‘ഏറ്റവും പ്രിയപ്പെട്ട ഒരാളുടെ വേദനയ്ക്കു മുന്നിൽ അയാൾ എങ്ങനെയാണ് നിലകൊള്ളുന്നു എന്നതാണ് അയാളുടെ വ്യക്തിത്വം’; വി കെ സനോജിനെക്കുറിച്ച് ഹൃദ്യമായ കുറിപ്പ്

Wait 5 sec.

ക‍ഴിഞ്ഞ ദിവസമാണ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സിപിഐഎം സ്ഥാനാർഥിപ്പട്ടിക പുറത്തു വന്നത്. മട്ടന്നൂരിലെ സ്ഥാനാർഥി വി കെ സനോജാണ്. ഇതിന് പിന്നാലെ അദ്ദേഹത്തെക്കുറിച്ചുള്ള ഹൃദ്യമായ കുറിപ്പ് സമൂഹമാധ്യമത്തിൽ വൈറലാവുകയാണ്. രജീഷ് കുമർ അഭിമന്യുവാണ് വൈകാരികമായ കുറിപ്പ് പങ്കുവെച്ചത്.ഒരാളെ വിലയിരുത്താൻ പ്രസംഗങ്ങൾ കേൾക്കുകയോ എഴുത്തുകൾ വായിക്കുകയോ ചെയ്യേണ്ടതില്ലെന്ന് വി കെ സനോജിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു തുടങ്ങുന്നു. ഏറ്റവും പ്രിയപ്പെട്ട ഒരാളുടെ വേദനയ്ക്കു മുന്നിൽ അയാൾ എങ്ങനെയാണ് നിലകൊള്ളുന്നു എന്നതാണ് അവരുടെ യഥാർത്ഥ വ്യക്തിത്വം വെളിപ്പെടുത്തുന്നത്. സഖാവ് വി കെ സനോജിന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലാണ് അദ്ദേഹത്തിലെ പച്ചയായ മനുഷ്യനെ അടുത്തറിയാൻ കഴിഞ്ഞതെന്ന് പോസ്റ്റിൽ പറയുന്നു.ALSO READ: സൂര്യതാപത്തിനും ചർമ്മരോഗങ്ങൾക്കും സാധ്യത; സംസ്ഥാനത്ത് യുവി രശ്മികൾ ശക്തമാകുന്നുവി കെ സനോജിൻ്റെ വിവാഹം നിശ്ചയിച്ചിരുന്ന സമയത്ത് തൻ്റെ പ്രിയതമ ജസ്നയ്ക്കുണ്ടായ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും തുടർന്നുള്ള ചികിത്സാ യാത്രകളും സനോജിന്റെ ജീവിതത്തിലെ കഠിനമായ പരീക്ഷണങ്ങളായിരുന്നു. മംഗലാപുരം, കൊച്ചി, വെല്ലൂർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ അക്ഷരാർത്ഥത്തിൽ ജീവനുവേണ്ടിയുള്ള ഓട്ടത്തിൽ അദ്ദേഹം ജസ്നയ്ക്ക് തണലായി നിന്നു.ഈ പ്രതിസന്ധികാലത്ത് ജസ്നയെ ഒരു കുഞ്ഞിനെപ്പോലെ കരുതലോടെ നോക്കിയ സനോജ്, അവളുടെ അച്ഛനോടൊപ്പം ഉറച്ചുനിൽക്കുകയും ഒടുവിൽ അവളെ ജീവിതത്തിലേക്ക് തിരികെ കൈപിടിച്ചു നടത്തുകയും ചെയ്തു. കരഞ്ഞും നിരാശപ്പെട്ടും, എന്നാൽ പ്രതീക്ഷ കൈവിടാതെ തന്റെ പ്രണയിനിക്കായി നിലകൊണ്ട അദ്ദേഹത്തിന്റെ അതിജീവന കഥ സിനിമാതുല്യമാണെന്ന് പോസ്റ്റിൽ പറയുന്നു.