ഈജിപ്തിലെ വിദ്യാഭ്യാസ സമ്പ്രദായം അറബ് ലോകത്ത് തന്നെ ഏറ്റവും വലുതും വൈവിധ്യങ്ങൾ നിറഞ്ഞതുമാണ്. പ്രധാനമായും രണ്ട് സമാന്തര പാതകളിലൂടെയാണ് ഇവിടുത്തെ വിദ്യാഭ്യാസ ലോകം സഞ്ചരിക്കുന്നത്. ഒന്ന്, പാരമ്പര്യവും ആധുനികതയും സമന്വയിപ്പിച്ച അൽ-അസ്ഹർ സർവകലാശാലയുടെ വിദ്യാഭ്യാസ രീതി. രണ്ട്, ഈജിപ്ഷ്യൻ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സർക്കാർ സ്‌കൂളുകളും, ഒപ്പം വലിയ ഫീസ് ഈടാക്കുന്ന പ്രൈവറ്റ് അല്ലെങ്കിൽ ഇന്റർനാഷനൽ സ്‌കൂളുകളും. ഒരു സാധാരണ ഈജിപ്ഷ്യൻ വിദ്യാർഥി അങ്കണവാടി പ്രായം മുതൽ ഉന്നത ബിരുദങ്ങൾ വരെ പിന്നിടുന്ന ഈ രണ്ട് വ്യത്യസ്ത ലോകങ്ങളിലൂടെ നമുക്കൊന്ന് സഞ്ചരിക്കാം.നാട്ടിലെ അങ്കണവാടികൾക്കും പ്രീ-പ്രൈമറി സ്‌കൂളുകൾക്കും സമാനമായി കുട്ടികളുടെ ആദ്യാക്ഷരങ്ങൾ കുറിക്കുന്നത് രണ്ട് വ്യത്യസ്ത ഇടങ്ങളിലാണ്. മതപരമായ ചുറ്റുപാടിൽ വളരുന്ന ഒരു ഈജിപ്ഷ്യൻ കുട്ടിയുടെ അക്ഷരപഠനം തുടങ്ങുന്നത് പള്ളികളോടനുബന്ധിച്ചുള്ള “കുത്താബുകളിൽ’ നിന്നാണ്. നാലോ അഞ്ചോ വയസ്സാകുമ്പോഴേക്കും കുട്ടികളെ ഇവിടേക്കയക്കുന്നു. പ്രായമായ ശൈഖുമാർക്ക് ചുറ്റും വട്ടത്തിലിരുന്ന് കുട്ടികൾ അറബി അക്ഷരമാല പഠിക്കുകയും ഖുർആൻ മനപ്പാഠമാക്കുകയും ചെയ്യുന്നു.എന്നാൽ അൽ-അസ്ഹറിന് പുറത്ത്, സാധാരണക്കാരുടെ കുട്ടികൾ സർക്കാർ നഴ്‌സറികളായ “ഹദാന’കളിലേക്കാണ് പോകുന്നത്. സാമ്പത്തിക ശേഷിയുള്ളവരാകട്ടെ, തങ്ങളുടെ കുട്ടികളെ ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകൾക്ക് മുൻതൂക്കം നൽകുന്ന വലിയ പ്രൈവറ്റ് നഴ്‌സറികളിലേക്കോ ഇന്റർനാഷനൽ സ്‌കൂളുകളിലെ കിന്റർഗാർട്ടനുകളിലേക്കോ അയക്കുന്നു.