വാൻഡൈക്: സാമ്രാജ്യത്വത്തിന്റെ ചട്ടുകം?

Wait 5 sec.

ഞെട്ടിക്കുന്ന വിവരങ്ങളാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ ഐ എ) പിടിയിലായ അമേരിക്കന്‍ പൗരന്‍ മാത്യുവാന്‍ഡൈകിനെക്കുറിച്ച് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഡോക്യുമെന്ററി സംവിധായകനായും മാധ്യമ പ്രവര്‍ത്തകനായും മ്യാന്മറിലും ഇന്ത്യയുടെ വടക്കു കിഴക്കന്‍ മേഖലകളിലും വിഹരിച്ചിരുന്ന ഇയാള്‍, യഥാര്‍ഥത്തില്‍ ഇന്ത്യയുടെ സ്വാസ്ഥ്യം കെടുത്തിക്കൊണ്ടിരിക്കുന്ന തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ആയുധപ്രയോഗത്തിലും ഡ്രോണ്‍ യുദ്ധമുറകളിലും പരിശീലനം നല്‍കുകയും തന്ത്ര പരമായ ഉപദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന കൊടും ഭീകരനാണെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് മാത്യു വാന്‍ഡൈകിനെ എന്‍ ഐ എ അറസ്റ്റ് ചെയ്തത്. ഇയാളുടെ സംഘത്തില്‍പ്പെട്ട ആറ് യുക്രൈന്‍ പൗരന്മാരും പിടിയിലായിട്ടുണ്ട്.2011ലെ ലിബിയന്‍ ആഭ്യന്തര യുദ്ധകാലത്ത് ഗദ്ദാഫിവിരുദ്ധര്‍ക്കൊപ്പം തോക്കേന്തിയതോടെയാണ് മാത്യു വാന്‍ഡൈക് രാജ്യാന്തര ശ്രദ്ധനേടുന്നത്. പിന്നീട് ഇറാഖിലെ ക്രിസ്ത്യന്‍ സായുധ ഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കിയ വാന്‍ഡൈക്, വിവിധ രാജ്യങ്ങളിലെ പ്രാദേശിക സായുധ ഗ്രൂപ്പുകള്‍ക്ക് പരിശീലനവും തന്ത്രപരമായ ഉപദേശങ്ങളും നല്‍കുന്നതിന് ‘സണ്‍സ് ഓഫ് ലിബര്‍ട്ടി ഇന്റര്‍നാഷനല്‍'(എസ് ഒ എല്‍ ഐ) എന്ന പേരില്‍ ഒരു സംഘടന രൂപവത്കരിച്ച് പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഇന്ത്യയിലെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ നിരോധിത തീവ്രവാദ സംഘടനകള്‍ക്ക് ആയുധങ്ങള്‍ നല്‍കി സഹായിച്ചിരുന്ന എസ് ഒ എല്‍ ഐ മ്യാന്മറിലെ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് അതിര്‍ത്തി കടന്നുള്ള ആക്രമണം നടത്താന്‍ അത്യാധുനിക ഡ്രോണുകള്‍ ഉപയോഗിച്ച് പരിശീലനവും നല്‍കിയിരുന്നു. വിഘടനവാദ ഗ്രൂപ്പുകള്‍ ഈ വിദ്യ സ്വായത്തമാക്കുന്നത് അതിര്‍ത്തിയിലെ ഇന്ത്യന്‍ സൈനിക വിന്യാസത്തിന് വെല്ലുവിളിയാണ്.എന്തിനാണ് അമേരിക്കയിലെ ബോള്‍ട്ടിമോര്‍ സ്വദേശിയായ മാത്യു വാന്‍ഡൈക്, ഡോക്യുമെന്ററി സംവിധായകന്റെ വേഷമണിഞ്ഞ് ഇന്ത്യയുടെ വടക്കു കിഴക്കന്‍ മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത്? ആര്‍ക്കു വേണ്ടിയാണ് ഇയാള്‍ രംഗത്തിറങ്ങിയത്? ഒരു വ്യക്തിയുടെ നിയമ ലംഘനമെന്നതിനപ്പുറം ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന ആയുധ ലോബികള്‍ക്കും ചാരസംഘടനകള്‍ക്കും വേണ്ടിയാണ് മാത്യു വാന്‍ഡൈക് പ്രവര്‍ത്തിക്കുന്നതെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. അന്താരാഷ്ട്രതലത്തില്‍ യു എസിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ അമേരിക്കന്‍ ചാരസംഘടനയായ സി ഐ എ ഇത്തരം തീവ്രവാദികളെ ഉപയോഗപ്പെടുത്താറുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും പശ്ചിമേഷ്യയിലും സി ഐ എ മുമ്പ് ഇത്തരം പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. വളര്‍ന്നുവരുന്ന സാമ്പത്തിക ശക്തിയായ ഇന്ത്യയുടെ ആഭ്യന്തര സമാധാന തകര്‍ച്ച അമേരിക്കന്‍ സാമ്രാജ്യത്വ താത്പര്യവുമാണ്. റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ പങ്കെടുത്ത ആറ് യുക്രൈന്‍ പൗരന്മാര്‍ കൂടി മാത്യു വാന്‍ഡൈകിനൊപ്പം പിടിയിലായത് ഈ ഗൂഢാലോചനയുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നു. നേരിട്ട് ഇടപെടുന്നില്ലെങ്കിലും രാഷ്ട്രീയ കരുനീക്കങ്ങളിലൂടെയും രഹസ്യമായ വിവര ശേഖരണത്തിലൂടെയും കശ്മീര്‍ സംഘര്‍ഷത്തില്‍ കാലങ്ങളായി സി ഐ എ അദൃശ്യ പങ്ക് വഹിക്കുന്നുണ്ടെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങളുടെ വിലയിരുത്തല്‍. മാധ്യമ പ്രവര്‍ത്തനത്തിന്റെ മറവില്‍ വാന്‍ഡൈക്, രാജ്യത്തെ പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട തന്ത്രപ്രധാന വിവരങ്ങള്‍ ശേഖരിക്കുകയും വിദേശ ഏജന്‍സികള്‍ക്ക് കൈമാറുകയും ചെയ്യുന്നതായും സംശയിക്കപ്പെടുന്നു. വടക്കു കിഴക്കന്‍ മേഖലയില്‍ ഇയാള്‍ അത്യന്താധുനിക ആയുധങ്ങള്‍ എത്തിച്ചിരുന്നത് സുരക്ഷാ സേനക്ക് കടുത്ത ഭീഷണിയായിരുന്നു.സംഘര്‍ഷങ്ങള്‍ എന്നും ലാഭകരവും ആഹ്ലാദകരവുമാണ് അനധികൃത ആയുധ വിപണന ലോബിക്ക്. വടക്കു കിഴക്കന്‍ ഇന്ത്യയിലെയും കശ്മീരിലെയും അശാന്തിയും സംഘര്‍ഷവും വലിയ വിപണിയാണ് അന്താരാഷ്ട്ര ആയുധ ഇടപാടുകാര്‍ക്ക്. മ്യാന്മര്‍, തായ്ലാന്‍ഡ് വഴി ഇന്ത്യന്‍ അതിര്‍ത്തി പ്രദേശങ്ങളിലെത്തുന്ന നിയമവിരുദ്ധ ആയുധങ്ങളില്‍ പാശ്ചാത്യന്‍ രാജ്യങ്ങളില്‍ നിര്‍മിച്ച ആയുധങ്ങള്‍ ധാരാളമായി കാണപ്പെടുന്നത് യാദൃച്ഛികമല്ല. അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ നിന്ന് പിന്മാറിയപ്പോള്‍ അവിടെ ഉപേക്ഷിച്ചു പോയ ആയുധങ്ങള്‍ കശ്മീരിലെ തീവ്രവാദികളുടെ കരങ്ങളിലെത്തിയതും ആയുധക്കടത്ത് ലോബിയുടെ സ്വാധീനത്തെ തുടര്‍ന്നായിരുന്നു. ശാക്തിക രാജ്യങ്ങളുടെ പ്രധാന സാമ്പത്തിക അടിത്തറകളിലൊന്ന് ആയുധ നിര്‍മാണമാണെന്നിരിക്കെ, സമാധാനപരമായ ഏഷ്യയും ഇന്ത്യയും അവര്‍ക്ക് പഥ്യമാകില്ല. ഈ മേഖലകളില്‍ നിരന്തര സംഘര്‍ഷമാണ് അവര്‍ ആഗ്രഹിക്കുന്നത്. ഇതിന് ചട്ടുകമായി പ്രവര്‍ത്തിക്കുന്നതിന് മാത്യു വാന്‍ഡൈകിനെ പോലെയുള്ളവര്‍ക്ക് വന്‍തോതില്‍ ഫണ്ടിംഗ് ലഭിക്കുന്നുണ്ടെന്നാണ് വിവരം. കശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനത്തെ പാകിസ്താനുമായി മാത്രം ബന്ധപ്പെടുത്തിയാണ് അധികൃതര്‍ കാണാറുള്ളത്. അന്താരാഷ്ട്ര ശക്തികളുടെ കരങ്ങളും ഇതിനു പിന്നിലുണ്ടെന്നാണ് മാത്യുവിനെക്കുറിച്ച് പുറത്തുവന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്.മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് ഇയാള്‍. ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ സാമ്രാജ്യത്വ ശക്തികളുടെ ചട്ടുകങ്ങളില്‍ ഒന്ന് മാത്രമായിരിക്കാം. തങ്ങള്‍ക്ക് നേരിട്ട് സൈന്യത്തെ അയക്കാനും പ്രത്യക്ഷ യുദ്ധം ചെയ്യാനും പ്രയാസമുള്ള ഇടങ്ങളില്‍ ശാക്തിക രാജ്യങ്ങള്‍ വാന്‍ഡൈകിനെ പോലെയുള്ളവരെ ഉപയോഗിച്ച് സായുധ ഗ്രൂപ്പുകളെ സംഘടിപ്പിക്കുകയും പ്രാദേശിക തര്‍ക്കങ്ങള്‍ ആളിക്കത്തിച്ച് രാജ്യത്തെ ഭരണകൂടത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യാറുണ്ട്. മിഡില്‍ ഈസ്റ്റിലെയും ലാറ്റിനമേരിക്കയിലെയും ഭരണ മാറ്റങ്ങള്‍ക്കായി അവര്‍ കൂലിപ്പോരാളികളെ നിയോഗിച്ചിരുന്നു. ദേശീയ സുരക്ഷക്ക് കടുത്ത ഭീഷണി സൃഷ്ടിക്കുന്ന ഇത്തരം അനധികൃത ഗ്രൂപ്പുകള്‍ക്കെതിരെയും സാമ്രാജ്യത്വ ചട്ടുകങ്ങള്‍ക്കെതിരെയും രാജ്യത്തെ ഇന്റലിജന്‍സ് വൃത്തങ്ങള്‍ കടുത്ത ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.