മട്ടന്നൂർ മണ്ഡലത്തിൽ വി കെ മത്സരിക്കുമ്പോൾ, മത്സരത്തിന് മുമ്പേ തന്നെ അദ്ദേഹം ജയിച്ച ഒരാളാണ്. രാഷ്ട്രീയ വിഷയങ്ങളോടൊപ്പം ജീവിതത്തിലെ ആ കഠിന ദിവസങ്ങളിൽ താൻ കണ്ട മനുഷ്യനിൽ തനിക്ക് ഉണ്ടായ വിശ്വാസം തന്നെയാണ് ഇന്ന് അദ്ദേഹത്തിന്റെ പുതിയ യാത്രയ്ക്ക് ആശംസകളും പിന്തുണയും നൽകാൻ പ്രചോദനമാകുന്നതെന്ന് പറഞ്ഞ് പോസ്റ്റ് അവസാനിക്കുന്നു.ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപംഒരാളെ വിലയിരുത്താൻ അയാളുടെ ദൈര്‍ഘ്യമേറിയ പ്രസംഗങ്ങൾ കേൾക്കുകയോ പ്രത്യയശാസ്ത്ര ഗ്രാഹ്യം നിറഞ്ഞ എഴുത്തുകൾ വായിക്കുകയോ ചെയ്യേണ്ടതില്ല. ഏറ്റവും പ്രിയപ്പെട്ട ഒരാളുടെ വേദനയ്ക്കു മുന്നിൽ അയാൾ എങ്ങനെയാണ് നിൽക്കുന്നത് എന്ന് കണ്ടാൽ മതി. മനുഷ്യൻ തന്റെ ഏറ്റവും purest form-ൽ പ്രത്യക്ഷപ്പെടുന്നത് പലപ്പോഴും അവന്റെ vulnerabilities പുറത്തുവരുന്ന നിമിഷങ്ങളിലാണ്. ശക്തിയേക്കാൾ സത്യസന്ധതയും, വാക്കുകളേക്കാൾ നിശ്ശബ്ദമായ ആശങ്കകളും, വിജയങ്ങളേക്കാൾ മനുഷ്യബന്ധങ്ങളുടെ ആഴവും അപ്പോഴാണ് തെളിഞ്ഞു കാണുന്നത്.ഞാൻ സഖാവ് വി കെ സനോജിനെ കൂടുതൽ അടുത്തറിയുന്നത്, അത്രമേൽ കനത്ത പ്രതിസന്ധികളെ വ്യക്തിജീവിതത്തിൽ അദ്ദേഹം നേരിടുന്ന ഒരു കാലത്താണ്. മംഗലാപുരത്ത് പഠിക്കുന്ന സമയത്ത് ഒരു വൈകുന്നേരമാണ് സനോജേട്ടന്റെ ഫോൺ കോൾ വരുന്നത്. “എടാ, ജസ്ന സുഖമില്ലാതെ ഒമേഗാ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്. സമയം പോലെ നീ ഒന്ന് അങ്ങോട്ട് പോകണം. അവളുടെ അച്ഛൻ കൂടെയുണ്ട്. പക്ഷേ ഭാഷാ പരിമിതി ഒരു പ്രശ്നമാണ്.”