കുത്താബുകളിലെയും നഴ്‌സറികളിലെയും അടിസ്ഥാന പഠനത്തിന് ശേഷം നീണ്ട സ്‌കൂൾ കാലഘട്ടമാണ്. ആറ് വർഷത്തെ പ്രൈമറിയും (ഇബ്തിദാഇ), മൂന്ന് വർഷത്തെ അപ്പർ പ്രൈമറിയും (ഇഅ്ദാദി) ഇതിൽ ഉൾപ്പെടുന്നു. അൽ- അസ്ഹർ സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികൾ സാധാരണ വിഷയങ്ങളായ കണക്കും സയൻസും പഠിക്കുന്നതിനൊപ്പം വിശുദ്ധ ഖുർആനും കർമശാസ്ത്രവും ആഴത്തിൽ പഠിക്കുന്നു. എന്നാൽ ജനറൽ അല്ലെങ്കിൽ പ്രൈവറ്റ് സ്‌കൂളുകളിൽ പൂർണമായും ഭൗതിക വിഷയങ്ങൾക്കാണ് ഊന്നൽ നൽകുന്നത്. ഈജിപ്തിൽ പ്രൈവറ്റ് വിദ്യാഭ്യാസ മേഖല വളരെ വലുതാണ്. ഐ ജി (IGCSE), അമേരിക്കൻ ഡിപ്ലോമ തുടങ്ങിയ സിലബസുകൾ പഠിപ്പിക്കുന്ന ഇന്റർനാഷനൽ സ്‌കൂളുകളിലാണ് ഉപരിവർഗത്തിൽപ്പെട്ട കുട്ടികൾ കൂടുതലും പഠിക്കുന്നത്.ഒരു ഈജിപ്ഷ്യൻ വിദ്യാർഥിയുടെ ജീവിതത്തിലെ നിർണായകമായ മൂന്ന് വർഷങ്ങളാണ് “മർഹല സാനവിയ്യ’ അഥവാ ഹയർ സെക്കൻഡറി കാലം. അൽ-അസ്ഹർ വിദ്യാർഥികൾ എഴുതുന്ന പ്ലസ്ടു ബോർഡ് പരീക്ഷയെ “സാനവിയ്യ അസ്ഹരിയ്യ’ എന്നും, ജനറൽ സ്‌കൂളുകളിലെ കുട്ടികൾ എഴുതുന്നതിനെ “സാനവിയ്യ ആമ്മ’ എന്നുമാണ് വിളിക്കുന്നത്. ഈ പരീക്ഷകളിലെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് സർവകലാശാലകളിൽ അവർക്ക് ഏത് കോഴ്‌സ് കിട്ടുമെന്ന് തീരുമാനിക്കുന്നത്.സാനവി പരീക്ഷയുടെ കടമ്പ കടന്നാൽ പിന്നീട് വിശാലമായ സർവകലാശാലാ (ജാമിഅ) ജീവിതമാണ്. യൂനിവേഴ്‌സിറ്റികളിലെ ഓരോ ഡിപ്പാർട്ട്‌മെന്റുകളെയും “കുല്ലിയ്യ’ എന്നാണ് വിളിക്കുക.ഇവിടെ വിദ്യാർഥികൾക്ക് മുന്നിൽ മൂന്ന് തരം ലോകങ്ങളുണ്ട്. ഒന്ന്, ലോകപ്രശസ്തമായ അൽ-അസ്ഹർ യൂനിവേഴ്‌സിറ്റി; ഇസ്്്ലാമിക വിഷയങ്ങൾക്ക് പുറമെ മെഡിസിൻ, എൻജിനീയറിംഗ് തുടങ്ങിയ ഭൗതിക ക്യാമ്പസുകളും അസ്ഹറിനുണ്ട്. കേരളത്തിൽ നിന്നും വരുന്ന വിദ്യാർഥികൾ ഭൂരിഭാഗവും ചേരുന്നത് അൽ-അസ്ഹറിന്റെ ഈ ബിരുദ ക്ലാസ്സുകളിലേക്കാണ്. രണ്ട്, ലക്ഷക്കണക്കിന് ഈജിപ്ഷ്യൻ വിദ്യാർഥികൾ പഠിക്കുന്ന കെയ്റോ യൂനിവേഴ്‌സിറ്റി, ഐൻ ശംസ് പോലെയുള്ള