ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചക്കു ശേഷവും തനിക്ക് സീറ്റ് നിഷേധിച്ച ഹൈക്കമാന്‍ഡ് നടപടിയില്‍ മുറിവേറ്റ മുന്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ തുടര്‍ നീക്കങ്ങളില്‍ കണ്ണുനട്ട് കേരളം. ഇന്ന് ഉച്ചക്കു 12 മണിക്ക് വാര്‍ത്താ സമ്മേളനം നടത്തുമെന്ന് കെ സുധാകരന്‍ അറിയിച്ചു. കൈപ്പത്തിചിഹ്നം ഇല്ലാതെ സുധാകരന്‍ മത്സര രംഗത്ത് ഇറങ്ങുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.സുധാകരന്‍ മത്സരത്തിനിറങ്ങിയാല്‍ അദ്ദേഹത്തെ പിന്തുണക്കുന്ന കാര്യം സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ ആലോചന നടക്കുന്നുണ്ട്. കണ്ണൂരിലെ കോണ്‍ഗ്രസ് നേതാക്കളുമായും വിവിധ ജില്ലകളിലെ കെ എസ് ബ്രിഗേഡ് നേതാക്കളുമായും സുധാകരന്‍ ആശയ വിനിമയം നടത്തുകയാണ്. കടുത്ത തീരുമാനങ്ങള്‍ എടുക്കുകയാണെങ്കില്‍ സുധാകരന്‍ ആദ്യം, കെ പി സി സി പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയപ്പോള്‍ പാര്‍ട്ടി നല്‍കിയ പ്രവര്‍ത്തക സമിതി അംഗത്വം രാജിവയ്കും. എല്ലാ വേദനയും സഹിച്ച് കെ സുധാകരന്‍ വീട്ടിലേക്ക് മടങ്ങില്ല എന്നു തന്നെയാണ് വിലയിരുത്തപ്പെടുന്നത്.110 ശതമാനം സീറ്റുറപ്പിച്ചു ഡല്‍ഹിക്കുപോയ കെ സുധാകരന്‍ എം പിമാര്‍ മത്സരിക്കേണ്ടെന്ന ഹൈക്കമാന്‍ഡ് തീരുമാനം വന്നതോടെ എന്തു നിലപാട് സ്വീകരിക്കുമെന്നത് ആശങ്കയോടെയാണ് യു ഡി എഫ് ഉറ്റുനോക്കുന്നത്. കെ സുധാകരന് സീറ്റ് നല്‍കിയാല്‍ താന്‍ മണ്ഡലത്തിനു പുറത്ത് പ്രചാരണത്തിനു പോകില്ല എന്നതടക്കം കടുത്ത നിലപാട് വി ഡി സതീശന്‍ തീരുമാനിച്ചത് സുധാകരന് തിരിച്ചടിയായി.സീറ്റില്ലാതെ ഡല്‍ഹിയില്‍ നിന്ന് മടങ്ങില്ലെന്ന പിടിവാശിയില്‍ ഫ്‌ളാറ്റില്‍ തുടരുകയായിരുന്നു കെ സുധാകരന്‍. അര്‍ധരാത്രിവരെ സീറ്റുനിര്‍ണയ ചര്‍ച്ചകളുടെ വാര്‍ത്തകള്‍ നിരീക്ഷിച്ച സുധാകരന്‍ സീറ്റില്ലെങ്കിലും മത്സരിക്കും എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. ‘ബാക്കി നാളെ നോക്കാം’ എന്ന് മാത്രം സഹായികളോട് പറഞ്ഞാണ് സുധാകരന്‍ ഉറങ്ങാനായി പോയതെന്നാണ് വിവരം.സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമം ഹൈക്കമാന്‍ഡ് തുടരും. സുധാകരന്‍ വഴങ്ങുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന നേതൃത്വം.ഡല്‍ഹിയിലെ ചര്‍ച്ചകളില്‍ തുടക്കം മുതല്‍ സംസ്ഥാന നേതൃത്വം സുധാകരന് എതിരായ നിലപാട് എടുക്കുകയായിരുന്നു. ഇതിനോട് യോജിച്ച ഹൈക്കമാന്‍ഡ് നിലപാട് ഒരു ഘട്ടത്തിലും മാറ്റിയില്ല. ശക്തമായ സമ്മര്‍ദ്ദം വന്നെങ്കിലും ഹൈക്കമാന്‍ഡ് വഴങ്ങാതെ വന്നതോടെ സുധാകരന് തിരിച്ചടിയായി. സീറ്റ് ലഭിക്കാത്തതില്‍ അടൂര്‍ പ്രകാശും കടുത്ത അതൃപ്തിയിലാണ്.