അന്ന് വൈകുന്നേരം ഞാൻ ഒമേഗയിലേക്ക് പോയി. കണ്ണൂരിലെ കൊയ്ലി ഹോസ്പിറ്റലിൽ മൂന്ന് ദിവസത്തെ കിടപ്പിന് ശേഷമാണ് ജസ്നയെ മംഗലാപുരത്തേക്ക് മാറ്റിയത്. അപ്പോഴേക്കും അവൾ നന്നേ ക്ഷീണിതയായിരുന്നു. രോഗലക്ഷണങ്ങൾ മാറിമാറി പ്രകടമായതിനാൽ ഒമേഗാ ഹോസ്പിറ്റലിലെ ഡോക്ടർമാരും രോഗാവസ്ഥ കൃത്യമായി മനസ്സിലാക്കാൻ പ്രയാസപ്പെട്ടു. അതേസമയം ജസ്ന കൂടുതൽ ക്ഷീണിതയാവുകയും ചെയ്തു.അങ്ങനെയാണ് ദേശാഭിമാനിയിലെ അനീഷേട്ടന്റെ സഹായത്തോടെ അവളെ കെ എം സി ഹോസ്പിറ്റലിലേക്ക് മാറ്റുന്നത്. അവിടെയും പത്ത് പതിമൂന്ന് ദിവസം കിടക്കേണ്ടി വന്നു. ഈ ദിവസങ്ങളത്രയും സനോജേട്ടൻ മംഗലാപുരത്തുണ്ടായിരുന്നു. ക്ലാസുകൾ ഒഴിവാക്കി ഞാനും പരമാവധി കൂടെ നിന്നു. നാട്ടിൽ നിന്ന് വിമലേട്ടനും ഷാജിയേട്ടനുംമൊക്കെയെത്തി. പക്ഷേ ഞങ്ങൾക്കാർക്കും ആശ്വസിപ്പിക്കാനാവുന്നതിലും അപ്പുറത്തായിരുന്നു സനോജേട്ടന്റെ മാനസികാവസ്ഥ.ജസ്ന സനോജേട്ടനുമായി വിവാഹം ഉറപ്പിച്ചിരുന്ന കുട്ടിയായിരുന്നു. വിവാഹ തീയതിയും കുറിക്കപ്പെട്ടിരുന്നു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് അവർ കല്യാണത്തോടടുത്തെത്തിയത്. പക്ഷേ അവരെ കാത്തിരുന്നത് ഇത്ര വലിയ പ്രതിസന്ധിയായിരുന്നു. പതിമൂന്ന് ദിവസത്തെ ചികിത്സയ്ക്കൊടുവിലാണ് കെ എം സി യിലെ ഡോക്ടർമാർ ജസ്നയെ കൊച്ചി അമൃതയിലേക്ക് കൊണ്ടുപോകാൻ നിർദേശിച്ചത്. രക്തത്തിലെ ഗുരുതരമായ അണുബാധയാണ് പ്രശ്നമെന്നും കെ എം സി യേക്കാൾ മെച്ചപ്പെട്ട സൗകര്യങ്ങള്‍ അമൃതയിലുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.എന്റെ ജീവിതത്തിൽ അതിന് മുമ്പും ശേഷവും അനുഭവിച്ചിട്ടില്ലാത്ത പിരിമുറുക്കമായിരുന്നു മംഗലാപുരത്തുനിന്ന് എറണാകുളത്തേക്ക് ജസ്നയേയും കൊണ്ടുള്ള ആ യാത്ര. സനോജേട്ടനും ജസ്നയുടെ അച്ഛനുമൊപ്പം ഞാനും വിമലേട്ടനും, കൂടെ കെ എം സി യിലെ ഒരു ഡോക്ടറും. അക്ഷരാർത്ഥത്തിൽ ജീവനും കൊണ്ടുള്ള ഒരു ഓട്ടം. ആ വാക്കിന്റെ അർത്ഥം അന്ന് നമുക്ക് യഥാർത്ഥത്തിൽ അനുഭവിച്ചറിയാനായി. അമൃതയിലും ആ ഓട്ടം നിന്നില്ല. കുറച്ച് ദിവസങ്ങൾക്ക് ശേഷം വെല്ലൂരിലേക്ക്. ഒടുവിൽ അവിടെനിന്നാണ് ജസ്ന ജീവിതത്തിലേക്ക് തിരിച്ചു വരുന്നത്.ALSO