സർക്കാർ സർവകലാശാലകൾ. മൂന്നാമത്തേത്, ഈജിപ്തിലെ പ്രൈവറ്റ് വിദ്യാഭ്യാസത്തിന്റെ തലയെടുപ്പായ അമേരിക്കൻ യൂനിവേഴ്‌സിറ്റി ഇൻ കെയ്റോ (AUC), ജർമൻ യൂനിവേഴ്‌സിറ്റി (GUC) തുടങ്ങിയവയാണ്. ലോകോത്തര സൗകര്യങ്ങളുള്ള ഇവിടെ പഠിക്കുക എന്നത് സാമ്പത്തിക ശേഷിയുള്ള ഈജിപ്തുകാരുടെ വലിയൊരു സ്റ്റാറ്റസ് സിംബൽ കൂടിയാണ്.ബിരുദം മികച്ച നിലവാരത്തിൽ പൂർത്തിയാക്കുന്നവർക്ക് ഉപരിപഠനത്തിലേക്ക്, അതായത് “ദിറാസാത്ത് ഉൽയ’യിലേക്ക് കടക്കാം. മാജിസ്റ്റർ (Master’s Degree), ദുക്തൂറ (PhD) എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈജിപ്തിലെ ഉപരിപഠനത്തിന്റെ ഏറ്റവും മനോഹരമായ കാഴ്ച “മുനാഖശ’ എന്നറിയപ്പെടുന്ന പ്രബന്ധാവതരണമാണ്. വലിയൊരു സദസ്സിനു മുന്നിൽ, പ്രഗത്ഭരായ പ്രൊഫസർമാരുടെ പാനലിന്റെ ചോദ്യശരങ്ങളെ നേരിട്ട് വിദ്യാർഥി തന്റെ ഗവേഷണത്തെ പ്രതിരോധിച്ച് സംസാരിക്കണം.ഇത്തരത്തിൽ ഉപരിപഠനത്തിനായും അറബി ഭാഷ പഠിക്കാനായും ഈജിപ്തിലെത്തുന്ന വിദേശ വിദ്യാർഥികളുടെ പ്രധാന ആശ്രയമാണ് സ്വകാര്യ സ്ഥാപനങ്ങളായ മർകസ് ശൈഖ് സായിദും മർകസ് അൽ – നൈലും ഉൾപ്പെടെയുള്ള ഭാഷാ പഠന കേന്ദ്രങ്ങൾ. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള വിദ്യാർഥികൾ ഒരേ ക്ലാസ്സിലിരുന്ന് അറബി പഠിക്കുന്ന ഈ ക്യാമ്പസുകൾ ഭാഷാസ്‌നേഹികളുടെ സംഗമഭൂമിയാണ്. വിദ്യാർഥികളുടെ നിലവാരം അളക്കുന്ന പ്ലേസ്മെന്റ്ടെസ്റ്റിലൂടെ (തഹ്ദീദ് മുസ്തവ) അവരെ വിവിധ ലെവലുകളിലേക്ക് തിരിച്ചാണ് ഇവിടെ പഠനം ആരംഭിക്കുന്നത്. വളരെ ശക്തവും ചിട്ടയൊത്തതുമായ സിലബസിന്റെയും ഉസ്താദുമാരുമായുള്ള നിരന്തരമായ അറബി സംഭാഷണങ്ങളുടെയും പിൻബലത്തിൽ, വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ വിദേശ വിദ്യാർഥികളുടെ നാവുകളിൽ ശുദ്ധമായ അറബി ഭാഷയെ ഇവർ മനോഹരമായി വഴക്കിയെടുക്കുന്നു.