ന്യൂഡല്‍ഹി| പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പിള്ളിക്ക് സീറ്റില്ലെന്ന് വിവരം. സ്ഥാനാര്‍ത്ഥിത്വം ഹൈക്കമാന്റ് തടഞ്ഞുവെച്ചിരിക്കുകയാണ്. എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ലൈംഗിക പീഡന കേസ് ഉള്ളതിനാലാണ് തീരുമാനം. എല്‍ദോസിനെതിരായ കേസ് 26 ന് വരുന്നതിനാല്‍ സ്ഥാനാര്‍ത്ഥിത്വം അനുവദിക്കാനാവില്ലെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്.ഉല്ലാസ് തോമസ്, മനോജ് മൂത്തേടം എന്നിവരാണ് പരിഗണനയിലുള്ളത്. മനോജ് മൂത്തേടത്തിനു വേണ്ടി സഭാ നേതൃത്വം ഇടപെടല്‍ നടത്തിയിട്ടുണ്ട്. കത്തോലിക്കാ സഭയിലെ എറണാകുളം അങ്കമാലി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗമാണ് മനോജ് മൂത്തേടം.എല്‍ദോസിനെ മാറ്റി എ ഗ്രൂപ്പുകാരനായ മനോജ് മൂത്തേടന് സീറ്റ് കൊടുക്കാനുള്ള നീക്കത്തില്‍ രമേശ് ചെന്നിത്തല കടുത്ത അതൃപ്തിയിലാണ്. എല്‍ദോസിനെ മാറ്റുകയാണെങ്കില്‍ ഐ ഗ്രൂപ്പുകാരനായ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിന് സീറ്റ് നല്‍കണമെന്നാണ് ചെന്നിത്തലയുടെ ആവശ്യം.ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെയും അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ടി എച്ച് മുസ്തഫയുടെ മകന്‍ സക്കീര്‍ ഹുസൈന്റെയും പേരുകളും പെരുമ്പാവൂരിലെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ ഇടം പിടിച്ചിട്ടുണ്ട്.