നീലഗിരി | പരീക്ഷയില്‍ ജയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി മെഡിക്കല്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ഡോക്ടര്‍ അറസ്റ്റില്‍. നീലഗിരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡിലെ ഡോക്ടര്‍ ഓം പ്രകാശ്(44) ആണ് അറസ്റ്റിലായത്.സര്‍വകലാശാലാ അധികൃതരുമായുള്ള തന്റെ സ്വാധീനം ഉപയോഗിച്ച് മാര്‍ക്ക് വാങ്ങിത്തരാമെന്ന് പറഞ്ഞ് 22 വയസുകാരിയായ വിദ്യാര്‍ഥിനിയെ ഇയാള്‍ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് സിവകാര്യ ഹോട്ടലിലെത്തിച്ച് മദ്യം നല്‍കി പീഡിപ്പിക്കുകയും പീഡന ദൃശ്യങ്ങള്‍ ഇയാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.സംഭവത്തിന് പിന്നാലെ വിദ്യാര്‍ഥിനിയും അധ്യാപകനും തമ്മിൽ തർക്കമുണ്ടായി. ഹോട്ടൽ മുറിയിൽ ഇരുവരും തമ്മിലുണ്ടായ തർക്കവും പെൺകുട്ടിയുടെ കരച്ചിലും ശ്രദ്ധയിൽപ്പെട്ട ജീവനക്കാരാണ് വിവരം പോലീസിനെ അറിയിച്ചത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തുവന്നത്.പ്രതിയായ ഓം പ്രകാശ് രണ്ട് വിവാഹം കഴിച്ചിട്ടുണ്ടെങ്കിലും ഇയാള്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. സമാനമായ രീതിയില്‍ ഇയാള്‍ മറ്റ് വിദ്യാര്‍ഥിനികളെയും കെണിയില്‍പ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിച്ചുവരികയാണ്.