ഈ പഠനകേന്ദ്രങ്ങളോട് ചേർന്ന് പ്രവർത്തിക്കുന്ന, ഇസ്്ലാമിക അന്തരീക്ഷത്തിൽ ആഗോള ദർശനമുള്ള പണ്ഡിതപ്രതിഭകളെ വാർത്തെടുക്കുന്ന വൈജ്ഞാനിക സംരംഭമാണ് “റവാഖുൽ മജ്ദ്’ (Rawaq el Majd). എസ് എസ് എൽ സി (SSLC) കഴിഞ്ഞ വിദ്യാർഥികളെയാണ് ഈ സ്ഥാപനം പ്രധാനമായും ഫോക്കസ് ചെയ്യുന്നത്. മർകസ് ശൈഖ് സായിദ്, മർകസ് നൈൽ, അൽ-അസ്ഹറിന് കീഴിലുള്ള മഅ്ഹദുകൾ എന്നിവിടങ്ങളിൽ നിന്നുള്ള അറബി ഭാഷാ പഠനത്തോടൊപ്പം തന്നെയാണ് എൽ മജ്ദിൽ പ്ലസ് വൺ, പ്ലസ് ടു പഠനം ക്രമീകരിച്ചിരിക്കുന്നത്.കേരളീയ ഉലമാഇന്റെ മഖ്ദൂമി പാരമ്പര്യം പിന്തുടരുന്ന സിലബസ് പഠിപ്പിക്കുന്നതോടൊപ്പം തന്നെ അൽ-അസ്ഹറിൽ നിന്ന് ഇസ്്ലാമിക് ബിരുദം നേടിയെടുക്കാനും ഈ സ്ഥാപനത്തിലൂടെ വിദ്യാർഥികൾക്ക് സാധിക്കുന്നു. വിശുദ്ധ ഖുർആൻ പഠനത്തിനായി ഈജിപ്തിലെ പ്രഗത്ഭ ഖാരിഉകൾക്ക് കീഴിൽ സനദ് മുത്തസിലിൽ ആക്കുന്നതോടൊപ്പം ഹിഫ്‌ള്, ദൗറ, വ്യത്യസ്ത ഖിറാഅത്തുകൾ, തജ്്വീദ്, മഖാമാത്ത് എന്നിവയിൽ ആഴത്തിലുള്ള പരിശീലനവും ഇവിടെ ഉറപ്പാക്കുന്നു. ബിരുദാനന്തരം സ്‌കോളർഷിപ്പുകളോട് കൂടി പി ജി, ഡോക്ടറേറ്റ് തുടങ്ങിയ ഉന്നത ഗവേഷണ സാധ്യതകളും റവാഖുൽ മജ്ദ് തുറന്നുനൽകുന്നുണ്ട്. ചെറിയ കുത്താബുകളിലെ ഹൽഖകളിൽ നിന്നും തുടങ്ങി ആധുനിക സർവകലാശാലകളുടെ വിശാലതയിൽ എത്തിനിൽക്കുന്ന അതിശയകരമായ ഒരു വിജ്ഞാന യാത്രയാണ് ഈജിപ്തിന്റേത്. അറിവിന്റെ ഈ മഹാസാഗരത്തിലേക്ക്, സ്വന്തം നാടിന്റെ മഖ്ദൂമി പാരമ്പര്യം കൈവിടാതെ തന്നെ ഇറങ്ങിച്ചെല്ലാൻ “റവാഖുൽ മജ്ദ്’ പോലെയുള്ള സംരംഭങ്ങൾ മലയാളി വിദ്യാർഥികൾക്ക് വലിയൊരു വഴികാട്ടിയാണ്. അൽ-അസ്ഹറിന്റെ ഈ പുണ്യഭൂമിയിൽ നിന്ന്, കാലത്തിന്റെ വെല്ലുവിളികളെ നേരിടാൻ കെൽപ്പുള്ളതും ലോകത്തിന് മുഴുവൻ പ്രകാശം പരത്തുന്നതുമായ ഒരു പുതിയ പണ്ഡിത തലമുറ നാളെ ഉയർന്നുവരിക തന്നെ ചെയ്യും.