്കാമെന്ന അവബോധത്തോടെയും നന്ദിയോടെയും ആത്മവിശ്വാസത്തോടെയും നടക്കാം.നമ്മുടെ ജീവിതത്തെ മറ്റുള്ളവരുടെ നേട്ടങ്ങളുമായി താരതമ്യം ചെയ്യുകയോ അവരുടെ വാക്കിലോ പ്രവൃത്തിയിലോ അമിത പ്രതീക്ഷ വെച്ചു പുലർത്തുകയോ വേണ്ടതില്ല. കാരണം, അവരുടെ യാത്ര എന്തായിരുന്നുവെന്നും അവർ എന്തിലൂടെ കടന്നുപോകേണ്ടിവന്നുവെന്നും നമുക്ക് അറിയില്ല. പക്ഷി ശാഖയെക്കാൾ കൂടുതൽ അതിന്റെ ചിറകുകളെ വിശ്വസിക്കുന്നതു പോലെ നമുക്ക് ലഭിച്ചതിനെ വിലമതിക്കാൻ തുടങ്ങുകയും ജീവിതത്തിൽ താൻ ആഗ്രഹിക്കുന്നിടത്തേക്ക് കുതിക്കാനുള്ള ഉൾക്കരുത്ത് തനിക്കുണ്ടെന്ന് ഉറച്ചു വിശ്വസിക്കുകയും ചെയ്യുക. “നിങ്ങളുടെ മുഖം സൂര്യപ്രകാശത്തിന് നേരെ വയ്ക്കുക, നിങ്ങൾക്ക് ഒരു നിഴലും കാണാൻ കഴിയില്ല’ എന്ന് ഹെലൻ കെല്ലർ.