ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും ഗുരുതരമായ ആരോഗ്യ വെല്ലുവിളികളിലൊന്നാണ് അമിതവണ്ണം. ജീവിതശൈലിയിലുണ്ടായ മാറ്റങ്ങൾ, ഭക്ഷണശീലങ്ങളിലെ വ്യതിയാനങ്ങൾ, ശാരീരിക പ്രവർത്തനത്തിലെ കുറവ് എന്നിവ അമിതവണ്ണത്തിന്റെ വ്യാപനത്തിന് പ്രധാന കാരണങ്ങളാണ്. നമ്മുടെ ആരോഗ്യത്തെക്കുറിച്ച് കൂടുതൽ ചിന്തിക്കേണ്ടതിന്റെ ആവശ്യകത ഓർമിപ്പിച്ചുകൊണ്ടാണ് ഓരോ വർഷവും മാർച്ച് 4 ലോക അമിതവണ്ണ ദിനമായി ആചരിക്കുന്നത്.അമിതവണ്ണം വെറും ഒരു ശാരീരിക അവസ്ഥയല്ല; മറിച്ച് ഹൃദ്രോഗം, പ്രമേഹം, ഉയർന്ന രക്തസമ്മർദം, അർബുദം എന്നിവ പോലുള്ള ഗുരുതര ജീവിതശൈലീ രോഗങ്ങളിലേക്കുള്ള തുറന്ന വാതിലാണ്. 2050 ഓടെ ലോകജനസംഖ്യയുടെ അമ്പത് ശതമാനത്തിലധികം പേർ അമിതഭാരമുള്ളവരോ അല്ലെങ്കിൽ അമിതവണ്ണമുള്ളവരോ ആയിരിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇന്ത്യയിലെ നഗരപ്രദേശങ്ങളിലെ കുട്ടികളിലും കൗമാരക്കാരിലും പോലും അമിതവണ്ണവും അനുബന്ധ രോഗങ്ങളും വർധിച്ചുവരുന്നതായി റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു.ശരീരത്തിലെ കൊഴുപ്പ് ആരോഗ്യത്തിന് ഹാനികരമായ തോതിൽ കൂടുന്ന അവസ്ഥയാണ് അമിതവണ്ണം. ഇത് വിലയിരുത്താൻ സാധാരണയായി ഉപയോഗിക്കുന്ന സൂചകമാണ് ബോഡി മാസ് ഇൻഡക്‌സ് (BMI). BMI 30 അല്ലെങ്കിൽ അതിലധികം ആയാൽ അത് പൊണ്ണത്തടിയായി കണക്കാക്കപ്പെടുന്നു. അനാരോഗ്യകരമായ ഭക്ഷണരീതി, ഫാസ്റ്റ് ഫുഡ് – പ്രോസസ്ഡ് ഫുഡ് എന്നിവയുടെ അമിത ഉപയോഗം, കുറഞ്ഞ ശാരീരിക പ്രവർത്തനം, ഉറക്കക്കുറവ്, മാനസിക സമ്മർദം എന്നിവ അമിതവണ്ണത്തിന് പ്രധാന കാരണങ്ങളാണ്.അമിതവണ്ണം നിയന്ത്രിക്കുന്നതിൽ ശരിയായ ഭക്ഷണക്രമം നിർണായകമാണ്. ഭക്ഷണം കഴിക്കുമ്പോൾ അളവ് നിയന്ത്രിക്കുകയും വിശപ്പിനനുസരിച്ച് മാത്രം ഭക്ഷണം കഴിക്കുകയും ചെയ്യണം. പച്ചക്കറികൾ, പഴവർഗങ്ങൾ, മുഴുധാന്യങ്ങൾ തുടങ്ങിയ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് ദഹനത്തെ മെച്ചപ്പെടുത്തുകയും ദീർഘ സമയം വയർ നിറഞ്ഞതായി തോന്നാൻ സഹായിക്കുകയും ചെയ്യുന്നു. മധുരപാനീയങ്ങൾ, ബേക്കറി പലഹാരങ്ങൾ, അമിതമായി ഉപ്പ് അടങ്ങിയ പാക്കറ്റ് ഭക്ഷണങ്ങൾ എന്നിവ പരമാവധി ഒഴിവാക്കണം. ദിവസേന രണ്ട് മുതൽ മൂന്ന് ലിറ്റർ വരെ വെള്ളം കുടിക്കുന്നതും ഭക്ഷണം കഴിക്കുമ്പോൾ ഫോൺ , ടെലിവിഷൻ ഉപയോഗം കുറയ്ക്കുന്നതും നല്ല ശീലങ്ങളാണ്. കൂടാതെ, പയർവർഗങ്ങൾ, മുട്ട തുടങ്ങിയ പ്രോട്ടീൻ സമൃദ്ധമായ ഭക്ഷണങ്ങൾ പേശികളുടെ ആരോഗ്യത്തിന് സഹായകരമാണ്.ഭക്ഷണനിയന്ത്രണത്തോടൊപ്പം തന്നെ ശാരീരിക പ്രവർത്തനവും അത്യാവശ്യമാണ്. ദിവസേന കുറഞ്ഞത് മുപ്പത് മിനുട്ട് വേഗത്തിൽ നടക്കുന്നത് പോലുള്ള ലഘു വ്യായാമങ്ങൾ പോലും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു. ശരിയായ ഉറക്കവും മാനസിക സമ്മർദ നിയന്ത്രണവും ഈ പ്രക്രിയയിൽ നിർണായകമാണ്.അമിതവണ്ണം നിയന്ത്രിക്കൽ ഒരു ഹ്രസ്വകാല ശ്രമമല്ല; മറിച്ച് ക്ഷമയും സ്ഥിരതയുമുള്ള ദീർഘകാല ജീവിതശൈലി മാറ്റമാണ്. സോഷ്യൽ മീഡിയയിലും മറ്റും കാണുന്ന അശാസ്ത്രീയ ഡയറ്റുകൾ പിന്തുടരുന്നതിനുപകരം, അംഗീകൃത ഡയറ്റീഷ്യന്റെയോ ഡോക്ടറുടെയോ മാർഗനിർദേശത്തോടെ ശാസ്ത്രീയ സമീപനം സ്വീകരിക്കണം. പട്ടിണിയിലൂടെ അല്ല, ശരിയായ ഭക്ഷണം ശരിയായ അളവിൽ കഴിച്ചാണ് നമുക്ക് ആരോഗ്യകരമായ ഒരു തലമുറയെ സൃഷ്ടിക്കാനാകുക.