READ: “കോൺഗ്രസിനെ ക്രൈസ്തവസഭകൾക്ക് വിറ്റു” ; തൃശ്ശൂർ നഗരത്തിൽ കോൺഗ്രസിന്റെ പോസ്റ്റർ പോര്ഈ പ്രതിസന്ധി കാലമത്രയും വി കെ ഒരു കുഞ്ഞിനെപ്പോലെ ജസ്നയെ കരുതലോടെ നോക്കി. വീണുപോകാതെ താങ്ങായി നിന്നു. ഒടുവിൽ അവർ സ്വപ്നം കണ്ട ജീവിതത്തിലേക്ക് പതിയെ കൈപിടിച്ച് നടത്തിച്ചു. സിനിമയിൽ കാണുന്ന പോലെ ഒരു അതിജീവന കഥ ഞാൻ എന്റെ കൺമുന്നിൽ കണ്ടനുഭവിച്ചു. മരണത്തോട് കലഹിച്ച് ജസ്നയെ തിരിച്ചു പിടിക്കാൻ അവളുടെ അച്ഛനോടൊപ്പം വി കെ ഉറച്ച് നിന്നു. ആ ദിവസങ്ങളിൽ ഞാൻ എന്റെ മുന്നിൽ കണ്ടത് ഒരു പച്ച മനുഷ്യനെയായിരുന്നു. വൈകാരികമായ പ്രക്ഷുബ്ധതകളിൽ കരഞ്ഞും, നിരാശപ്പെട്ടും, വീണ്ടും പ്രതീക്ഷയോടെ കാത്തുനിന്നും തന്റെ പ്രണയിനിക്കായി നിലകൊണ്ട ഒരു മനുഷ്യനെ.മട്ടന്നൂർ മണ്ഡലത്തിൽ വി കെ മത്സരിക്കുമ്പോൾ, മത്സരത്തിന് മുമ്പേ തന്നെ അദ്ദേഹം ജയിച്ച ഒരാളാണെന്ന് എനിക്ക് തോന്നുന്നു. അടിമുടി ആ നാടിന്റെ സ്വത്താണ് വി കെ. മട്ടന്നൂർ കോളേജിൽ നിന്ന് തുടങ്ങിയ ആ ആത്മബന്ധം ഇന്നും അതേ പോലെ ആ നാടുമായി അദ്ദേഹത്തിനുണ്ട്.ഉറപ്പായും ജയിക്കുന്ന ആ മണ്ഡലത്തിലെ മനുഷ്യർ അത്രമേൽ ഭാഗ്യവാന്മാരാണ്. മനുഷ്യാവസ്ഥയെ അതിന്റെ വൈകാരിക പരിസരങ്ങളിൽ നിന്ന് മനസ്സിലാക്കാൻ, അവരുടെ ഹൃദയം തൊടാൻ, കൂടെ ചിരിക്കാൻ, താങ്ങും കരുത്തും കരുതലുമാകാൻ കഴിയുന്ന ഒരു ചെറുപ്പക്കാരനെയാണ് മട്ടന്നൂർ അതിന്റെ നേതൃത്വത്തിലേക്ക് കാണുന്നത്. രാഷ്ട്രീയ വിഷയങ്ങളോടൊപ്പം ജീവിതത്തിലെ ആ കഠിന ദിവസങ്ങളിൽ ഞാൻ കണ്ട മനുഷ്യനിൽ എനിക്ക് ഉണ്ടായ വിശ്വാസം തന്നെയാണ് ഇന്ന് അദ്ദേഹത്തിന്റെ ഈ പുതിയ യാത്രയ്ക്ക് ആശംസകളും പിന്തുണയും നൽകാൻ എന്റെ കാരണമാകുന്നത്.The post ‘ഏറ്റവും പ്രിയപ്പെട്ട ഒരാളുടെ വേദനയ്ക്കു മുന്നിൽ അയാൾ എങ്ങനെയാണ് നിലകൊള്ളുന്നു എന്നതാണ് അയാളുടെ വ്യക്തിത്വം’; വി കെ സനോജിനെക്കുറിച്ച് ഹൃദ്യമായ കുറിപ്പ് appeared first on Kairali News | Kairali News Live.