വെടിനിര്‍ത്തലിന് അപേക്ഷിച്ചിട്ടില്ല, ചര്‍ച്ചക്കുള്ള വഴി തേടിയിട്ടില്ല; ട്രംപിനെ തള്ളി ഇറാന്‍

Wait 5 sec.

തെഹ്‌റാന്‍ | ഇറാന്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം തള്ളി തെഹ്‌റാന്‍. ഇറാന്‍ വിദേശകാര്യം മന്ത്രി അബ്ബാസ് അരാഗ്ചിയാണ് ട്രംപ് പറഞ്ഞതിനെ നിരാകരിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇറാന്‍ വെടിനിര്‍ത്തലിന് അപേക്ഷിക്കുകയോ ചര്‍ച്ചക്കുള്ള വഴി തേടുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്കയുടെയും ഇസ്‌റാഈലിന്റെയും ആക്രമണങ്ങളെ അത് എത്ര നീണ്ടുപോയാലും പ്രതിരോധിക്കുമെന്നും തങ്ങളുടെ രാഷ്ട്രം ദൃഢവും ശക്തവുമാണെന്നും സി ബി എസ് ചാനലിന് നല്‍കിയ ഒരഭിമുഖത്തില്‍ അരാഗ്ചി പറഞ്ഞു.അതിനിടെ, തെഹ്‌റാന്‍, ഹമദാന്‍, ഇസ്ഫഹാന്‍ എന്നിവിടങ്ങളില്‍ യു എസ്, ഇസ്‌റാഈല്‍ സൈന്യം ആക്രമണം നടത്തി. ഇറാന്റെ പ്രത്യാക്രമണത്തില്‍ ഇസ്‌റാഈലിലെ നിരവധി നഗരങ്ങളില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചതായും റിപോര്‍ട്ടുണ്ട്. ബഗ്ദാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിനും യു എസ് നയതന്ത്ര കാര്യാലയം സ്ഥിതി ചെയ്യുന്ന ഇടത്തും ഇറാന്‍ ആക്രമണം നടത്തി. ബഹറൈന്‍, കുവൈത്ത്, ഖത്വര്‍ എന്നിവിടങ്ങളില്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളെ പ്രതിരോധിച്ചതായി സഊദി അറേബ്യയില്‍ നിന്നുള്ള റിപോര്‍ട്ട് വ്യക്തമാക്കി.വടക്കന്‍ ലബനാനില്‍ ഇസ്‌റാഈല്‍ പുതിയ ആക്രമണങ്ങള്‍ നടത്തി. ലബനാനില്‍ ഇതുവരെ 850 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ നൂറിലധികം പേര്‍ കുട്ടികളാണ്. ഇറാനുമായുള്ള യുദ്ധം അടുത്ത കുറച്ചാഴ്ചകള്‍ക്കുള്ളില്‍ അവസാനിക്കുമെന്നാണ് യു എസ് ഊര്‍ജ സെക്രട്ടറി ക്രിസ് റൈറ്റ് പ്രതികരിച്ചത്.